ഗോവയിലെ ബിര്‍ച്ച് ബൈ റോമിയോ ലെയ്‌ന്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു.ക്ല ബ് ഉടമകള്‍, പരിപാടിയുടെ സംഘാടകര്‍, മാനേജര്‍ എന്നിവര്‍ക്കെതിരേ എഫ്.ഐ.ആര്‍.ക്ല ബിന് ട്രേഡ് ലൈസന്‍സ് നല്‍കിയ അര്‍പോറ-നാഗോവ പഞ്ചായത്തിലെ സര്‍പഞ്ചിനെയും കസ്‌റ്റഡിയിലെടുത്തു. നൈറ്റ്‌ക്ലബ് ഉടമകളായ സൗരഭ് ലുത്രയ്‌ക്കും ഗൗരവ് ലുത്രയ്‌ക്കുമെതിരേ പോലീസ് ഭാരതീയ ന്യായ് സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍. ഫയല്‍ ചെയ്‌തിട്ടുണ്ട്.
ക്ലബിന്റെ മാനേജരെയും പരിപാടി സംഘാടകരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഗോവയുടെ തലസ്‌ഥാനമായ പനാജിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ അര്‍പോറയിലുള്ള നിശാക്ലബില്‍ അര്‍ധരാത്രി പിന്നിട്ടപ്പോഴാണ് അഗ്നിബാധയുണ്ടായത്.
മരിച്ച 25 പേരില്‍ നാലുപേര്‍ വിനോദസഞ്ചാരികളാണ്. 14 പേര്‍ ജീവനക്കാരാണ്. ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ ആറ് പേര്‍ സുഖം പ്രാപിച്ചിട്ടുണ്ടെന്നും വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
സര്‍പഞ്ചിന്റെ അറസ്‌റ്റ് ക്ലബിന് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ്. ട്രേഡ് ലൈസന്‍സ് 2013 ല്‍ നല്‍കിയെങ്കിലും ഉടമകള്‍ തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍ക്കിടയിലാണ് ക്ലബ് പ്രവര്‍ത്തിച്ചിരുന്നതെന്ന് റെഡ്‌കര്‍ വെളിപ്പെടുത്തി. ക്ലബിന് നിര്‍മാണാനുമതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് പൊളിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പഞ്ചായത്തിനെ നിര്‍ബന്ധിതമാക്കി. എന്നാലിത് പഞ്ചായത്ത് ഡയറക്‌ടറേറ്റ് ഇടപെട്ട് താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും ഉത്തരവാദിത്വം നിര്‍ണയിക്കാനും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. നൈറ്റ്‌ക്ലബിന്റെ ഒന്നാം നിലയിലാണ് തീപിടിത്തം ആരംഭിച്ചതെന്നാണ് സൂചന. ഇത് രക്ഷാദൗത്യം ദുഷ്‌കരമാക്കി. മുകളില്‍നിന്ന് താഴത്തെ നിലയിലേക്ക് ഓടിവന്നവരില്‍ ചിലര്‍ ഉള്‍പ്പെടെ കുടുങ്ങി.

















