മറ്റൊരു സംസ്ഥാനവും ഓണത്തിന് അലവൻസ് നല്‍കാറില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. കണ്ണൂരില്‍ തൊഴിലുറപ്പു തൊഴിലാളികളുമായി സംവദിക്കുന്നതിനിടെയാണ് ശൈലജയുടെ പ്രസ്താവന. കേരളത്തില്‍ എല്‍ഡിഎഫ് ഉള്ളതു കൊണ്ടു മാത്രമാണിതെന്നും ശൈലജ പറഞ്ഞു.
പ്രസ്താവനയുടെ വിഡിയോ പുറത്തു വന്നതോടെ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.ഇടതുപക്ഷ ശക്തമായി പോരാടി നേടിയെടുത്തതാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെന്നും ശൈലജ വിഡിയോയില്‍ പറയുന്നുണ്ട്. ഓണത്തിന് ഒരു പ്രത്യേക അലവൻസ് വേറൊരു സംസ്ഥാനവും കൊടുത്തിട്ടില്ലെന്ന പരാമർശം വലിയ രീതിയിലാണ് പരിഹസിക്കപ്പെടുന്നത്.
സൗദിയില്‍ ഓണാവധിയും ഓണക്കിറ്റും കൊടുക്കാത്തത് യുഡിഎഫിന്‍റെ പരാജയമാണ്, ദീപാവലിക്കും ദസറയ്ക്കും എല്‍ഡിഎഫ് അലവൻസ് കൊടുക്കാറുണ്ടോ, കേരളത്തിന്‍റെ ഉത്സവത്തിനെന്തിനാണ് മറ്റു സംസ്ഥാനങ്ങള്‍ അലവൻസ് കൊടുക്കുന്നത്. ഓണത്തിന് ബംഗാളും തമിഴ്നാടും അലവൻസ് കൊടുക്കണോ എന്നിങ്ങനെ നിരവധി ട്രോളുകളാണ് വിഡിയോക്കു താഴെയുള്ളത്.













