മുൻ മാനേജർ നല്‍കിയ പരാതിയില്‍ നടൻ ഉണ്ണിമുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിപിനെ ഉണ്ണി മുകുന്ദൻ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറിലുണ്ട്.

ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന സിനിമയെ പുകഴ്ത്തി, മാനേജർ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടതാണ് പ്രകോപനത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറയുന്നു. സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ ശത്രുത പുലർത്തുന്ന പ്രമുഖ താരം ഗിഫ്റ്റായി തന്ന കൂളിങ് ഗ്ലാസ് എറിഞ്ഞുടച്ചു.തുടർച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ ആണ് ഉണ്ണിക്കെന്നും അത് പലരോടും തീർക്കുന്നെന്നും വിപിൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിയുടെ പൂർണരൂപം

കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനല്‍ മാനേജരായി ജോലി ചെയ്ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്.. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളില്‍ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങള്‍ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറില്‍ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാല്‍ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതല്‍ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്.

അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ആളെന്ന രീതിയില്‍ ഈ പ്രശ്നങ്ങള്‍ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ട്. പതിനഞ്ചു ദിവസങ്ങള്‍ക്ക് മുൻപ് അദ്ദേഹം സംവിധാനം ചെയ്യുന്ന വലിയൊരു ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ നിർഭാഗ്യവശാല്‍ ശ്രീ ഗോകുലം മൂവീസ് ചിത്രത്തില്‍ നിന്നും പിൻമാറി. അത് അദ്ദേഹത്തിനു വലിയ ഷോക്ക് ആയി മാറി. കൂടാതെ ഒരു പ്രമുഖ താരം അനൗണ്‍സ് ചെയ്ത ചിത്രീകരണം ആരംഭിക്കാനിരുന്ന മറ്റൊരു ചിത്രം ഉണ്ണിമുകുന്ദൻ അതിന്റെ പ്രൊഡ്യൂസറോട് നിശ്ചയിച്ചിരിക്കുന്ന താരത്തെ ഒഴിവാക്കി തന്നെ വച്ച്‌ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ആ പ്രൊഡ്യൂസറോട് സംസാരിക്കാൻ എന്നെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് നടക്കാതെ വന്നതിലുള്ള അമർഷം ആ പ്രൊഡ്യൂസറെയും എന്നെയും ഫോണില്‍ വിളിച്ച്‌ അസഭ്യം പറഞ്ഞാണ് തീർത്തത്.

കൂടാതെ, മറ്റ് പല സിനിമളുടെയും പ്രമോഷൻ ചെയ്യുന്ന ഞാൻ കഴിഞ്ഞയാഴ്ച റിലീസായ ഒരു പ്രമുഖതാരത്തിന്റെ ഒരു ചിത്രത്തിന് (നരിവേട്ട) നല്ല അഭിപ്രായം പറഞ്ഞ് എന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തത് അദ്ദേഹത്തിന് എന്നോട് വലിയ വിദ്വേഷം ഉണ്ടാക്കി. അന്നുതന്നെ എന്നോട് അദ്ദേഹത്തിന്റെ മാനേജർ പദവിയില്‍ ഇനി തുടരേണ്ടതില്ല എന്ന് അറിയിച്ചു. ഞാനത് സമ്മതിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ഇന്ന് രാവിലെ എന്നെ ഉണ്ണിമുകുന്ദൻ ഫോണില്‍ വിളിക്കുകയും അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാൻ പുറത്ത് ഏതെങ്കിലും റെസ്റ്റോറില്‍ വച്ച്‌ കാണാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതിനു വഴങ്ങാതെ എന്നെ അപായപെടുത്തണം എന്ന ഉദ്ദേശത്തോട് കൂടി ഞാൻ താമസിക്കുന്ന കാക്കനാണ് ഡിഎല്‍എഫ് ന്യൂട്ടണ്‍ ഹൈറ്റ്സ് എന്ന ഫ്‌ളാറ്റിന്റെ ഒന്നാം നിലയിലുള്ള പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും യാതൊരു പ്രകോപനവും കൂടാതെ എന്നെ വളരെ മോശമായ ഭാഷയില്‍ അസഭ്യം പറയുകയും എന്റെ മുഖത്തിരുന്ന വിലകൂടിയ കൂളിങ് ഗ്ലാസ് തട്ടിയെടുത്ത് എറിഞ്ഞുടയ്ക്കുകയും (ഈ ഗ്ലാസ് ഉണ്ണിമുകുന്ദൻ ശത്രുത വച്ചുപുലർത്തുന്ന മറ്റൊരു പ്രമുഖ താരം എനിക്ക് ഗിഫ്റ്റ് തന്നതാണ് എന്ന് അദ്ദേഹത്തിന് അറിയുന്നതാണ്. അതുകൊണ്ട് കൂടിയാണ് അത് എറിഞ്ഞുടച്ചത്) എന്റെ താടിയില്‍ ആദ്യം മർദ്ദിക്കുകയും എന്നെ രണ്ടു കൈകാലും ചേർത്തുപിടിച്ച്‌ ക്രൂരമായി മർദിക്കാൻ ശ്രമിച്ചപ്പോള്‍ ഞാൻ കുതറി ഓടുകയും, ആ പാർക്കിങ് ഏരിയയിലൂടെ പുറകെ ഓടി വന്ന് എന്നെ മർദിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഭാഗ്യവശാല്‍ അതുവഴിവന്ന മറ്റൊരു ഫ്ളാറ്റിലെ താമസക്കാരനായ വിഷ്ണു ആർ. ഉണ്ണിത്താൻ എന്ന വ്യക്തി ഉണ്ണി മുകുന്ദനെ പിടിച്ചു മാറ്റുകയും മർദിക്കരുതെന്നു ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇനി എന്റെ മുന്നില്‍ കണ്ടാല്‍ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുയും ചെയ്തിട്ടുള്ളതാണ്. മേല്‍പ്പറഞ്ഞ വ്യക്തി മുൻപും ഇത്തരം നിരവധി ക്രിമിനല്‍ കേസുകളിലടക്കം പ്രതിയായിട്ടുള്ളതാണ്. മുൻപും പലരേയും ഭീഷണിപെടുത്തുകയും അക്രമിക്കുകയും ചെയ്തത് അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചിരുന്ന കാലയളവില്‍ ഞാൻ നേരിട്ടു മനസ്സിലാക്കിയിട്ടുള്ളതാണ്. ആയതിനാല്‍ എനിക്ക് നേരിട്ട ദുരനുഭവത്തില്‍ ഉണ്ണിമുന്ദനെതിരെ നടപടിയെടുക്കണമെന്നും മാതൃകാപരമായ ശിക്ഷ നല്‍കാൻ വേണ്ട നിയമസഹായങ്ങള്‍ ചെയ്തു തരണമെന്നു അങ്ങയോട് അപേക്ഷിക്കുന്നു. കൂടാതെ ടിയാൻ അറിയപെടുന്ന ഒരു നടൻ ആയതിനാലും സ്വാധീനം ഉള്ള വ്യക്തിയായതിനാലും എന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഇതിനാല്‍ അപേക്ഷിക്കുന്നു. എന്ന് വിശ്വസ്തതയോടെ വിപിൻ കുമാർ വി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക