വടക്കൻ ബംഗളൂരുവില്‍ ആണ്‍കുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി പകല്‍സമയങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു.തനരി റോഡ് സ്വദേശികളായ ശാലു, നീലു എന്നിവരെയാണ് സമ്പഗെഹള്ളി പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ വിചിത്രമായ മോഷണത്തിന്റെ ചുരുളഴിഞ്ഞത്.

ആർക്കും സംശയം തോന്നാതിരിക്കാൻ കൗമാരക്കാരായ ആണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിച്ചായിരുന്നു ഇവർ മോഷണത്തിനായി എത്തിയിരുന്നത്. സ്കൂട്ടറില്‍ കറങ്ങി നടന്ന് വീട്ടുകാർ പുറത്തുപോകുന്നത് വരെ ഇവർ നിരീക്ഷിക്കും. വീട് ഒഴിഞ്ഞെന്ന് ഉറപ്പായാല്‍ ഉടൻ അകത്തുകയറി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവരും. ഈ വേഷപ്പകർച്ച കാരണം അയല്‍വാസികളുടെയോ വഴിപോക്കരുടെയോ കണ്ണില്‍പ്പെടാതെ പകല്‍സമയത്ത് മോഷണം നടത്താൻ ഇവർക്ക് കഴിഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരി 13-ന് യെലഹങ്കയ്ക്ക് സമീപമുള്ള അഗ്രഹാര ലേഔട്ടില്‍ നടന്ന മോഷണമാണ് കേസില്‍ നിർണ്ണായകമായത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഓട്ടോ ഡ്രൈവർ സംഗമേഷ്, തന്റെ വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവർന്നതായി കണ്ടെത്തി. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു മോഷണം. സംഗമേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

ദൃശ്യങ്ങളില്‍ രണ്ട് ആണ്‍കുട്ടികള്‍ സ്കൂട്ടറില്‍ വന്നുപോകുന്നത് വ്യക്തമായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതികളെ വലയിലാക്കി. പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥർ അത്ഭുതപ്പെട്ടു. സിസിടിവിയില്‍ കണ്ടത് ആണ്‍കുട്ടികളെയായിരുന്നെങ്കിലും പിടിക്കപ്പെട്ടത് രണ്ട് യുവതികളായിരുന്നു. ചോദ്യം ചെയ്യലില്‍, വേഷം മാറി തങ്ങള്‍ പലയിടങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് ഇവർ സമ്മതിച്ചു.

പകല്‍സമയത്തും വീടുകള്‍ സുരക്ഷിതമായി പൂട്ടണമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും സമ്പഗെഹള്ളി പോലീസ് ജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. പ്രതികള്‍ മറ്റ് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച്‌ അന്വേഷണം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക