കർട്ടന്റെ പിന്നിൽ കാര്യങ്ങൾ നിയന്തിക്കുന്ന സ്റ്റേജ് മാനേജരുടേതിന് സമാനമാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ കെസി വേണുഗോപാലിന്റെ റോൾ. കോൺഗ്രസിന്റെ ഒട്ടുമിക്ക വിജയഗാഥകൾക്ക് പിന്നിലും, തന്ത്രങ്ങൾക്ക് പിന്നിലും കെസിയുടെ കരസ്പർശം ഉണ്ടെങ്കിലും ഒരിക്കലും അതിൻറെ മേന്മ അവകാശപ്പെടുവാൻ അദ്ദേഹം രംഗത്തെത്താറില്ല. രാഷ്ട്രീയ നീക്കങ്ങളിലെ സൂക്ഷ്മതയാണ് കെ സിയുടെ വിജയമന്ത്രം എന്ന് പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഈ സൂക്ഷ്മത തന്നെയാണ് കെ സി വേണുഗോപാലിനെ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ അഭിവാജ്യ ഘടകം ആക്കി മാറ്റുന്നത്.

ദേശീയതലത്തിൽ നിർണായകമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തതോടെ കേരളത്തിലെ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ സ്ഥിരമായ ഇടപെടൽ അദ്ദേഹത്തിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. എന്നാൽ പാർട്ടിക്ക് ചരിത്രത്തിൽ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർ പരാജയങ്ങൾ ഉണ്ടായതോടെ കെ സി വേണുഗോപാൽ എന്ന നേതാവ് സംസ്ഥാന രാഷ്ട്രീയത്തിലും സൂക്ഷ്മമായ ഇടപെടലുകൾ നടത്തുവാൻ തുടങ്ങി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കോൺഗ്രസ് കൈവരിച്ച മുന്നേറ്റങ്ങൾക്ക് കെസിയുടെ അദൃശ്യ സാന്നിധ്യവും കരസ്പർശവും തന്നെയാണ് കരുത്തായത്. എന്നാൽ ഒരിക്കൽപോലും അതിൻറെ ക്രെഡിറ്റ് അവകാശപ്പെട്ട് അദ്ദേഹം രംഗത്ത് എത്തിയതുമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ സി വേണുഗോപാലിൻറെ സൂക്ഷ്മ നിരീക്ഷണത്തിന്റെയും, ഫലപ്രദമായ രാഷ്ട്രീയ തന്ത്രങ്ങളുടെയും ഏറ്റവും പുതിയ ഉദാഹരണമാണ് കൊട്ടാരക്കര മുൻ എംഎൽഎ ആയ സിപിഎമ്മിന്റെ ജനകീയ വനിതാ നേതാവ് ഐഷാ പോറ്റിയുടെ അപ്രതീക്ഷിത കോൺഗ്രസ് പ്രവേശം. മാസങ്ങൾക്ക് മുമ്പ് നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ കൊട്ടാരക്കരയിൽ ഐഷ പോറ്റി പങ്കെടുത്തതോടെ അവർ കോൺഗ്രസിലേക്ക് എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും അതിനെ പ്രതിരോധിക്കാൻ സിപിഎം മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു. ആ ഘട്ടത്തിൽ പാർട്ടിയോടുള്ള പ്രതിഷേധാർത്ഥവും ഉമ്മൻചാണ്ടിയോടുള്ള പ്രതിബദ്ധതയും മൂലം ഐഷ പോറ്റി അനുസ്മരണ യോഗത്തിൽ എത്തി എന്നതിനപ്പുറം ആ വരവിന് വലിയ രാഷ്ട്രീയ മാനങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഐഷാ പോറ്റിയുടെ വാക്കുകളും നിലപാടുകളും സസൂക്ഷ്മം വിലയിരുത്തിയ കെസി വേണുഗോപാൽ കൊട്ടാരക്കര നിയോജകമണ്ഡലം തിരികെ പിടിക്കുവാനും കൊല്ലം ജില്ലയിലാകെ യുഡിഎഫിന് മേൽക്കൈ നേടുവാനും ഐഷാ പോറ്റിയുടെ കോൺഗ്രസിലേക്കുള്ള കടന്ന് വരവ് കൊണ്ട് സാധിക്കും എന്ന് തിരിച്ചറിഞ്ഞിടത്താണ് ഇന്ന് ഫലപ്രാപ്തിയിലെത്തിയ രാഷ്ട്രീയ നീക്കത്തിന് തുടക്കമായത്.

ഐഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തെ മുൻകൂട്ടി കണ്ടു പ്രതിരോധിക്കാൻ ഇറങ്ങിയ സിപിഎമ്മിനെ ഇത്തരം ഒരു നീക്കത്തിന് സാധ്യതയില്ല എന്ന ഒരു പ്രതീതി സൃഷ്ടിച്ചു കൊണ്ട് കബളിപ്പിക്കുവാൻ കെ സി എന്ന രാഷ്ട്രീയ തന്ത്രജ്ഞന് സാധിച്ചിടത്താണ് ഭരണപക്ഷത്തിന് അപ്രതീക്ഷിത ആഘാതമായി ഐഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശം മാറിയത്. നീക്കങ്ങൾ ചോരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയ എഐസിസി ജനറൽ സെക്രട്ടറി നേരിട്ടാണ് കോൺഗ്രസ് സമരവേദിയിലേക്ക് കടന്നുവന്ന ഐഷാ പോറ്റിയെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ജോസ് കെ മാണി വിഷയം ചർച്ച ചെയ്തുകൊണ്ടിരുന്ന മാധ്യമങ്ങൾ പോലും ഐഷാ പോറ്റി കോൺഗ്രസ് വേദിയിൽ എത്തിയതോടെയാണ് വിവരമറിഞ്ഞത്. ഐഷാപോറ്റിയെ അപകീർത്തിപ്പെടുത്തി ഈ നീക്കങ്ങളുടെ ശോഭ കെടുത്തുവാനുള്ള സിപിഎം മാധ്യമ സിൻഡിക്കേറ്റും ഇതിനാൽ നിരായുധരായി മാറി. ഇത്തരത്തിൽ സിപിഎം പയറ്റുന്ന രാഷ്ട്രീയ തന്ത്രങ്ങളുടെ ശൈലി കൃത്യമായി തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുവാനും മറുതന്ത്രം മെനയുവാനുമുള്ള കെസി വേണുഗോപാലിൻറെ മിടുക്ക് കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും അധികാരത്തിന്റെ പാതയിലേക്ക് തിരികെ എത്തുന്നതിൽ നിർണായകമായ മുൻതൂക്കമാണ് നൽകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക