യുഎഇയിലെ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും മലയാളിയുമായ ഹഫീസ ഫിറോസിന്റെ ചിത്രങ്ങള്‍ മസാജ് സെന്ററുകളില്‍ അനുവാദമില്ലാതെ ഉപയോഗിച്ച യുവാവ് പിടിയില്‍.പ്രതിയുടെ പേര് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, അറസ്റ്റിലായ വ്യക്തി മലയാളിയും തന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ നിന്നുള്ള ആളുമാണെന്ന് അറിഞ്ഞതില്‍ ദുഃഖമുണ്ടെന്ന് ഹഫീസ വെളിപ്പെടുത്തി. അജ്‌മാൻ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
കണ്ണൂർ മട്ടന്നൂർ സ്വദേശിയാണ് ഹഫീസ. യുഎഇയില്‍ ലൈസൻസുള്ള ഫാഷൻ, ഇലക്‌ട്രോണിക്‌സ് ബ്ലോഗറായ യുവതിക്ക് ഇൻസ്റ്റഗ്രാമില്‍ 1.38 ലക്ഷം ഫോളോവേഴ്‌സുണ്ട്. ലൈംഗിക സേവനങ്ങള്‍ നല്‍കാമെന്ന തരത്തിലുള്ള അടിക്കുറിപ്പുകളാണ് യുവതിയുടെ ചിത്രത്തിനൊപ്പം രണ്ട് മസാജ് പാർലറുകള്‍ പ്രചരിപ്പിച്ചത്. ഈ പോസ്റ്റർ പലരും അയച്ചുതന്നപ്പോള്‍ വളരെയധികം വിഷമം തോന്നിയെന്ന് യുവതി പറഞ്ഞു. പലരും അവരെ കളിയാക്കുകയും ചെയ്‌തു.
യാബ് ലീഗല്‍ സർവീസസിന്റെ സിഇഒ അഡ്വ. സലാം പാപ്പിനിശേരിയാണ് കേസ് ഏറ്റെടുത്തത്. അജ്മാൻ പ്രോസിക്യൂഷൻ മുഖേന സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സൈബർ കുറ്റകൃത്യം, അപകീർത്തിപ്പെടുത്തല്‍, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് പ്രതി ചിത്രങ്ങള്‍ എടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പല യുവതികള്‍ക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടായിരിക്കാം. എന്നാല്‍, എനിക്ക് മൗനമായിരിക്കാൻ സാധിച്ചില്ലെന്നും ഹഫീസ പറഞ്ഞു.













