തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാലാ നിയോജകമണ്ഡലത്തിൽ യുഡിഎഫ് ഏറ്റവും ആവേശകരമായ വിജയം നേടിയ ഒരു പഞ്ചായത്തായി കൊഴുവനാൽ മാറി. ആകെയുള്ള 14 സീറ്റുകളിൽ എട്ടെണ്ണം വിജയിച്ച് കേവലഭൂരിപക്ഷം ഉറപ്പിച്ചാണ് യുഡിഎഫിന്റെ ഇവിടുത്തെ വിജയം. പ്രതിപക്ഷ നിരയിൽ ഇടതുമുന്നണിയും എൻഡിഎയും മൂന്ന് സീറ്റുകൾ വീതം നേടി തുല്യത പാലിച്ചു. ഇടതുമുന്നണിയിൽ തന്നെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് കേവലം രണ്ട് സീറ്റുകളാണ് ലഭിച്ചത്.
ഇന്ന് ഗ്രാമപഞ്ചായത്ത് അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകൾ പൂർത്തിയാകുമ്പോൾ കോൺഗ്രസ് പ്രതിനിധിയായ മുതിർന്ന നേതാവ് ജോസി പൊയ്കയിൽ കൊഴുവനാലിന്റെ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ജോസഫ് ഗ്രൂപ്പ്നോമിനി ആലീസ് ജോയ് മറ്റവും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾക്കു മുമ്പ് കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിഞ്ഞതും യുവ നേതാവായ ഗോകിൽ ജഗ്നിവാസിനെ പാർട്ടിയുടെ മണ്ഡലം പ്രസിഡൻറ് സ്ഥാനത്ത് നിയോഗിച്ചതുമാണ് യുഡിഎഫിന് നിർണായകമായ മേൽക്കൈ നൽകിയതും ഉജ്ജ്വല വിജയം നേടുവാൻ സഹായകരമായതും.
ജോസി പൊയ്കയിൽ – പഞ്ചായത്ത് പ്രസിഡൻറ്
സംഘടനാ പാടവത്തിന്റെയും ഭരണപരിചയത്തിന്റെയും മികച്ച ആനുകൂല്യമാണ് ജോസി പൊയ്കയിലിനെ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുവാൻ സാഹചര്യം ഒരുക്കിയത്. 2005-10 കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ ആയിരുന്നു ഇദ്ദേഹം, 2010 – 15 കാലഘട്ടത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ ആയിരുന്നു. 2020 25 കാലഘട്ടത്തിൽ യുഡിഎഫിന് നിയോജകമണ്ഡലത്തിൽ കനത്ത തിരിച്ചടി ഉയർന്നപ്പോഴും ജോസി ബ്ലോക്ക് ഡിവിഷനിൽ നിന്ന് വിജയിച്ചുകയറി ജനപ്രതിനിധി ആയിരുന്നു.
ആലീസ് ജോയ് മറ്റം – വൈസ് പ്രസിഡൻറ്
ജോസഫ് ഗ്രൂപ്പ് നേതാവായ ആലീസ് ജോയ് മറ്റം ഇത് മൂന്നാംവട്ടമാണ് കൊഴുവനാൽ പഞ്ചായത്തിൽ ജനപ്രതിനിധി ആകുന്നത്. 2010-15, 2020-25 കാലഘട്ടങ്ങളിൽ ഇവർ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നാംവട്ടം ജനപ്രതിനിധിയായപ്പോൾ പഞ്ചായത്ത് ഉപാധ്യക്ഷൻ ആകുവാൻ അവസരം ലഭിച്ചത് ആലീസിൻ്റെ വിജയത്തിന് ഇരട്ടിമധുരം നൽകുന്നു.

















