കോർപ്പറേഷൻ രൂപീകരണം മുതല്‍ ഇടതിന്റെ കുത്തകയായി തുടർന്ന കൊല്ലത്ത് എല്‍ഡിഎഫിന് വൻ തിരിച്ചടി. വടക്കുഭാഗത്ത് നിലവിലെ മേയർ ഹണി ബെഞ്ചമിൻ പരാജയപ്പെട്ടു.യുഡിഎഫ് സ്ഥാനാർത്ഥിയായ കുരുവിള ജോസഫിനോടാണ് മേയർ തോറ്റത്. ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷനില്‍ മുൻ മേയർ പി രാജേന്ദ്രബാബുവും തോറ്റു. എൻഡിഎ സ്ഥാനാർത്ഥി ടിഎ അബിലാഷിനോടാണ് പരാജയം. രാജേന്ദ്രബാബു മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
ഇടതുകോട്ടയായ കൊല്ലം കോർപ്പറേഷനില്‍ ചരിത്രം തിരുത്തുമെന്ന പ്രഖ്യാപിച്ചുകൊണ്ടാണ് യുഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്. ആദ്യം സ്ഥാനാർത്ഥി പത്രിക പുറത്തിറക്കിയ യുഡിഎഫ് ‘കുറ്റപത്രം’ എന്ന പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചും. മേയർ സ്ഥാനാർത്ഥി അടക്കം 13 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയാണ് യുഡിഎഫ് തുടക്കം കുറിച്ചത്.
മാലിന്യ പ്രശ്നവും തെരവുനായ ശല്യവും റോഡുകളുടെ പോരായ്മയും തെരുവ് വിളക്കുകളുടെ അപര്യാപ്തതയും പ്രഹസനമായി മാറിയ പദ്ധതികളും തുടങ്ങി നീണ്ട നിരയാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. മുൻ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇക്കുറി ആർഎസ്‌പി നേതാവും കൊല്ലം എംപി യുമായ എൻകെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളാണ് യുഡിഎഫ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിലത്തെ ഫലം പുറത്തുവരുമ്ബോള്‍ കൊല്ലം കോർപ്പറേഷനില്‍ 16 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ഒമ്ബത് സീറ്റുകളില്‍ എൻഡിഎയും ഏഴ് സീറ്റുകളില്‍ എല്‍ഡിഎഫുമാണ് ലീഡ്.

















