തിരുവനന്തപുരം : സിപിഎമ്മിനെ കുരുക്കിലാക്കി ഗുരുതര വെളിപ്പെടുത്തലുമായി കണ്ണൂരില്‍ നിന്നുള്ള നേതാവ് വി കുഞ്ഞികൃഷ്ണൻ. ധൻരാജ് രക്തസാക്ഷി ഫണ്ടില്‍ സിപിഎം തിരിമറി നടത്തിയെന്നാണ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി കുഞ്ഞികൃഷ്ണന്റെ ആരോപണം. ഫണ്ട് ശേഖരണമല്ല വിഷയമെന്നും ഫണ്ട് ചിലവഴിച്ചതില്‍ കൃത്രിമം നടത്തിയെന്നതാണ് പ്രശ്നമെന്നും ഒരു സ്വകാര്യ വാർത്താചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
“ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎല്‍എയായ ടി ഐ മധുസൂദനൻ തട്ടിയെടുത്തു. ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തി. തന്റെ മുന്നില്‍ ആദ്യമായി വരുന്നത് ധൻരാജ് രക്തസാക്ഷി ഫണ്ടല്ല. ധൻരാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വർഷം തന്നെ ഫണ്ട് പിരിക്കാൻ തീരുമാനിച്ചു. പാർട്ടി പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ആ കുടുംബത്തെ അനാഥമാക്കാൻ കഴിയില്ലെന്നാണ് പാർട്ടി തീരുമാനം. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു.
വീട് നിർമിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം. 2017 ഡിസംബർ 8,9 തിയ്യതികളില്‍ നടന്ന ഏരിയാസമ്മേളനത്തില്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. പിന്നീട് ധൻരാജിൻ്റെ കുടുംബത്തിനുള്ള വീട് നിർമാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചിരുന്നില്ല. 2020ലാണ് താൻ പാർട്ടി ഏരിയാ സെക്രട്ടറിയാവുന്നത്. 2021ല്‍ കണക്ക് ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകള്‍ അവതരിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാൻ തന്നെ ഏല്‍പ്പിച്ചിരുന്നു. അതില്‍ വിചിത്രമായ കണക്കുകളാണ് തനിക്ക് കാണാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ധൻരാജ് ഫണ്ട് പരിശോധിക്കുന്നത്. 2017ലെ വരവില്‍ 10ലക്ഷത്തിലേറെ തുക ചിലവായെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് അന്ന് പിരിച്ചിരുന്നത്’. വീട് നിർമാണത്തിന്റെ കണക്കുകള്‍ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തി’- വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

















