സഹോദരൻ 46 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ സംഭവത്തില്‍, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്ഷുഭിതയായി മന്ത്രി. മധ്യപ്രദേശ് നഗരവികസന, ഭവനനിർമ്മാണ സഹമന്ത്രിയായ പ്രതിമ ബാഗ്രിയുടെ സഹോദരൻ അനില്‍ ബാഗ്രിയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. സംസ്ഥാനത്ത് നടന്ന ലഹരിമരുന്ന് വേട്ടയിലാണ് മന്ത്രിയുടെ സഹോദരനും സഹായി പങ്കജ് സിംഗും അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടർന്ന് റാംപൂർ ബാഗേലൻ പോലീസ് നടത്തിയ പരിശോധനയില്‍, നെല്ല് സൂക്ഷിച്ചിരുന്ന ചാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 46 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇതിന് ഏകദേശം 9.22 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതി 12 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.മന്ത്രിയുടെ സഹോദരൻ അനില്‍ ബാഗ്രിയും ഒളിവിലുള്ള ശൈലേന്ദ്ര സിംഗ് രജാവത്തും ചേർന്നാണ് കഞ്ചാവ് കൈമാറിയതെന്ന് പങ്കജ് സിംഗ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കേസിലെ മറ്റൊരു പ്രതിയായ മന്ത്രിയുടെ സഹോദരീ ഭർത്താവ് ശൈലേന്ദ്ര സിംഗ് സെമ്മുവിനെ ദിവസങ്ങള്‍ക്ക് മുൻപ് 10.4 കിലോഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അനില്‍ ബാഗ്രിയുടെ അറസ്റ്റിനെക്കുറിച്ച്‌ പ്രതികരിക്കാനായി മാധ്യമപ്രവർത്തകർ മന്ത്രി പ്രതിമ ബാഗ്രിയെ സമീപിച്ചപ്പോഴാണ് സംഭവം. ചോദ്യത്തില്‍ ക്ഷുഭിതയായ മന്ത്രി, “അനാവശ്യ കാര്യങ്ങള്‍ എന്തിനാണ് ചോദിക്കുന്നത്?” എന്ന് ചോദിക്കുകയും, വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മന്ത്രിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തുടർച്ചയായി ലഹരിമരുന്ന് കേസുകളില്‍ അറസ്റ്റിലാകുന്നത് ഭരണകക്ഷിയായ ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംഭവത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക