കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയില്‍ വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എല്‍.എ. വയനാട് കല്‍പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചെന്നാണ് എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞത്. പുക ഉയർന്ന സമയത്ത് വെന്‍റിലേറ്ററില്‍ നിന്ന് നസീറയുമായി ഓടുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നാം വാർഡിലാണ് നിലവില്‍ മൃതദേഹമുള്ളത്.
മൃതദേഹം നേരില്‍ കണ്ടതായും നസീറയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും ടി. സിദ്ദീഖ് അറിയിച്ചു. അത്യാഹിത വിഭാഗം ബ്ലോക്കില്‍ കഴിഞ്ഞിരുന്ന 34 രോഗികളെയാണ് നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. മിംസ് ആശുപത്രി-3, ബീച്ച് ആശുപത്രി-12, ബേബി മെമ്മോറിയല്‍ ആശുപത്രി -6, സ്റ്റാർ കെയർ ആശുപത്രി – 2, കോഓപറേറ്റീവ് ആശുപത്രി – 1, നിർമല ആശുപത്രി-2, ഇഖ് റ ആശുപത്രി -2 എന്നിങ്ങനെയാണ്.

അത്യാഹിത വിഭാഗമായി പഴയ ക്വാഷ്വാലിറ്റി താല്‍കാലികമായി ഉപയോഗിക്കുമെന്ന് മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ അറിയിച്ചു. രോഗികളെ മെയ്ൻ ബ്ലോക്കിലേക്കും സൂപ്പർ സ്പെഷ്യാലിറ്റി, മെഡിക്കല്‍ ബ്ലോക്ക്, ഐ.സി.യു എന്നിവിടങ്ങളിലേക്ക് മാറ്റും. ബീച്ച് ആശുപത്രിയിലും സൗകര്യമുണ്ടാകും. പ്രത്യേക മെഡിക്കല്‍ സംഘത്തെ ബീച്ച് ആശുപത്രിയിലേക്ക് അയക്കും. ശസ്ത്രക്രിയകള്‍ക്കായി പ്രധാന കെട്ടിടത്തിലെ ഓപറേഷൻ തീയറ്ററുകള്‍ ഉപയോഗിക്കാൻ നിർദേശം നല്‍കിയെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.
വൈകിട്ട് എട്ടു മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പുക ഉയർന്നതിനെ തുടർന്ന് 200ലധികം രോഗികളെ ഒഴിപ്പിച്ചത്. അത്യാഹിത വിഭാഗത്തോട് ചേർന്ന സി.ടി സ്കാന്‍റെ സമീപത്തുള്ള യു.പി.എസ് മുറിയില്‍ നിന്നാണ് പൊട്ടിത്തെറി ശബ്ദം കേട്ടതും വലിയ പുക നിറയുകയും ചെയ്തത്. ഇതോടെ പരിഭ്രാന്തരായ രോഗികളുടെ കൂട്ടിരിപ്പുകാർ ആദ്യം കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിയോടി. പിന്നീടാണ് രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങിയത്.

അഗ്നിശമനസേനയും പൊലീസും ചേർന്ന് രോഗികളെ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി. കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ആംബുലൻസുകള്‍ രോഗികളെ ഒഴിപ്പിക്കാനായി ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ രോഗികളുമായെത്തിയ 108 ആംബുലൻസുകളും ജീവനക്കാരും രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടു. ഇടക്ക് കുറച്ചുനേരം വൈദ്യുതി മുടങ്ങിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.യു.പി.എസിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മെഡിക്കല്‍ കോളജ് ആശുപത്രി സുപ്രണ്ടന്‍റ് അറിയിച്ചു.

അതേസമയം, സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് നിർദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിർദേശം നല്‍കിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.പുതിയ കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും കൃത്യമായ വിവരങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും എ.കെ. രാഘവൻ എം.പി മാധ്യമങ്ങളോട് പറഞ്ഞു. ബീച്ച് ആശുപത്രിയില്‍ ഡോക്ടറോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ രോഗികളെല്ലാം മെഡിക്കല്‍ കോളജിലേക്ക് വരികയാണ്. മെഡിക്കല്‍ കോളജിലും ആവശ്യത്തിന് ജീവനക്കാരില്ലെന്നും എം.പി ചൂണ്ടിക്കാട്ടി.

ഭയപ്പെടേണ്ട കാര്യമില്ലെന്നും രോഗികളെ മാറ്റിപാർപ്പിക്കാൻ ബീച്ച് ആശുപത്രിയില്‍ സൗകര്യമുണ്ടെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. മരുന്ന് അടക്കം എല്ലാം കൊടുക്കാൻ കോർപറേഷൻ തയാറാണ്. അപകട കാരണത്തെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും മേയർ മാധ്യമങ്ങളോട് വ്യക്തമാക്കി.

















