വെക്കേഷന് ഏറെപ്പേരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗോവ. നൈറ്റ് ലൈഫ് ആവോളം ആസ്വദിക്കാവുന്ന ബീച്ചുകളും മനോഹരമായ സ്ഥലങ്ങളുമാണ് ഇവിടത്തെ പ്രത്യേകത. സ്വതന്ത്ര ചിന്താഗതിക്കാരായ ആളുകളുടെ പറുദീസ കൂടിയാണ് ഗോവ. എന്നാല്‍, ഇവിടെ ഒറ്റയ്‌ക്കെത്തുന്ന സ്‌ത്രീകള്‍ക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വന്നിരുന്നു. പ്രത്യേകിച്ച്‌ ഒറ്റയ്‌ക്കെത്തുന്നവരെ പുരുഷന്മാ‌ർ ശല്യപ്പെടുത്തുന്നത് ഇവിടുത്തെ പതിവ് പ്രശ്‌നമാണ്.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഗോവ സർക്കാർ പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. ബീച്ചില്‍ സ്‌ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള മേഖല സൃഷ്‌ടിക്കാനാണ് തീരുമാനം. ഇവിടേക്ക് പുരുഷന്മാരെ കടത്തിവിടില്ല. അതിനാല്‍, സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും സ്‌ത്രീകള്‍ക്ക് ഗോവയുടെ സൗന്ദര്യവും ബീച്ചും ആസ്വദിക്കാനാവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ നിയമങ്ങള്‍: അരാംബോള്‍, മോർജിം, ബാഗ, കലാൻഗുട്ട്, മിറാമർ, ബൈന, ബോഗ്മാലോ, കോള്‍വ, ബാഗ-2, അശ്വെം എന്നിവയുള്‍പ്പെടെയുള്ള ബീച്ചുകളിലാണ് ഗോവ സർക്കാർ അതിർത്തി തിരിച്ചിരിക്കുന്നത്. വിനോദസഞ്ചാരികളുടെ തിരക്കേറുന്ന സമയങ്ങളില്‍ 100ലധികം മേഖലകളിലേക്ക് ഈ പദ്ധതി വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ ഓരോ മേഖലകളും മൂന്നായാണ് തിരിച്ചിരിക്കുന്നത്. പുരുഷന്മാർക്ക്, സ്‌ത്രീകള്‍ക്ക്, കുടുംബമായി എത്തുന്നവ‌ക്ക് എന്നിങ്ങനെയാണത്. അതിർത്തികള്‍ ലംഘിക്കാതിരിക്കാൻ ഈ ഭാഗങ്ങളില്‍ കയർ കെട്ടി വേർതിരിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷയുടെ ഭാഗമായി ഈ മേഖലകളില്‍ ജല കായിക വിനോദങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ദൃഷ്ടി മറൈന്റെ കീഴിലാണ് ഈ പദ്ധതി നടക്കുന്നത്. പുതിയ തീരുമാനത്തിന് വളരെയധികം പ്രശംസകള്‍ ലഭിക്കുന്നുണ്ടെന്നാണ് ദൃഷ്ടി മറൈനിന്റെ ഓപ്പറേഷൻസ് മാനേജർ ശശികാന്ത് ജാദവ് പറയുന്നത്. ഒറ്റയ്‌ക്ക് വരുന്ന സ്‌ത്രീകളും സുരക്ഷിതരായിരിക്കണം. അവധിക്കാലം ആഘോഷിക്കാനായാണ് അവർ ഇവിടേക്കെത്തുന്നത്. അങ്ങനെയുള്ളവർക്ക് ഒരു മോശം അനുഭവം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗോവയിലെ ബീച്ചുകളില്‍ വച്ച്‌ ചില പുരുഷന്മാർ വളരെ മോശം രീതിയില്‍ തങ്ങളെ സ്‌പർശിച്ചുവെന്നും ശരിയല്ലാത്ത ഭാഷയില്‍ സംസാരിച്ചുവെന്നും നിരവധി സ്‌ത്രീകള്‍ പോസ്റ്റിട്ടിട്ടുണ്ട്. ഏറെപേരും പൊലീസില്‍ പരാതിപ്പെട്ടിട്ടുമുണ്ട്. സെല്‍ഫി എടുക്കുന്നുവെന്ന വ്യാജേന ചിലർ സ്‌ത്രീകളുടെ ചിത്രങ്ങള്‍ പകർത്തുകയും അസഭ്യമായ പരാമർശങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

വിമർശകർക്ക് പറയാനുള്ളത്: ബീച്ചുകള്‍ ഇങ്ങനെ കെട്ടിയടയ്‌ക്കുന്നതിന് പകരം സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ‘ഇന്ന് സ്‌ത്രീകള്‍ക്ക് പ്രത്യേക മേഖലയുണ്ട്. പിന്നീട് നാട്ടുകാർക്കും വിനോദസഞ്ചാരികള്‍ക്കും പ്രത്യേക മേഖലകളാകും. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ മേഖലകള്‍ നഷ്‌ടപ്പെടും’, എന്നാണ് മനുഷ്യാവകാശ പ്രവർത്തക ആല്‍ബെർട്ടിന അല്‍മേഡ പറയുന്നത്. ബീച്ചിന്റെ പല ഭാഗങ്ങളിലായി പൊലീസ് കോണ്‍സ്റ്റബിളോ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരോ ഉണ്ടാകുന്നതാവും കൂടുതല്‍ നല്ലതെന്നും അവർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക