വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസായി പ്രവർത്തിക്കുന്ന മുറി ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലർ ശ്രീലേഖ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വി ജോയ് എംഎല്‍എ.നേരത്തെ പൊലീസ് ആയിരുന്നതിന്റെ അധികാര ഹുങ്കാണ് ആർ ശ്രീലേഖയ്ക്ക് എന്നും വിഷയത്തില്‍ മേയർ ഇടപെടണം എന്നും വി ജോയ് എംഎല്‍എ പ്രതികരിച്ചു.
നഗരസഭ കൗസില്‍ ആണ് അനുമതി നല്‍കിയത്. അത് മറികടന്നാണ് ആർ ശ്രീലേഖയുടെ നടപടി. പുത്തനച്ചി പുരപ്പുറം തൂക്കും എന്നത് പോലെയാണിത്. പൊലീസ് ആയതിന്റെ അധികാര ഹുങ്കാണ് ശ്രീലേഖയ്ക്ക്. മേയർ വി വി രാജേഷ് ജനാധിപത്യപരമായി നടപടി പരിശോധിക്കണമെന്നും വി ജോയ് എംഎല്‍എ പറഞ്ഞു.
നിയമനുസൃതമുള്ള നടപടികള്‍ തുടരണമെന്ന് പറഞ്ഞ അദ്ദേഹം തികഞ്ഞ പകയോടെയാണ് ബിജെപി പ്രവർത്തിക്കുന്നത് എന്നതിന്റെ സൂചനയാണിതെന്നും ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ക്ക് ഭാവിയില്‍ അത് മനസ്സിലാകും എന്നും പാലക്കാട് നഗരസഭയിലേതിന് സമാനമായ നീക്കമാണ് ബിജെപി നടത്തുന്നത് എന്നും വി ജോയ് എംഎല്‍എ കുറ്റപ്പെടുത്തി.

















