ലഖ്‌നൗവിലെ പുതുവത്സര ലഹരിയെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ നിയമലംഘനവുമായി രംഗത്തെത്തിയത് വലിയ വിവാദമായിരിക്കുകയാണ്.തിരക്കേറിയ ഹസ്രത്ഗഞ്ച് കവലയില്‍ അർദ്ധരാത്രിയോടെയാണ് ബാരബങ്കിയില്‍ സേവനമനുഷ്ഠിക്കുന്ന സബ് ഇൻസ്പെക്ടർ അമിത് ജയ്‌സ്വാള്‍ മദ്യലഹരിയില്‍ അതിക്രമം കാണിച്ചത്.

നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ പോലീസ് ഒരുക്കിയ സുരക്ഷാ വേലികള്‍ വകവെക്കാതെ സ്വന്തം കാറില്‍ പാഞ്ഞുകയറിയ ഇയാള്‍, വഴിതിരിച്ചുവിടാൻ ആവശ്യപ്പെട്ട സഹപ്രവർത്തകരോട് അങ്ങേയറ്റം പ്രകോപനപരമായാണ് പെരുമാറിയത്.സിവില്‍ വേഷത്തിലായിരുന്ന ഉദ്യോഗസ്ഥൻ വാഹനം വേഗത്തില്‍ മുന്നോട്ടെടുത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐ അശുതോഷ് ത്രിപാഠിയെ അപായപ്പെടുത്താൻ ശ്രമിച്ചത് സ്ഥലത്ത് വലിയ പരിഭ്രാന്തി പരത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമിതവേഗതയില്‍ പാഞ്ഞ കാർ ബാരിക്കേഡുകള്‍ തകർത്തെങ്കിലും ചുറ്റുമുണ്ടായിരുന്ന പോലീസ് സംഘം സാഹസികമായി വാഹനം തടയുകയായിരുന്നു.പരിശോധനയില്‍ കാറിനുള്ളില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെടുക്കുകയും ഇയാള്‍ ലഹരിയിലാണെന്ന് വ്യക്തമാവുകയും ചെയ്തു. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് ഡിസിപി ഉള്‍പ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ഇയാള്‍ മടിച്ചില്ല.

നിയമം കാക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ പരസ്യമായി മദ്യപിച്ച്‌ അഴിഞ്ഞാടിയത് കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ പ്രദേശത്തെ ഗതാഗതം ദീർഘനേരം തടസപ്പെട്ടു.സ്വന്തം ഡിപ്പാർട്ട്‌മെന്‍റിലെ ഉദ്യോഗസ്ഥനെതിരെ തന്നെ കർശന നടപടിയെടുക്കേണ്ടി വന്നതിന്‍റെ നാണക്കേടിലാണ് ഇപ്പോള്‍ ലഖ്‌നൗ പോലീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക