നടിയെ ആക്രമിച്ച കേസില്‍ പരിഗണിച്ച വകുപ്പ് (376ഡി) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിനതടവ് മാത്രമേ പ്രതികള്‍ക്ക് നല്‍കിയിട്ടുള്ളൂ എന്ന് പ്രൊസിക്യൂഷൻ കോടതിക്ക് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 20 വർഷത്തിന് മേലെ എത്ര വര്‍ഷം വേണമെങ്കിലും കോടതിക്ക് വിധിക്കാം.
20 വര്‍ഷം എന്നത് പാര്‍ലമെന്റ് നിഷ്കര്‍ഷിച്ച ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. അത് നല്‍കാതിരിക്കാൻ കോടതിക്ക് കഴിയില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അത് കോടതിയുടെ ഔദാര്യമല്ല. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജി ഹണി എം വർഗീസ് ആണ് ശിക്ഷ വിധിച്ചത്. എൻ എസ് സുനിലിന് (പള്‍സർ സുനി) 20 വർഷം തടവും 50,000 രൂപ പിഴയും. ഐടി നിയമപ്രകാരം 5 വർഷത്തെ തടവ് വിധിച്ചിട്ടുണ്ട്. (ഈ 5 വർഷത്തെ തടവ് 20 വർഷത്തെ തടവിനൊപ്പം അനുഭവിച്ചാല്‍ മതി.) മറ്റൊരു പ്രതിയായ മാർട്ടിൻ ആന്റണിക്കും 20 വർഷം തടവും 50,000 രൂപ പിഴയുമാണ്. ബി മണികണ്ഠന് 20 വർഷം തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. വിപി വിജീഷിന് 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.
മറ്റൊരു പ്രതിയായ എച്ച് സലിമിന് 20 വർഷം തടവും 50,000 രൂപ പിഴയുമാണ്. പ്രദീപിന് 20 വർഷം തടവും 50,000 രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നല്‍കണം (50,000 രൂപ വെച്ച് ഈടാക്കുന്ന തുക. മറ്റ് കുറ്റങ്ങളും ഇവർക്കെതിരെ കോടതി ചുമത്തിയിട്ടുണ്ട്. അതിലും പിഴയുണ്ടാകും. എല്ലാം ചേർത്താണ് 50,000 രൂപ. ഈടാക്കുന്ന തുകയപ്പാടെ കേസിലെ ഇരയ്ക്ക് നല്‍കണമെന്നാണ് നിയമം പറയുന്നത്.)

















