യുവനടിയെ ഓടുന്ന വാഹനത്തില്‍ ലൈംഗികമായി ആക്രമിച്ച കേസില്‍ നടൻ ദിലീപിന് പുതിയ കുരുക്ക്. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിക്കും എട്ടാം പ്രതിയായ ദിലീപിനും പരസ്പരം അറിയാമെന്ന് സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടെ തന്നെ അറിയില്ലെന്ന ദിലീപിന്റെ നിലപാട് കോടതിയില്‍ തള്ളിയിരിക്കുകയാണ് പള്‍സർ സുനി. എന്നാല്‍ ഒന്നാം പ്രതിയുമായി യാതൊരു പരിചയവുമില്ലെന്നാണ് ദിലീപ് എടുത്തിരുന്ന നിലപാട്.സംഭവം നടന്ന് എട്ടരവർഷത്തിനുശേഷം കേസില്‍ നാളെയാണ് വിധി പറയുന്നത്. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് വിധി പ്രസ്താവിക്കുക. പള്‍സർ സുനിയാണ് ഒന്നാംപ്രതി. ദിലീപ് അടക്കം പത്ത് പ്രതികളുണ്ട്.
2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, വടിവാള്‍ സലിം (എച്ച്.സലിം), പ്രദീപ്, ചാർലി തോമസ് എന്നിവരാണ് രണ്ടുമുതല്‍ ഏഴുവരെ പ്രതികള്‍. മേസ്ത്രി സനിലാണ് (സനില്‍കുമാർ) ഒമ്ബതാംപ്രതി. രണ്ടാം കുറ്റപത്രത്തില്‍ ദിലീപിന്റെ സൃഹൃത്തായ വി.ഐ.പി ശരത് എന്ന ശരത്‌നായരെയും പ്രതിചേർത്തിരുന്നു.2017 ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീർഘനാള്‍ ജയിലില്‍ കഴിഞ്ഞ പള്‍സർ സുനിക്ക് 2024 സെപ്തംബറില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ച് എട്ടിനാണ് വിചാരണ തുടങ്ങിയത്. കൂട്ടമാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ളീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നിവയില്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം.

















