നമ്മള്‍ സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത വഴികളിലൂടെയും പണം സമ്ബാദിക്കാൻ സാധിക്കും. അത്തരത്തില്‍ വൈവിദ്ധ്യമാർന്ന നിരവധി തൊഴിലുകള്‍ നമ്മുടെ ലോകത്തുണ്ട്.ഏകാന്തത അനുഭവിക്കുന്നവർക്ക്, തങ്ങളുടെ വിഷമതകള്‍ പറയാൻ ആളുകളെ വാടകയ്‌ക്കെടുക്കുന്ന പ്രവണത ചൈനയിലുണ്ട്. അതിനുസമാനമായ ജോലി പരിചയപ്പെടുത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ യുവതി.
ഇൻസ്റ്റാഗ്രാമില്‍ @storyteller_emma എന്ന പേരില്‍ അറിയപ്പെടുന്ന എമ്മ എന്ന യുവതി, പണം നല്‍കി ആളുകളുടെ ദുഃഖങ്ങള്‍ ഓണ്‍ലൈനായി കേള്‍ക്കുന്ന ബിസിനസാണ് ആരംഭിച്ചിരിക്കുന്നത്. ‘സുഹൃത്തുക്കളേ, ഞാൻ ഒരു പുതിയ ബിസിനസ് ആരംഭിക്കാൻ തീരുമാനിച്ചു. ആളുകളുടെ സങ്കടങ്ങള്‍ കേള്‍ക്കുന്നതാണ് എന്റെ ബിസിനസ്. നിങ്ങള്‍ക്ക് സങ്കടങ്ങള്‍ എന്നോട് പറയാം. കേള്‍ക്കാൻ ഞാൻ തയ്യാറാണ്’_ എന്നാണ് എമ്മ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് ഈടാക്കുന്ന നിരക്കുകയും യുവതി പങ്കുവച്ചിട്ടുമുണ്ട്.
ചെറിയ പരാതികളാണ് പറയാനുള്ളതെങ്കില്‍ 200 രൂപ, വലിയ പ്രശ്നങ്ങള്‍ പറയണമെങ്കില്‍ 400 രൂപ, കണ്ണീരും വാദപ്രതിവാദങ്ങളും ഉള്‍പ്പെടുന്ന കൂടുതല്‍ വൈകാരികമായ സെഷന് 1,000 രൂപയാണ് ഈടാക്കുന്നതെന്നും യുവതി വ്യക്തമാക്കി.
‘നിങ്ങളുടെ ദുഃഖങ്ങളില്‍ ഞാൻ നിങ്ങളോടൊപ്പമുണ്ട്. എനിക്ക് സന്ദേശം അയയ്ക്കുക, എന്നെ ബന്ധപ്പെടുക. നിങ്ങളുടെ ദുഃഖം എന്തുതന്നെയായാലും ഞാൻ നിങ്ങളോടൊപ്പം നില്‍ക്കുന്നു, നിങ്ങള്‍ ഒറ്റയ്ക്കല്ല. പണം തയ്യാറാക്കി വച്ചാല്‍ മതി’ എമ്മ പറഞ്ഞു.
വളരെപ്പെട്ടന്നുതന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരുപത്തിയൊന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ കമന്റ് ചെയ്തു. ‘സഹോദരി, ഞാൻ വളരെക്കാലമായി ഈ ജോലി ചെയ്യുന്നു, അതും സൗജന്യമായി’- എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

















