ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സില്‍ തീപിടിച്ച സംഭവത്തില്‍ കോടികളുടെ നഷ്ടമുണ്ടായതായി കണക്കുകൂട്ടലുകള്‍. വിവാഹ സീസണ്‍ കൂടി ആയതിനാല്‍ വലിയ സ്‌റ്റോക്കാണ് ഷോറൂമില്‍ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. റംസാൻ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ് കൂടി കണക്കാക്കിയുള്ള സ്‌റ്റോക്കും സ്ഥാപനത്തിലുണ്ടായിരുന്നു.

ഇന്നലെ രാത്രി പടർന്നുതുടങ്ങിയ തീ ഇന്ന് രാവിലെ പുലർച്ചയോടെയാണ് പൂർണമായും അണയ്ക്കാനായത്. സംഭവത്തില്‍ ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. തീപിടിത്ത കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കും. ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സിന്റെ ഉടമകളായ സഞ്ജയ് കമ്മത്ത്, ഗോവിന്ദ് കമ്മത്ത് എന്നിവർ കോഴിക്കോട്ടേക്ക് ഇന്ന് എത്തും. അതിനുശേഷമാകും തീപിടിത്തത്തിലുണ്ടായ നഷ്ടം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2023ല്‍ ഇതേ സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന് നാല് കോടിയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു മാനേജ്‌മെന്റ് അറിയിച്ചത്. ഇത്തവണ നഷ്ടം ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മുൻപ് തീപിടിത്തത്തിന് കാരണമായത് ഷോർട്ട് സർക്യൂട്ടായിരുന്നു. ഇത്തവണത്തെ കാരണം വിശദ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപ്പടർന്നതെന്നാണ് ഇതുവരെയുള്ള വിവരം.

2023ല്‍ സ്ഥാപനം നവീകരിച്ചതിന് ശേഷം ഫയർ അലാറവും ഫയർ ഫൈറ്റിംഗ് സംവിധാനവും സജ്ജീകരിച്ചിരുന്നു എന്നാണ് ജീവനക്കാരുടെ വാക്കുകള്‍. അലറാം മുഴങ്ങിയിരുന്നെങ്കിലും മറ്റുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവർത്തിച്ചോ എന്ന് അന്വേഷണത്തിലൂടെയെ കണ്ടെത്താനാകൂ. തീപിടിത്തത്തില്‍ ആളപായമുണ്ടാകാത്തത് ആശ്വാസമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക