കേരള സർക്കാരിൻറെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റിന് വ്യാജ രേഖകൾ ചമച്ച് ഉടമസ്ഥാവകാശം കൈമാറി എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽമേൽ നടപടിയെടുത്ത് കോടതി. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ആണ് നിർണായക ഇടപെടൽ നടത്തിയത്. 1955ലെ ഇടവക റൈറ്റ്സ് അക്ക്വസേഷൻ ആക്ട് പ്രകാരം 1955 ഒക്ടോബർ മാസം പതിനൊന്നാം തീയതി സംസ്ഥാന സർക്കാർ നാലു ലക്ഷത്തി പതിനാറായിരത്തി മുന്നൂറ്റി അമ്പത്തിയെട്ട് രൂപ പ്രതിഫലം നൽകി രേഖാമൂലം സർക്കാരിന്റെയും പൊതുജനങ്ങളുടെയും ഉടമസ്ഥാവകാശത്തിലേക്ക് മാറ്റിയ രണ്ടായിരത്തിൽപരം ഏക്കർ വസ്തുവാണ് തങ്ങളുടെ അധീനതയിലും ഉടമസ്ഥതയിലും ഉള്ള ചെറുവള്ളി എസ്റ്റേറ്റ് എന്ന് ചൂണ്ടിക്കാട്ടി വ്യാജ രേഖകൾ ചമച്ച് ഹാരിസൺ മലയാളം കമ്പനി ഗോസ്പൽ ഫോർ ഏഷ്യ എന്ന് ട്രസ്റ്റിന് കൈമാറിയത് എന്ന് ചൂണ്ടിക്കാട്ടീ ഫയൽ ചെയ്ത ക്രിമിനൽ അന്യായത്തിന്മേൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചതും പോലീസിനോട് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ആവശ്യപ്പെട്ടതും.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മണിമല എരുമേലി പോലീസ് സ്റ്റേഷനുകളിലായി യഥാക്രമം ക്രൈം നമ്പർ 128/2026, 96/2026 എന്നിങ്ങനെ കേസടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തതു. പൊതുമുതൽ നശീകരണം, സർക്കാർ മുതൽ തട്ടിയെടുക്കൽ, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, മുതലായ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.വസ്തു വാങ്ങി എന്ന് പറയപ്പെടുന്ന ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റിന് ഇന്ത്യയിൽ രജിസ്ട്രേഷൻ ഇല്ല എന്ന ആക്ഷേപവും കേസുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2018ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് പാലാ സബ് കോടതി പരിഗണിച്ചിരുന്നു എങ്കിലും പ്രോസിക്യൂഷൻ സർക്കാരിൻറെ ഉടമസ്ഥത തെളിയിക്കുന്നതിനുള്ള അടിസ്ഥാന രേഖകൾ പോലും ഹാജരാക്കാതെ വന്നതിനാൽ ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അനുകൂലമായ വിധി ഉണ്ടാവുകയായിരുന്നു. എന്നാൽ കേവലം വസ്തുവിന്റെ ഉടമസ്ഥാവകാശ തർക്കം എന്നതിനപ്പുറം കേസിൽ ക്രിമിനൽ ഗൂഢാലോചനയുടെ മാനങ്ങൾ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ബേബി സൈമൺ, അഡ്വക്കേറ്റ് രാജേഷ് എം മേനോൻ എന്നിവർ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പുതിയ അന്യായം ഫയൽ ചെയ്യുകയായിരുന്നു. തർക്കവസ്തുവിൻമേൽ സംസ്ഥാന സർക്കാരിനുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ആവശ്യമായ 1955ലെ ആധാരം (നമ്പർ – 4581/1955), ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ അടക്കം സമർപ്പിച്ചാണ് അന്യായം ഫയൽ ചെയ്തത്. രേഖകൾ വിശദമായി പരിശോധിച്ച് ശേഷമാണ് വസ്തു നിലനിൽക്കുന്ന പോലീസ് സ്റ്റേഷനുകളായ മണിമല എരുമേലി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുക്കുവാൻ കോടതി നിർദ്ദേശം നൽകിയത്.

വിവാദം എരുമേലി ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയെ കുറിച്ച്

എരുമേലി ഗ്രീൻഫീൽഡ് വിമാനത്താവളം സ്ഥാപിക്കാനായി സംസ്ഥാന സർക്കാർ കണ്ടെത്തിയ ഭൂമിയെ കുറിച്ചാണ് ഇപ്പോൾ വിവാദം ഉയർന്നിരിക്കുന്നത്. ഭൂമിയുടെ നിലവിലുള്ള അവകാശികൾ എന്ന് വാദിക്കുന്ന ഗോസ്പൽ ഫോർ ഏഷ്യ കെ പി യോഹന്നാൻ സ്ഥാപിച്ച ബിലിവേഴ്സ് ചർച്ച് നിയന്ത്രിക്കുന്ന ട്രസ്റ്റ് ആണ്. ഇവർക്ക് കോടികൾ നൽകി സ്ഥലം ഏറ്റെടുക്കാനുള്ള നീക്കങ്ങൾ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിനിടയാണ് സർക്കാർ ഭൂമിയാണ് ഇത് എന്ന് സ്ഥാപിക്കുന്ന രേഖകൾ അടക്കം പുറത്തുകൊണ്ടുവന്നുകൊണ്ട് യുവ അഭിഭാഷകർ നിർണായക ഇടപെടൽ നടത്തിയത്. ഈ നിയമ പോരാട്ടം വിജയിച്ചാൽ വിമാനത്താവത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതിന് ഒരു രൂപ പോലും സർക്കാരിന് ചെലവ് വരികയില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ പോലും അട്ടിമറിക്കുന്നതിനുള്ള സർക്കാർ പങ്കാളിത്തം വ്യക്തമായ അഴിമതിയുടെ സൂചനയാണെന്നും വിലയിരുത്താം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക