ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന വികാരം ബി.ഡി.ജെ.എസിനുള്ളില്‍ ശക്തമാകുന്നു. പാർട്ടിയുടെ വളർച്ചയേയും സാധ്യതകളേയും ബിജെപി തടയുകാണെന്ന വികാരം ബി.ഡി.ജെ.എസിനുള്ളില്‍ ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനെ പൂർണമായും ബിജെപി അവഗണിച്ചെന്നും നേതാക്കളും പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ നിരന്തര അവഗണനയെത്തുടർന്ന് മുന്നണി വിടേണ്ടതാണെന്ന അഭിപ്രായമാണ് പാർട്ടിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റു പങ്കിടലിനെച്ചൊല്ലി തിരഞ്ഞെടുപ്പിന് മുമ്ബുതന്നെ ബി.ഡി.ജെ.എസ്. നേതൃത്വത്തിനും ബി.ജെ.പി.ക്കും ഇടയില്‍ അസ്വസ്ഥത നിലനിന്നിരുന്നു. ശക്തികേന്ദ്രങ്ങളിൽ പോലും വേണ്ടത്ര സീറ്റുകള്‍ നല്‍കുന്നില്ലെന്നും, ധാരണയായ ഇടങ്ങളില്‍ പോലും ബി.ജെ.പി. ബദല്‍ സ്ഥാനാർഥികളെ നിർത്തുന്നുവെന്നുമായിരുന്നു പരാതി. പ്രശ്നപരിഹാരത്തിനായി ചേർത്തലയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച നടത്തിയെങ്കിലും, അതിന്റെ ഗുണഫലം താഴെത്തട്ടില്‍ പ്രകടമായില്ല. ആകെ 40 നിയോജകമണ്ഡലങ്ങളില്‍ മാത്രമാണ് ബി.ഡി.ജെ.എസിന് സീറ്റുകള്‍ ലഭിച്ചത്. അവിടെയും ആരും ആഗ്രഹിക്കാത്ത സീറ്റുകള്‍ നല്‍കി, ബദല്‍ സ്ഥാനാർഥികളെ നിർത്തി പാർട്ടിയെ ദുർബലപ്പെടുത്തുകയായിരുന്നുവെന്നാണ് നേതാക്കളുടെ ആരോപണം.
ചേർത്തല മേഖലയില്‍ ഇരുപാർട്ടികള്‍ക്കും സ്ഥാനാർഥികളില്ലാത്ത സാഹചര്യം വരെ ഉണ്ടായി. ചിലർ പോസ്റ്റർ ഒട്ടിച്ച ശേഷം പോലും പിന്മാറേണ്ടിവന്നതായും പറയുന്നു.തദ്ദേശ ഭരണത്തിലൂടെ പ്രവർത്തകർക്ക് അധികാരത്തിന്റെ ഭാഗമാകാമായിരുന്ന അവസരം പൂർണമായി നിഷേധിക്കപ്പെട്ടതോടെ ഇനി അണികളോട് വിശദീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പല നേതാക്കളും. കൊച്ചി കോർപ്പറേഷനില്‍ കഴിഞ്ഞ തവണ രണ്ടാമതെത്തിയ സീറ്റ് ബി.ജെ.പി. ഏറ്റെടുത്ത് മത്സരിച്ച് പരാജയപ്പെട്ടതും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.എസ്.എൻ.ഡി.പി. യോഗം നേതൃത്വത്തോട് നിരവധി യൂണിയനുകള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. പാർട്ടി പിരിച്ചുവിടണമെന്ന ആവശ്യം പോലും ഉയർന്നിട്ടുണ്ട്.
ഇതിനിടെ ചില നേതാക്കള്‍ നേരത്തേതന്നെ ബി.ജെ.പി.യില്‍ ചേർന്നിരുന്നു. മറ്റുചിലർ മാതൃസംഘടനകളിലേക്ക് മടങ്ങണമെന്ന നിലപാടിലാണെന്നും അറിയുന്നു. അതേസമയം, ശക്തമായ വിലപേശലിലൂടെ എൻഡിഎയില്‍ തുടരണമെന്ന വാദവും ഉയരുന്നുണ്ട്. രാജീവ് ചന്ദ്രശേഖറുമായുള്ള അടുത്ത ബന്ധം കാരണം മുന്നണി വിടുന്നതിനെ തുഷാർ വെള്ളാപ്പള്ളി അനുകൂലിക്കുന്നില്ലെന്നും, എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടനുസരിച്ചാകും തുടർനടപടികളെന്നും സൂചനയുണ്ട്.

















