മനുഷ്യത്വവും ഉത്തരവാദിത്തബോധവും കൈവിടാത്ത സാധാരണക്കാരായ മനുഷ്യരാണ് ഒരു നഗരത്തെ സുരക്ഷിതമാക്കുന്നത് എന്നതിന് തെളിവായി കൊല്‍ക്കത്തയില്‍ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.അമിതമായി മദ്യപിച്ച്‌ അവശയായ യുവതിയെ സ്വന്തം മകളെപ്പോലെ കരുതി സുരക്ഷിതമായി വീട്ടിലെത്തിച്ച ടാക്സി ഡ്രൈവറാണ് ഇന്ന് ഇന്‍റർനെറ്റിലെ താരം.

നഗരങ്ങളിലെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വർദ്ധിച്ചുവരുന്ന കാലഘട്ടത്തില്‍, മാതൃകാപരമായ പെരുമാറ്റത്തിലൂടെ ഈ ഡ്രൈവർ കൈയടി നേടുകയാണ്.വാഹനത്തിലെ ഡാഷ്ക്യാമില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പ്രകാരം, തനിക്ക് ലഹരി കൂടുതലാണെന്നും സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നും യുവതി പരിഭ്രമത്തോടെ ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ യാതൊരു പരിഭ്രമവുമില്ലാതെ, വളരെ ശാന്തനായി “ബേട്ടാ’ (മോളേ) എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. താൻ കൂടെയുള്ളപ്പോള്‍ പേടിക്കേണ്ടതില്ലെന്നും മിണ്ടാതിരുന്നാല്‍ കൃത്യമായി വീട്ടിലെത്തിക്കാമെന്നും അദ്ദേഹം ആവർത്തിച്ച്‌ ഉറപ്പുനല്‍കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാത്രയ്ക്കിടയില്‍ യുവതിയുടെ അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ ഡ്രൈവർ തന്നെ ഫോണ്‍ വാങ്ങി സംസാരിക്കുകയും വീട്ടുകാരുടെ ആധി അകറ്റാൻ തന്‍റെ ലൈവ് ലൊക്കേഷൻ അവർക്ക് അയച്ചുനല്‍കുകയും ചെയ്തു.വൈകി എത്തുന്നതിന് അമ്മ വഴക്കുപറയുമെന്ന് യുവതി പറഞ്ഞപ്പോള്‍, ഒരു പിതാവിനുള്ള അധികാരത്തോടെ അദ്ദേഹം നല്‍കിയ തമാശരൂപേണയുള്ള മറുപടികളും യാത്രയിലുടനീളം അദ്ദേഹം പുലർത്തിയ കരുതലും കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നതാണ്.

വീടിന് മുന്നിലെത്തിയപ്പോള്‍ നന്ദി പറഞ്ഞ യുവതിയോട്, ഇതൊരു ഔദാര്യമല്ലെന്നും താൻ പണം വാങ്ങി ചെയ്യുന്ന ജോലിയുടെ ഭാഗമായുള്ള ഉത്തരവാദിത്തം മാത്രമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.യുവതി വീടിന്‍റെ ഗേറ്റിനുള്ളില്‍ സുരക്ഷിതമായി കയറിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഈ വീഡിയോ വൈറലായതോടെ കൊല്‍ക്കത്ത വീണ്ടും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മാറുന്നത് ഇത്തരം മനുഷ്യർ ഉള്ളതുകൊണ്ടാണെന്ന് പലരും അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക