പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുന്കരുതല് നടപടികളുടെ ഭാഗമായി ഇന്ത്യയുള്പ്പെടെ 40 രാജ്യങ്ങളില് നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് സഊദി അറേബ്യ സമ്പൂര്ണ്ണ വിലക്കേര്പ്പെടുത്തി. സഊദി ഫുഡ് ആന്ഡ് ഡ്രഗ് അതോറിറ്റിയാണ് (SFDA) ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 40 രാജ്യങ്ങള്ക്കുള്ള സമ്പൂര്ണ്ണ വിലക്കിന് പുറമെ, മറ്റ് 16 രാജ്യങ്ങളിലെ നിശ്ചിത പ്രവിശ്യകള്ക്കും നഗരങ്ങള്ക്കും ഭാഗിക വിലക്കും ഏര്പ്പെടുത്തിയിട്ടുണ്ട്.
പക്ഷിപ്പനി പോലുള്ള പകര്ച്ചവ്യാധികള് ആഗോളതലത്തില് പടരുന്നത് നിരീക്ഷിച്ചാണ് അതോറിറ്റിയുടെ ഈ നടപടി. അന്താരാഷ്ട്ര റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തില് 2004 മുതല് വിവിധ ഘട്ടങ്ങളിലായി പട്ടികയില് ഉള്പ്പെട്ട രാജ്യങ്ങളാണ് ഇവയെല്ലാം. ആഗോള ആരോഗ്യ സാഹചര്യങ്ങള്ക്കനുസരിച്ച് ഈ പട്ടിക കൃത്യമായ ഇടവേളകളില് പരിഷ്കരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
സമ്പൂര്ണ്ണ വിലക്കുള്ള 40 രാജ്യങ്ങള്:
ഇന്ത്യ, ഫലസ്തീന്, അഫ്ഗാനിസ്ഥാന്, അസര്ബൈജാന്, ജര്മ്മനി, ഇന്തോനേഷ്യ, ഇറാന്, ബോസ്നിയ ആന്ഡ് ഹെര്സഗോവിന, ബള്ഗേറിയ, ബംഗ്ലാദേശ്, തായ്വാന്, ജിബൂട്ടി, ദക്ഷിണാഫ്രിക്ക, ചൈന, ഇറാഖ്, ഘാന, വിയറ്റ്നാം, കംബോഡിയ, കസാക്കിസ്ഥാന്, കാമറൂണ്, ദക്ഷിണ കൊറിയ, ഉത്തര് കൊറിയ, ലാവോസ്, ലിബിയ, മ്യാന്മര്, യുണൈറ്റഡ് കിംഗ്ഡം (യുകെ), ഈജിപ്ത്, മെക്സിക്കോ, മംഗോളിയ, നേപ്പാള്, നൈജര്, നൈജീരിയ, ഹോങ്കോംഗ്, ജപ്പാന്, ബുര്ക്കിന ഫാസോ, സുഡാന്, സെര്ബിയ, സ്ലോവേനിയ, ഐവറി കോസ്റ്റ്, മോണ്ടിനെഗ്രോ.ഭാഗിക വിലക്കുള്ള രാജ്യങ്ങള്അമേരിക്ക, ഓസ്ട്രേലിയ, ഇറ്റലി, ബെല്ജിയം, ഭൂട്ടാന്, പോളണ്ട്, ടോഗോ, ഡെന്മാര്ക്ക്, റൊമാനിയ, സിംബാബ്വെ, ഫ്രാന്സ്, ഫിലിപ്പീന്സ്, കാനഡ, മലേഷ്യ, ഓസ്ട്രിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഈ രാജ്യങ്ങളിലെ രോഗബാധ റിപ്പോര്ട്ട് ചെയ്ത പ്രത്യേക മേഖലകള്ക്കാണ് വിലക്ക്.
ഇളവുകൾ: ന്യൂകാസില് ഡിസീസ് വൈറസിനെ നശിപ്പിക്കാന് ആവശ്യമായ രീതിയില് ശാസ്ത്രീയമായി ചൂടാക്കിയതോ മറ്റ് സംസ്കരണ പ്രക്രിയകള്ക്ക് വിധേയമാക്കിയതോ ആയ ഉല്പ്പന്നങ്ങളെ ഈ താല്ക്കാലിക വിലക്കില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല് ഇത്തരം ഉല്പ്പന്നങ്ങള് അതോറിറ്റി അംഗീകരിച്ച നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങള് പാലിക്കുന്നവയാണെന്ന് ഉറപ്പുവരുത്തുന്ന ആരോഗ്യ സര്ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

















