മൂന്നാം തുടര്‍ഭരണത്തിനു കോപ്പുകൂട്ടുന്ന ഇടതുമുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വീണ്ടും പ്രതിസന്ധിയിലാക്കി മുതിര്‍ന്ന സി.പി.ഐ. നേതാവ്‌ സി. ദിവാകരന്‍. ചൂരമീന്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി പ്രസ്‌താവന നടത്തിയ ദിവാകരന്‍ ഇക്കുറി അദ്ദേഹത്തിനൊപ്പം സര്‍ക്കാരിനെയും വെറുതെ വിട്ടില്ല. കേരളത്തില്‍ ഫാക്‌ടറികളോ നിര്‍മാണകേന്ദ്രങ്ങളോ ഇല്ലാത്തതു കൊണ്ടാണ്‌ യുവാക്കള്‍ ജോലിതേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്നാണ്‌ അദ്ദേഹത്തിന്റെ പുതിയ വിമര്‍ശനം.

വ്യവസായ സൗഹൃദമെന്ന്‌ അവകാശപ്പെടുന്ന സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണിത്‌. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന വേളയില്‍ മുന്‍ മന്ത്രികൂടിയായ ദിവാകരന്‍ നടത്തുന്ന തുറന്നുപറച്ചില്‍ എല്‍.ഡി.എഫിനു വന്‍ കോട്ടമാണുണ്ടാക്കുന്നത്‌. ഇഷ്‌ടപ്പെട്ട മീന്‍ ലഭിക്കാത്തതുകൊണ്ട്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ അന്നത്തെ സംസ്‌ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍നിന്ന്‌ ഉച്ചഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പ്രസ്‌താവനയ്‌ക്കു പിന്നാലെയാണ്‌ ദിവാകരന്‍ വീണ്ടും സര്‍ക്കാരിനു പണികൊടുത്തത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ചെറിയ പഞ്ചായത്താണ്‌ ഈ കേരളമെന്നും ഇവിടെ ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്നും വിവാദ പരാമര്‍ശത്തില്‍ ദിവാകരന്‍ കുറ്റപ്പെടുത്തുന്നു. ഹെവി ഇന്‍ഡസ്ര്‌ടി ഒന്നും ഇവിടെയില്ല. പ്രൊ ഡക്‌ഷനും മാനുഫാക്‌ചറിങ്ങുമില്ല. കേരളത്തില്‍ കാറോ മോട്ടോര്‍ ബൈക്കോ ഹെവി മെഷിനറിയോ ഉത്‌പാദിപ്പിക്കുന്നുണ്ടോ? ഇത്രനാള്‍ ആയിട്ടും കേരളത്തില്‍ ഒരുഫാക്‌ടറി പോലുമില്ല. അതുകൊണ്ടാണ്‌ ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും പാസ്‌പോര്‍ട്ട്‌ തരപ്പെടുത്തി കാശും കൊടുത്ത്‌ നാടുവിട്ടുപോയി രക്ഷപ്പെടുന്നത്‌. കേരളത്തില്‍ ഫാക്‌ടറിയും നിര്‍മാണവും വരുത്തേണ്ടതു സര്‍ക്കാരല്ലേ?- സി. ദിവാകരന്‍ ചോദിക്കുന്നു.

പിണറായി വിജയന്‌ സാധാരണ മീന്‍ പോരെന്നും എ ക്വാളിറ്റി ഫസ്‌റ്റ്‌ ക്ലാസ്‌ മീന്‍ വേണമെന്നുമുള്ള പ്രസ്‌താവന വിവാദമായതിനു പിന്നാലെ, താന്‍ അതൊരു കൗതുക വാര്‍ത്തയായിട്ടാണു പറഞ്ഞതെന്നായിരുന്നു ദിവാകരന്റെ മറുപടി. പറഞ്ഞതൊന്നും നിഷേധിക്കുന്നില്ലെന്നും അന്ന്‌ പിണറായിക്കൊപ്പം ജാഥയുടെ വൈസ്‌ ക്യാപ്‌റ്റനായി രാവും പകലും താനുണ്ടായിരുന്നെന്നും വെളിപ്പെടുത്തല്‍ വിവാദമാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക