പത്തു വര്‍ഷമായി മുടങ്ങിക്കിടന്ന അമ്പലപ്പുഴ – ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം നേടിയെടുത്തതോടെ, ആലപ്പുഴയിൽ താരത്തിളക്കം വർദ്ധിപ്പിച്ച് കെ സി വേണുഗോപാൽ. അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയുള്ള 12.66 കിലോമീറ്റര്‍ ദൂരം ഇരട്ടിപ്പിക്കുന്നതിനായി പുതുക്കിയ 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് റെയില്‍വേ ബോര്‍ഡ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. പാത ഇരട്ടിപ്പിക്കല്‍ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കാന്‍ പദ്ധതി മൂന്നായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കണമെന്ന കെ.സി. വേണുഗോപാലിന്റെ നിര്‍ദ്ദേശം കേന്ദ്ര റെയില്‍വേ മന്ത്രാലയവും ബോര്‍ഡും അംഗീകരിച്ചതോടെയാണ് വലിയൊരു വികസന തടസ്സം നീങ്ങിയത്.
എന്നാൽ ജനങ്ങൾക്കിടയിൽ കെസിയുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഏറെ അലട്ടുന്നുണ്ടെന്ന് അവരുടെ സമീപ കാല രാഷ്ട്രീയ നീക്കങ്ങൾ വ്യക്തമാക്കുന്നു. വികസന വിഷയങ്ങളില്‍ അദ്ദേഹം നടത്തുന്ന ഇടപെടലുകളെ സി.പി.എം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കെ.സിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2004-ല്‍ ദേവസ്വം മന്ത്രിയായിരുന്ന കെ.സിയെ, 2016-ന് ശേഷം നടന്ന സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അസംബന്ധമാണെന്നാണ് പാര്‍ട്ടിയുടെ വാദം.
സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ പ്രതികളായ സ്വര്‍ണ്ണക്കൊള്ള മറച്ചുവെക്കാനാണ് മുഖ്യമന്ത്രി കെ.സി വേണുഗോപാലിനെ ടാര്‍ഗറ്റ് ചെയ്യുന്നത്. യു.ഡി.എഫ് കാലത്ത് ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത കെ.സിയുടെ ധാര്‍മ്മികതയും, കോടതി നിയോഗിച്ച സംഘം പിടികൂടിയ സ്വന്തം പാര്‍ട്ടി പ്രതികളെ സംരക്ഷിക്കുന്ന പിണറായി വിജയന്റെ രീതിയും തമ്മിലുള്ള വ്യത്യാസം വരും ദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ശബരിമല വികസനത്തില്‍ അന്നും ഇന്നും കെ.സി നടത്തിയ പോസിറ്റീവായ ഇടപെടലുകളെ ഉയര്‍ത്തിക്കാട്ടി സി.പി.എമ്മിന്റെ ആരോപണങ്ങളുടെ മുനയൊടിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.

















