അഞ്ചലിൽ പോലീസ് സ്റ്റേഷന് പരിധിയിലെ ആർച്ചലില്‍ കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിയ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത ഒഴിയുന്നില്ല. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ആർച്ചല്‍ പാലവിള വീട്ടില്‍ വിവേകിന്റെ ബുള്ളറ്റാണ് വീട്ടില് കയറി അഗ്നിക്കിരയാക്കിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആർച്ചലിലെ ലൈബ്രറിക്ക് സമീപം രണ്ടു യുവതികള്‍ നില്‍ക്കുന്നത് നാട്ടുകാർ കണ്ടിരുന്നു.

രാത്രി പന്ത്രണ്ടോടെയാണ് ബൈക്ക് കത്തിയതു വീട്ടുകാരറിയുന്നത്. ഈ സമയം മുറ്റത്തും വീടിന്റെ പടവുകളിലും മുഴുവൻ കരി ഓയില്‍ ഒഴിച്ചിരുന്നു. പുലർച്ചെ അഞ്ചരയോടെ അപരിചിതരായ രണ്ടു യുവതികള്‍ റോഡരികില്‍ നില്‍ക്കുന്നത് അതുവഴി സഞ്ചരിച്ച നാട്ടുകാർ കാണുന്നുണ്ടായിരുന്നു.എന്നാല്‍ വൈകുന്നേരം ആർച്ചലിലെത്തിയ യുവതികള്‍ രാത്രി പന്ത്രണ്ട് വരേയും ബൈക്ക് കത്തിച്ചതിനു ശേഷവുമുള്ള സമയം എവിടെയായിരുന്നു, ആരെങ്കിലും അവരെ സഹായിച്ചിരുന്നുവോ ബൈക്ക് കത്തിക്കാനാവശ്യമായ പെട്രോളും വീട്ടിനുള്ളിൽ ഒഴിച്ച കരി ഓയിലും അവർ നേരത്തേ കൊണ്ടുവന്നിരുന്നതാണോ യുവതികള്‍ക്ക് വിവേകിന്റെ വീടും പരിസരവും സ്ഥലവും നേരത്തേ പരിചയമുണ്ടായിരുന്നോ എന്നിങ്ങനെയുള്ള സംശയങ്ങളാണ് നാട്ടുകാർക്കുള്ളത്. മാത്രവുമല്ല വിവേകിന്റെ വീട്ടുമുറ്റത്തുനിന്നും ലഭിച്ച കത്തില്‍ പറയുന്നത് മൂന്നു വർഷം മുമ്പ് പുനലൂർ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധമുള്ളതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്നത്തെ സംഭവങ്ങള്‍ വളരെ കൃത്യതയോടെയാണ് കത്തില്‍ വിവരിക്കുന്നത്. അന്ന് വിവേക് ഉള്‍പ്പെടെയുള്ള വർക്ക് പോലീസ് സംഘത്തിന്റെ മർദനമേറ്റതിലുള്ള പ്രതികാരമെന്ന നിലയില്‍ കെഎസ്യുക്കാരാണ് ബൈക്ക് കത്തിച്ചതെന്നാണ് കത്തില്‍ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം യുവതികള്‍ക്കെങ്ങനെ അറിയാമെന്നും ഇതിന്റെ നിജസ്ഥിതിയും കണ്ടെത്തേണ്ടതുണ്ടെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പോലീസ് കസ്റ്റഡിയില്‍ വച്ചു പ്രതികളിലൊരാളായ ആരതി എന്ന യുവതി എലിവിഷം കഴിച്ച്‌ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. എലിവിഷവും നേരത്തേ ഇവർ കരുതിയിരുന്നതായാണ് നിഗമനം.

പോലീസിനോടൊപ്പം വാഹനത്തില്‍ സഞ്ചരിച്ച പ്രതി വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് വിഷം കഴിച്ച്‌ ആത്മഹത്യാശ്രമം നടത്തിയത്. ഇത് പോലീസിന്റെ ജാഗ്രതക്കുറവാണെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുവതികള്‍ക്ക് സ്ഥലത്തെത്തുന്നതിനും സുരക്ഷിതമായി ഒളിച്ചിരുന്ന ശേഷം ബൈക്ക് കത്തിച്ചശേഷം രക്ഷപെടുന്നതിനും പ്രാദേശികമായുള്ള സഹായം ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഇതിനിടയിൽ കോണ്ഗ്രസ് നേതൃത്വം സമാനമായ അവശ്യമുന്നയിച്ചു രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ആരതിയെ മജിസ്ട്രേറ്റ് നേരിട്ടെത്തി റിമാൻഡ് ചെയ്തിട്ടുണ്ട്.ആരതിയെ ഇന്ന് ഡിസ്ചാര്ജ് ചെയ്ത് ജയിലിലേക്ക് മാറ്റും. കൂടുതൽ അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി ആരതിയെയും ഗായത്രിയെയും കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക