പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകള്‍ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ എന്ന് എഴുത്തുകാരി ഫർസാന. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഫർസാനയുടെ പ്രതികരണം. നേരത്തെ, മിശ്കാല്‍ പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതില്‍ ഗവേഷകരടക്കമുള്ള സ്ത്രീകള്‍ വിമർശനം ഉന്നയിച്ചിരുന്നു.

‘ചരിത്രപ്രധാനമായ മിശ്കാല്‍ പള്ളിയുടെ അകം കാണണമെന്ന ആഗ്രഹത്തില്‍ അവിടേക്ക് പോയിരുന്നു. അനുവദിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇപ്പോഴിതാ, കോഴിക്കോട്ടേക്കുവന്ന സുനിതാ വില്യംസ് മിശ്കാല്‍ പള്ളിക്കകം കണ്ടെന്നുള്ള വാർത്തകള്‍ വരുന്നു.’ ഫർസാന ഫേസ്ബുക്കില്‍ കുറിച്ചു. ‘സ്വന്തം സമുദായത്തിലെ സ്ത്രീകളെ കണ്ടാല്‍ അകത്തേക്ക് കയറ്റാതെ ഉറഞ്ഞുതുള്ളുന്ന പുരോഹിതർ പക്ഷെ സുനിതാ വില്യംസിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതെന്താണ്?’ അവർ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ മുഖ്യാതിഥിയായെത്തിയ സുനിത വില്യംസ് ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണ് കുറ്റിച്ചിറ മിശ്കാല്‍ പള്ളിയിലെത്തിയത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയർന്നത്. സുനിത വില്യംസിന് കയറാവുന്ന പള്ളിയില്‍ നാട്ടിലുള്ളവർക്കും ഗവേഷകരും സഞ്ചാരികളുമായ വനിതകള്‍ക്കും സന്ദർശിക്കാൻ അനുവദിക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചു.മലയാളത്തിലെ ശ്രദ്ധേയമായ നോവലുകളുടെ രചയിതാവാണ് ഫർസാന. സാമൂഹിക വിഷയങ്ങളും സ്ത്രീപക്ഷ ചിന്തകളുമാണ് ഫർസാനയുടെ എഴുത്തുകളിലെ പ്രധാന പ്രമേയം. മലബാറിലെ മുസ്‌ലിം സ്ത്രീകളുടെ ജീവിതകഥ പറയുന്ന ‘കിള’, കാഴ്ചകളും ചിന്തകളും ജീവിത സാഹചര്യങ്ങളും പ്രമേയമാക്കിയ ‘എല്‍മ’, വേട്ടാള എന്നിവയാണ് പ്രധാന കൃതികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക