ബലാത്സംഗ കേസില്‍ ഒളിവിലിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തില്‍ നിന്നുള്ള അന്വേഷണ വിവരങ്ങള്‍ രാഹുലിന് ചോർന്നു കിട്ടുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞ 11 ദിവസമായി രാഹുല്‍ ഒളിവിലാണ്. നിലവില്‍ രാഹുല്‍ ബംഗളൂരുവില്‍ ഒളിച്ചു കഴിയുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ 11 ദിവസമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്നത് അതീവ വിദഗ്ദ്ധമായാണ്. ഓരോ പോയിന്റിലും രാഹുലിന് സഹായം എത്തിക്കാൻ നിരവധി പേർ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ വ്യാഴാഴ്ച തന്നെ രാഹുല്‍ പാലക്കാട് നിന്ന് അതീവ രഹസ്യമായി മുങ്ങുകയായിരുന്നു. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയാണ് ഇദ്ദേഹം സഞ്ചരിച്ചത്.ഒരു സുഹൃത്തായ യുവനടിയുടെ ചുവന്ന പോളോ കാറില്‍ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറില്‍ കോയമ്ബത്തൂരിലേക്ക് പോയ ശേഷം തമിഴ്നാട്-കർണാടക അതിർത്തിയിലേക്ക് കടന്നു. ബാഗല്ലൂരിലെ ഒരു റിസോർട്ടില്‍ ഞായറാഴ്ച മുതല്‍ ഒളിവിലായിരുന്ന രാഹുല്‍, പോലീസ് എത്തുന്നതറിഞ്ഞ് അപ്പോള്‍ തന്നെ അവിടെ നിന്ന് മുങ്ങി. പിന്നീട് ബാഗല്ലൂരിലെ ഒരു വീട്ടിലേക്ക് ഒളിയിടം മാറ്റിയെങ്കിലും, പോലീസ് എത്തുന്നതറിഞ്ഞ് ബംഗളൂരുവിലേക്ക് കടന്നു.
ഒളിവ് ജീവിതത്തിനിടെ നിരവധി തവണ രാഹുല്‍ കാറുകളും മൊബൈല്‍ നമ്ബറുകളും മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി. പലവട്ടം ‘തൊട്ടു തൊട്ടില്ല’ എന്ന മട്ടില്‍ അന്വേഷണ സംഘം രാഹുലിന് സമീപം വരെ എത്തിയിരുന്നു.ഒരു കേസില്‍ മാത്രമാണ് രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്. രണ്ടാം കേസില്‍ മുൻകൂർ ജാമ്യം തേടി രാഹുല്‍ സമർപ്പിച്ച ഹർജി തിരുവനന്തപുരം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. ഈ കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന രാഹുലിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ് ഇപ്പോള്‍.

















