സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ലോണ്‍ എടുക്കുന്നവർ നിരവധിയാണ്. രേഖകളുമായി ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ദിവസങ്ങളോളം കയറി ഇറങ്ങേണ്ടി വരും എന്നതാണ് ഇതിൻ്റെ ഏറ്റവും പ്രയാസമായി ആളുകള്‍ കാണുന്നത്. എന്നാല്‍ ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ വീട്ടിലിരുന്നു ലോണ്‍ എടുക്കാൻ കഴിയുന്ന പുതിയ കാലത്താണ് നമ്മള്‍ ജീവിക്കന്നത്. മിനിറ്റുകള്‍ക്കകം ലോണ്‍ ലഭിക്കുന്ന ലോണ്‍ ആപ്പുകളുടെ വളയത്തില്‍ ജീവിതം തകർന്ന അനേകം പേരുടെ വാർത്തകളാണ് ചുറ്റും.എളുപ്പത്തില്‍ പണം ലഭിക്കാനുള്ള ആഗ്രഹമാണ് മലയാളികളടക്കം ഓണ്‍ ലൈൻ ആപ്പുകളെ തേടി പോകാൻ കാരണം. ആധാർ കാർഡും പാൻ കാർഡും മാത്രം രേഖയായി നല്‍കിയാല്‍ ശരാശരി സിബില്‍ സ്കോർ പോലുമില്ലാതെ ആപ്പിലൂടെ ലോണ്‍ ലഭിക്കും. ഓരോ ആപ്പുകളിലും ഓരോ പലിശ രീതികളാണ് പരീക്ഷിക്കുന്നത്. ലോണ്‍ നല്‍കുന്നതിനും തിരിച്ചടവിനും വ്യത്യസ്ഥ മാർഗങ്ങളാണ് സ്വീകരിക്കുന്നതും.

വലിയ രേഖകള്‍ ഒന്നും ആവശ്യമില്ലാതെ വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ഈ ആപ്പുകള്‍, പലപ്പോഴും 100 ശതമാനത്തില്‍ കൂടുതല്‍ പലിശ വരെ ഈടാക്കുന്നു. പിന്നീട് വായ്പകള്‍ യഥാസമയം തിരിച്ചടയ്ക്കാൻ കഴിയാത്ത ഉപഭോക്താക്കളെ ഭീമമായ പലിശ നിരക്കില്‍ ഭീഷണിപ്പെടുത്തുന്നു. മിക്ക ആപ്പുകളും ഉപയോക്താക്കളോട് ടെക്സ്റ്റുകള്‍, ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍ എന്നിവ ഇൻസ്റ്റാള്‍ ചെയ്യുമ്പോള്‍, ക്യാമറയിലേക്ക് പോലും ആക്‌സസ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. തുടർന്ന് ആപ്പുകള്‍ കോണ്‍ടാക്റ്റ് ലിസ്റ്റുകളും ഫോട്ടോകളും പകർത്തി ഇരകളെ ഉപദ്രവിക്കാൻ ഉപയോഗിക്കുന്നു. ഇതാണ് സാധാരണയായി കണ്ടുവരുന്ന രീതി.സിങ്കിള്‍, ഡ്യുവല്‍ എന്നിങ്ങനെയാണ് ആപ്പുകളുടെ പ്രവർത്തനം. സിങ്കിള്‍ ആപ്പുകളില്‍ നിന്ന് അയ്യായിരത്തില്‍ താഴെ മാത്രമെ വായ്‌പയായി നല്‍കും. ഡ്യുവല്‍ ആപ്പുകള്‍ ആമ്പതിനായിരം വരെ നല്‍കും. ഒരാഴ്ചക്കുള്ളില്‍ തുക തിരിച്ചടക്കണം. അവസാന ദിവസത്തിന് തൊട്ട് മുമ്പ് പണം തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം എത്തി തുടങ്ങും. കൃത്യമായി തിരികെ നല്‍കിയില്ലെങ്കില്‍ പിന്നെ പല തരത്തിലുള്ള ഭീഷണികളായിരിക്കും ഉണ്ടാവുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പല രൂപത്തിലും ഭാവത്തിലും നമുക്ക് ചുറ്റുമുള്ള ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങള്‍ സ്ത്രീകള്‍,തൊഴില്‍ രഹിതർ എന്നിവരെയാണ് ലക്ഷ്യം വയ്ക്കുന്നത്.ലോണെടുക്കാൻ സാധാരണയായി ബാങ്കിനെയോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തെയോ സമീപിച്ചാല്‍ രേഖകളും ക്രെഡിറ്റ് സ്കോറും പരിശോധിക്കുക പതിവാണ്. മുഴുവൻ സാമ്പത്തിക വിവരങ്ങളും പരിശോധിച്ചാണ് സിബില്‍ സ്കോർ ലഭിക്കുന്നത്. മിനിമം സ്കോർ എങ്കിലും ഉണ്ടെങ്കിലേ ഇവിടങ്ങളില്‍ ലോണും ക്രെഡിറ്റ് കാർഡും അനുവദിക്കൂ. എന്നാല്‍, ലോണ്‍ ആപ്ലിക്കേഷനില്‍നിന്ന് ലോണ്‍ എടുക്കാൻ സിബില്‍ സ്കോറിന്റെ ആവശ്യമില്ല. രേഖകളൊന്നും നല്‍കുകയും വേണ്ട. അപ്പോള്‍ തന്നെ അതിന്റെ ചതികുഴിയും മനസിലാക്കാം.കോവിഡിന്റെ കാലത്താണ് ഈ ആപ്പുകളുടെ ഉപയോഗം വർധിച്ചത്, പല ബിസിനസുകളും അടച്ചുപൂട്ടുകയോ നഷ്ടത്തിലാവുകയോ ചെയ്തതോടെ, ഗണ്യമായ ആളുകള്‍ തൊഴിലില്ലാത്തവരും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുമായി. 2020 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെ ലോക്കല്‍ സർക്കിള്‍ നടത്തിയ ഒരു സർവേ പ്രകാരം, ഇന്ത്യക്കാരില്‍ 14 ശതമാനം പേർ രണ്ട് വർഷത്തിനിടെ ഇത്തരം ആപ്പുകള്‍ ഉപയോഗിച്ചു എന്നാണ്. ലോണ്‍ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുമ്പോള്‍, ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ക്ക് കോണ്‍ടാക്റ്റ് ഡാറ്റ ആക്‌സസ് ചെയ്യുന്നതിനോ ഫോണിന്റെ ക്യാമറ ഉപയോഗിച്ച്‌ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനോ പോലും യാന്ത്രികമായി അനുമതി നല്‍കുന്ന പ്രവണത കാണിക്കുന്നു. എന്നിരുന്നാലും ആപ്പ് പ്രവർത്തിക്കുന്നതിന് ഈ അനുമതികളില്‍ ചിലത് നിർബന്ധമല്ല.

മലയാളികള്‍ക്ക് ഇടയില്‍ ലോണ്‍ ആപ്പുകളുടെ ഉപയോഗം സാധാരണമാണ്. മറ്റു സൈബർ തട്ടിപ്പുകളില്‍ പെടുന്നതില്‍ പ്രായം ഒരു ഘടകം അല്ലെങ്കിലും ലോണ്‍ ആപ്പ് കാരണം ദുരിതം അനുഭവിച്ചവരില്‍ ഏറിയവരും യുവാക്കളാണ്. ഒട്ടേറെ യുവാക്കളാണു ലോണ്‍ ആപ്പിന്റെ ചതിക്കുഴിയില്‍ വീഴുന്നത്. കോവിഡ് കാലത്ത് വ്യാപകമായ ലോണ്‍ ആപ്പുകള്‍ അവസാനമായി മലയാളികളെ ഞെട്ടിച്ചത് 2026 ജനുവരിയില്‍ പാലക്കാട് മേനോൻ പാറ സ്വദേശി അജീഷ് (33 ) ജീവനൊടുക്കിയപ്പോഴാണ്.ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയാണ് അജീഷ് മരിക്കാൻ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഭീഷണിയുണ്ടായെന്ന് ബന്ധുക്കള്‍ പറയുന്നു. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം അജീഷിന്റെ ഫോണിലേക്ക് വന്ന സന്ദേശങ്ങളും കോളുകളും കണ്ടാണ് ബന്ധുക്കള്‍ പൊലീസിനു പരാതി നല്‍കിയത്. റൂബിക് മണി’ എന്ന ലോണ്‍ ആപ്പില്‍ നിന്ന് അജീഷ് പണം കടം വാങ്ങിയിരുന്നു.

6000 രൂപയാണ് അജീഷ് ലോണ്‍ എടുത്തത്. എല്ലാ ആഴ്‌ചയും ആയിരം രൂപ വെച്ച്‌ അടക്കണമെന്നാണ് ആവശ്യം. ഇതിനിടെ തിരിച്ചടവ് വൈകിയപ്പോഴാണ് ഭീഷണി വന്നുതുടങ്ങിയത്. അപരിചിതമായ ഒരു നമ്പറില്‍ നിന്ന് ഭീഷണികള്‍ വന്നതായി ബന്ധുക്കള്‍ പറഞ്ഞു. അജീഷിൻ്റെ മോർഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.അജീഷിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല. തൊട്ട് മുമ്പ് 2025 നവംബറിലാണ് സമൂഹ മാധ്യമങ്ങളിലെ സിപിഎം പ്രചാരകനായിരുന്ന അബു അരീക്കോടിന്റെ അസ്വാഭാവിക മരണത്തില്‍ ലോണ്‍ ആപ്പിന്റെ ഇടപെടല്‍ കാരണമായി എന്ന വിവരങ്ങള്‍ പുറത്തു വന്നത്. സുഹൃത്തുക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളും കമന്റുകളും ആരോപണത്തിന് സാധുത നല്‍കുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്.വെഞ്ഞാറംമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന് തൻ്റെ സാമ്പത്തിക ബാധ്യത തീർക്കാനായി ലോണ്‍ ആപ്പുകളില്‍ നിന്ന് പണം എടുത്തിരുന്നെന്ന് അമ്മ ഷെമി പറയുകുയുണ്ടായി. ലോണ്‍ ആപ്പുകളില്‍ ദിവസം 2,000 രൂപ വരെ അടയ്ക്കേണ്ടിയിരുന്നതായി അറിയാമെന്നും ഷെമി പറഞ്ഞു.ലോണ്‍ ആപ്പുകളില്‍ അടയ്ക്കാനായി പലപ്പോഴും അഫാൻ പണം ചോദിച്ചിരുന്നു. കയ്യിലുള്ളതെല്ലാം കൊടുത്ത് പണം തീർന്നപ്പോള്‍ കുഞ്ഞുമ്മയുടെ അടുത്തുനിന്ന് പണം വാങ്ങാൻ പോയി എന്നും അവർ പറഞ്ഞു. ഇത്തരത്തില്‍ ലോണ്‍ ആപ്പുകള്‍ വഴി മരണത്തിലേക്ക് എത്തിയവരും കടം വീട്ടനായി അക്രമത്തിലേക്ക് മാറിയവരും ചുരുക്കമല്ല എന്നതാണ് സത്യം.

2024 ആഗസ്ത് മാസത്തിലാണ് ഓണ്‍ലൈൻ ലോണ്‍ ഭീഷണിയില്‍ മനംനൊന്ത എടപ്പാറ സ്വദേശിനി ആരതി ജീവനൊടുക്കിയത് . കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകള്‍ അയച്ചു നല്‍കുമെന്ന് ഓണ്‍ലൈൻ ലോണ്‍ ദാതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി.പൊന്നാനി സ്വദേശിയായ പെണ്‍കുട്ടി ആത്മഹത്യയുടെ വക്കില്‍ എത്തിയത് ലോണ്‍ ആപ്പിന്റെ ഞെട്ടിക്കുന്ന കഥകളില്‍ മറ്റൊന്നാണ്. പെണ്‍കുട്ടി കാമുകന് ഫോണ്‍ വാങ്ങുന്നതിനായി 20,000 രൂപ ലോണ്‍ ആപ്പിലൂടെ എടുക്കുകയായിരുന്നു. ലോണ്‍ അടവ് തെറ്റിയതിനെ തുടർന്ന് ആദ്യം സൗമ്യ ഭാഷയില്‍ തുടങ്ങിയ സംസാരം, തുടർന്ന് സ്ഥിരം അടവുകള്‍ പയറ്റിത്തുടങ്ങി. മോർഫ് ചെയ്ത നഗ്നചിത്രം കൂട്ടുകാർക്ക് അയച്ചു കൊടുക്കുമെന്നും, കാമുകനുമായുള്ള ഫോണിലെ ചിത്രങ്ങള്‍ പ്രചരിപിക്കുമെന്നുമായി. ഭീഷണിയുടെ സ്വരം കടുപ്പിച്ചതോടെ പെണ്‍കുട്ടി മാനസികമായി തളരുകയും ജീവനൊടുക്കാൻ പോകുന്നുവെന്ന് കൂട്ടുകാരിക്ക് മെസേജ് അയക്കുകയുമായിരുന്നു. കൂട്ടുകാരി സഹോദരനോട് ഈ വിവരം പറയുകയും ആ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. 2023ല്‍ വയനാട് അരിമുളയില്‍ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. 2022ല്‍ പുനെയില്‍ ലോണ്‍ ആപ്പിന്റെ ചതിയില്‍പെട്ട് കണ്ണൂർ സ്വദേശിയായ 22 വയസുകാരൻ ജീവനൊടുക്കി.കേരളത്തിലെ മരണ കണക്കുകള്‍ അപ്പോഴും പൂർണമല്ല. പലപ്പോഴും ഇക്കാര്യങ്ങള്‍ തുറന്നു പറയാനോ പോലീസില്‍ റിപ്പോർട്ട്‌ ചെയ്യാനോ നാണക്കേട് കാരണമോ തെറ്റായ അഭിമാനബോധം കാരണമോ തയാറാവുന്നില്ല എന്നതാണ് ശരി. പാലക്കാട്‌ ജില്ലയില്‍ മാത്രം അഞ്ച് വർഷത്തിനിടെ സൈബർ തട്ടിപ്പിനിരയായ 16 പേരാണ് ജീവനൊടുക്കിയത്. അനധികൃത ലോണ്‍ ആപ്പുകള്‍ മാത്രം ഒമ്പത് പേരുടെ ജീവനെടുത്തു.

കേരളത്തിന് പുറത്തും മറിച്ചല്ല സ്ഥിതി.2020 നവംബറിലെ ഒരു രാത്രിയില്‍,ചെന്നൈയില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ സായ് അരവിന്ദ് എന്ന 22കാരൻ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചു. രണ്ട് മണിക്കൂർ നീണ്ട സംഭാഷണത്തിനിടയില്‍,നിർത്താതെ കരഞ്ഞു. പിറ്റേന്ന് അരവിന്ദ് ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു. തന്റെ മുഴുവൻ കോണ്‍ടാക്റ്റ് ലിസ്റ്റിലേക്കും തന്നെക്കുറിച്ചുള്ള എസ്‌എംഎസ് സന്ദേശങ്ങള്‍ ലോണ്‍ ആപ്പുകള്‍ സ്വന്തം ഫോണ്‍ ആക്സസ് ചെയ്ത് അയച്ചതിനെത്തുടർന്ന് അസ്വസ്ഥനായിരുന്നു അവൻ.അമ്മയെയും സഹോദരിയെയും കുറിച്ച്‌ വരെ മോശമായ സന്ദേശങ്ങള്‍ ഫോണില്‍ നിന്നും പലർക്കും പോയി. മരിക്കുന്നതിന് പതിനഞ്ച് ദിവസം മുമ്പ്, സ്നാപ്പ്‌ഇറ്റ് എന്ന ആപ്പ് ഉപയോഗിച്ച്‌ 3,000 രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോള്‍, ആപ്പിന് പിന്നിലുള്ള സംഘം, അപമാനിക്കാൻ വേണ്ടി എല്ലാ കോണ്‍ടാക്റ്റുകളിലേക്കും സന്ദേശങ്ങള്‍ അയച്ചതായാണ് പറയുന്നത് .അരവിന്ദിന്റെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയതായി സുഹൃത്ത് ഒരു സ്വകാര്യ ന്യൂസ്‌ ഓണ്‍ലൈനിനോട്‌ പറഞ്ഞിരുന്നു. ലോണ്‍ ആപ്പുകളുടെ ഭീഷണിക്കും അപമാനത്തിനും ഇരയായി ആ ഒരു വർഷത്തിനിടെ ഇന്ത്യയിലുടനീളമുള്ള ആത്മഹത്യ ചെയ്തത് കുറഞ്ഞത് 64 പേരില്‍ ഒരാളാണ് അരവിന്ദ് എന്നായിരുന്നു കണക്ക്.

2024ല്‍ വിജയവാഡയിലെ നാലാം വർഷ എൻജിനീയറിങ് വിദ്യാർഥി എം. വംശി കൃഷ്ണ (22) സ്വകാര്യ ലോണ്‍ ആപ്പ് ഏജന്റുമാരുടെ പീഡനം സഹിക്കവയ്യാതെ നദിയില്‍ ചാടി മരിച്ചു . 2025ല്‍ ഫെബ്രുവരി 26ന് ലോണ്‍ ആപ്പ് ഭീഷണിയില്‍ അധ്യാപകൻ അടല്‍ സേതുവില്‍ നിന്ന് ചാടി ജീവനൊടുക്കി.2023 ഓഗസ്റ്റ് 12 ന്, ഭോപ്പാലില്‍ ഒരു കുടുംബം അവരുടെ വീട്ടില്‍ വെച്ച്‌ ഒരു സെല്‍ഫി എടുത്തു. ശേഷം, പിതാവ് ഭൂപേന്ദ്ര വിശ്വകർമ തന്റെ എട്ട് വയസും മൂന്ന് വയസും പ്രായമുള്ള രണ്ട് ആണ്‍മക്കള്‍ക്ക് വിഷം നല്‍കി, ശേഷം അയാളും ഭാര്യയും ജീവനൊടുക്കി.2022ല്‍ തെലങ്കാനയിലെ ഗുണ്ടൂർ ജില്ലയിലെ ചിന്നകകാനി ഗ്രാമത്തിലെ പ്രത്യുഷ, ഒരു താല്‍ക്കാലിക പ്രതിസന്ധിയില്‍ നിന്ന് കരകയറാൻ ഒരു ലോണ്‍ ആപ്പില്‍ നിന്ന് 20,000 രൂപ കടം വാങ്ങി. നിരവധി തവണ തിരിച്ചടച്ചിട്ടും, അമിതമായ പലിശനിരക്ക് കാരണം കടം വീട്ടാൻ കഴിഞ്ഞില്ല.അതേസമയം, ലോണ്‍ റിക്കവറി ഏജന്റുമാർ അവരെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി, മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. ജീവനിടുക്കുന്നതിനു മുമ്പ്, പ്രത്യുഷ മുഴുവൻ അനുഭവവും റെക്കോർഡ് ചെയ്തു . മരണശേഷവും, ലോണ്‍ ആപ്പ് പ്രതിനിധികള്‍ ഫോണിലൂടെ ബന്ധുക്കളെ ഉപദ്രവിക്കുന്നത് തുടർന്നു.

ലോണ്‍ ആപ്പിലെ തുക തിരിച്ചടക്കുന്നതിനായി മുത്തശ്ശിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പൂനെയില്‍ 24 വയസുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്ത വാർത്ത വലിയ രീതിയില്‍ നടുക്കം സൃഷ്ടിച്ചത് ആയിരുന്നു . ക്രെഡിറ്റ് ആപ്പുകളില്‍ നിന്ന് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാൻ വേണ്ടിയാണ് സ്ത്രീ മുത്തശ്ശിയെ കയ്യിലെ പണം സ്വന്തമാക്കാൻ ശ്രമിച്ചത് എന്നായിരുന്നു സംശയം.2022 ഓഗസ്റ്റിലെ ടെക് ക്രഞ്ച് റിപ്പോർട്ട് പ്രകാരം, ലോണ്‍ ആപ്പ് ഓപ്പറേറ്റർമാരില്‍ നിന്നുള്ള പീഡനം മൂലമുള്ള ഏകദേശം രണ്ട് ഡസനോളം ആത്മഹത്യ കേസുകള്‍ ഓണ്‍ലൈനില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ അര ഡസനിലധികം ഹൈദരാബാദില്‍ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്അന്ന് ഇന്ത്യയില്‍ പ്രവർത്തിക്കുന്ന 600 നിയമവിരുദ്ധമായ വായ്പാ ആപ്പുകള്‍കളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരിച്ചറിഞ്ഞു. 2020 ജനുവരി മുതല്‍ 2021 മാർച്ച്‌ വരെ ഓണ്‍ലൈൻ ലെൻഡിംഗ് ആപ്പുകള്‍ക്കെതിരെ സെൻട്രല്‍ ബാങ്കിന് 2,500ലധികം പരാതികള്‍ ലഭിച്ചു.ആപ്പുകള്‍ ആർ‌ബി‌ഐയില്‍ രജിസ്റ്റർ ചെയ്യുകയും ആപ്പ് സ്റ്റോറുകളില്‍ ലിസ്റ്റ് ചെയ്യാൻ അനുവാദമുള്ള ലോണ്‍ ആപ്പുകളുടെ വൈറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുകയും വേണം എന്ന് കേന്ദ്ര നിർദേശം ഉണ്ടായിരുന്നു .മൂന്നാം കക്ഷി ഏജന്റുമാരെ ഇല്ലാതാക്കുന്നതിനായി, കടം വാങ്ങുന്നയാള്‍ വായ്പ വാങ്ങുന്നതിനും തിരിച്ചടവിനുമായി നേരിട്ട് ഒരു ബാങ്കുമായി ഇടപാട് നടത്തണമെന്ന് ഉറപ്പാക്കാൻ ആർ‌ബി‌ഐ മാനദണ്ഡങ്ങളും രൂപപ്പെടുത്തി. പക്ഷെ എല്ലാം വെറുതെയായി ഇന്ന് അതേ ആപ്പുകള്‍ പുതിയ രൂപത്തില്‍ എത്തി.

2023-24 വർഷങ്ങളില്‍ പ്ലേസ്റ്റോറില്‍ നിന്നു നീക്കം ചെയ്ത ആപ്പുകളില്‍ പലതും വേഷം മാറി തിരികെയെത്തി.ഗൂഗിള്‍ ഇന്ത്യയുടെ നയങ്ങളും ചട്ടങ്ങളും പാലിക്കാത്തതിനാല്‍ 2022-ല്‍ 3,500-ലധികം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ ഇന്ത്യ ഒരു റിപ്പോർട്ടില്‍ പറഞ്ഞു. ഈ ആപ്പുകള്‍ കോണ്‍ടാക്റ്റുകളും ഫോട്ടോകളും ഉള്‍പ്പെടെയുള്ള ഉപയോക്തൃ ഡാറ്റ നിയമവിരുദ്ധമായി ആക്‌സസ് ചെയ്യുന്നുണ്ടായിരുന്നു.കഴിഞ്ഞ ആറ് വർഷത്തിനിടെ വിവിധ സൈബർ തട്ടിപ്പുകളിലൂടെയും വഞ്ചനാ കേസുകളിലൂടെയും ഇന്ത്യക്കാർക്ക് 52,976 കോടി രൂപ നഷ്ടപ്പെട്ടതായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) ശേഖരിച്ച ഡാറ്റ വെളിപ്പെടുത്തുന്നു.2025ല്‍ സൈബർ തട്ടിപ്പ് കാരണം ഉണ്ടായ 19,812 കോടി രൂപയുടെ നഷ്ടത്തില്‍ 77 ശതമാനം നിക്ഷേപ പദ്ധതികളുടെ പേരിലും , 8 ശതമാനം ഡിജിറ്റല്‍ അറസ്റ്റിലൂടെയും, 7 ശതമാനം ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെയും, 4 ശതമാനം സെക്‌സ്‌റ്റോർഷനിലൂടെയും , 3 ശതമാനം ഇ-കൊമേഴ്‌സ് തട്ടിപ്പിലൂടെയും, ഒരു ശതമാനം ആപ്പ്/മാല്‍വെയർ അധിഷ്ഠിത തട്ടിപ്പിലൂടെയുമാണ് നഷ്ടപ്പെട്ടതെന്ന് റിപ്പോർട്ടില്‍ ഉദ്ധരിച്ച ഡാറ്റ വെളിപ്പെടുത്തുന്നു.2024-ല്‍ ഏകദേശം ₹22,849.49 കോടി നഷ്ടവും 19,188,52 പരാതികളും ലഭിച്ചു, 2023-ല്‍ ഏകദേശം ₹ 7,463.2 കോടി നഷ്ടവും 13,103,61 പരാതികളും ലഭിച്ചു എന്ന് റിപ്പോർട്ടില്‍ പറയുന്നു.

അതുപോലെ, 2022-ല്‍ ഏകദേശം ₹ 2,290.23 കോടി നഷ്ടവും 69,44,46 പരാതികളും ലഭിച്ചു, 2021-ല്‍ ₹ 551.65 കോടി നഷ്ടവും 2,62,846 പരാതികളും ലഭിച്ചു.ലോണ്‍ ആപ്പ് കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ നിരവധി വെല്ലുവിളികള്‍ നേരിടുന്നു. അവയില്‍ ചിലത് വിദേശ സെർവറുകളില്‍ ഹോസ്റ്റ് ചെയ്യുന്ന ആപ്പുകളും അന്താരാഷ്ട്ര കുറ്റകൃത്യ സിൻഡിക്കേറ്റുകളും ഉള്‍പ്പെടുന്നു എന്നതാണ്.അനധികൃതമായി വായ്‌പ നല്‍കുന്നതിന് നിയമവിരുദ്ധമായി നാലായരത്തിലധികം ഓണ്‍ലൈൻ ആപ്പുകള്‍ പ്രവർത്തിക്കുന്നുണ്ട്. ദിവസേന നാല്‍പ്പതിലധികം കേസുകള്‍ വായ്‌പ തട്ടിപ്പ് സംബന്ധിച്ച്‌ രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളായും ഫോണുകളില്‍ മെസേജുകളായുമാണ് ഓണ്‍ ലൈൻ തട്ടിപ്പ് സംഘം ആവശ്യക്കാരെ തേടിയെത്തുന്നത്. ചില അത്യാവശ്യക്കാർ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌തും വായ്‌പയെടുക്കാറുണ്ട്. വായ്‌പയെടുത്ത് പണം കീശയിലാകുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച്‌ ആരും ചിന്തിക്കില്ല.പെർമിഷനുകളിലൂടെയാണ് ചതിക്കുഴി ഒരുക്കുന്നതെന്ന് വിദഗ്‌ധർ പറയുന്നു. ഫോണില്‍ സേവ് ചെയ്ത‌ കോണ്‍ടാക്‌ടുകളിലേക്കും ഇവർക്ക് ആക്സസ് ലഭിക്കുന്നു. ഗാലറിയിലുള്ള ഫോട്ടോസ്, വിഡിയോസ് എന്നിവ പെർമിഷനിലൂടെ അവരുടെ സെർവറിലേക്ക് കോപ്പി ചെയ്യുന്നു.എസ്‌എംഎസും ട്രാക്ക് ചെയ്യുന്നതുവഴി നമുക്കു വരുന്ന ഒടിപികള്‍ വരെ അവർക്ക് ലഭിക്കും. ഇത്തരത്തില്‍ തട്ടിപ്പിനും ഭീഷണിക്കും ആവശ്യമായ എല്ലാം അവർ കൈക്കലാക്കുന്നു എന്ന് പറയാം.റിസർവ് ബാങ്ക് രാജ്യത്തെ അംഗീകൃത വായ്പ ആപ്പുകളുടെ വിശദമായ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.ഈ മേഖലയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിനുള്ള 2023ലെ ഡിജിറ്റല്‍ വായ്‌പ മാർഗനിർദേശങ്ങളുടെ ഭാ ഗമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 1600 അംഗീകൃത വായ്‌പ ആപ്പുകളുടെ വിവരങ്ങളാണ് റിസർവ് ബാങ്ക് www.rbi.org.in എന്ന വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്.സാധാരണക്കാർക്കും എളുപ്പത്തില്‍ പരിശോധിക്കാവുന്ന വിധത്തിലാണ് വെബ്സൈറ്റ്‌ ക്രമീകരണം.

വായ്പയ്ക്ക് സമീപിച്ചിരിക്കുന്ന ആപ്പ് അംഗീകൃതമാണോ എന്നറിയാൻ വെബ്സൈറ്റ് തുറന്ന് മധ്യഭാഗത്തുള്ള മെനുവില്‍ വലത്തേ അറ്റത്തുള്ള “സിറ്റിസണ്‍സ് കോർണർ’ എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന വിവിധ ഇനങ്ങളില്‍ താഴെയുള്ള DLA’s deployed by Regulated Entities എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആപ്പുകളുടെ പട്ടിക കാണാം. പേജിൻ്റെ താഴെയായി അടുത്ത പേജിലേക്ക് പോകാനും മുൻ പേജിലേക്ക് തിരികെ വരാനും ക്ലിക്ക് ചെയ്യുന്നതിന് < > ചിഹ്നങ്ങള്‍ നല്‍കിയിട്ടുണ്ട്. ആപ്പ് ഏത് സ്ഥാപനത്തിന്റെ കീഴിലുള്ളതാണെന്നും അത് ബാങ്കാണോ ബാങ്ക് ഇതര ധനസ്ഥാപന (എൻബിഎഫ്സി)മാണോയെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാൻ നല്‍കുന്ന അനുമതികളിലൂടെയാണു തട്ടിപ്പു സംഘം ചതിക്കുഴി ഒരുക്കുന്നത്.

ലോണ്‍ ആപ്പുകളിലൂടെ കുടുങ്ങിയവർക്കു സൈബർ പട്രോള്‍ യൂണിറ്റ് സഹായം ലഭിക്കും. അതിനായി 1930ല്‍ വിളിക്കാം. ഇതിലൂടെ സ്പൈ സോഫ്റ്റ്‌വെയറുകള്‍ നീക്കം ചെയ്തു തരും. സാങ്കേതിക തെളിവുകള്‍ ശേഖരിച്ചു ബന്ധപ്പെട്ട സൈബർ പൊലീസ് സ്റ്റേഷനുകള്‍ക്ക് പരാതി കൈമാറും. തട്ടിപ്പിനരായാല്‍ ഭീഷണിയില്‍ വീഴാതെ നിയമപരമായ സുരക്ഷ ഉറപ്പാക്കുയാണ് പ്രധാനം. ആവശ്യമായ കൗണ്‍സലിങും ഇവർ നല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക