നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത് വരുമ്ബോള്‍ ഗൂഡാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന് വ്യക്തം. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമായി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്‍റെ അറസ്റ്റ്. എന്നാല്‍ ഒന്നാം പ്രതി പള്‍സർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

പ്രോസിക്യൂഷന്‍റെ വീഴ്ചകളെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ ഗൂഢാലോചന തെളിയിക്കാൻ അപര്യാപ്തമാണ് എന്ന് കോടതി വ്യക്തമാക്കി. വിധി പകര്‍പ്പില്‍ 300 പേജുകളില്‍ ദിലീപിനെ എന്തുകൊണ്ട് കുറ്റവിമുക്തനാക്കി എന്നാണ് കോടതി വിശദീകരിക്കുന്നത്. മാസ്റ്റര്‍ കോണ്‍സ്പറേറ്റര്‍ എന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ല. ദിലീപിന്‍റെ വീട്ടില്‍ വച്ച്‌ പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി എന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകള്‍ ഒന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിലീപിന്‍റെ വീടിന് സമീപം പള്‍സർ സുനിയെ കണ്ടുവെന്ന് ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ മൊഴിയുണ്ട്. എന്നാല്‍, അത് ഗൂഢാലോചന നടത്താനാണ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തെളിവല്ലെന്നാണ് കോടതി പറയുന്നത്. ദിലീപിന്‍റെ പല സെറ്റുകളിലും പള്‍സർ സുനിയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്നുണ്ട്. എന്നാല്‍, ഒന്നാം പ്രതിയും ഒരു ചലച്ചിത്ര പ്രവ‍ർത്തകനാണ്. അതുകൊണ്ട് സെറ്റില്‍ കണ്ടു എന്നുള്ളതും ഗൂഢാലോചന നടത്തി എന്നുള്ളതും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

അതേസമയം, അന്വേഷണ സംഘത്തിനെതിരെയും കോടതി വിമർശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളില്‍ വച്ച്‌ ദിലീപ് പണം നല്‍കിയെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. എന്നാല്‍, ഇതെല്ലാം പൂർണമായും കോടതി നിരാകരിച്ചു. വാക്കുകള്‍ക്ക് അപ്പുറത്തേക്ക് ഡിജിറ്റലായി ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.

അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കോടതി:

ഗൂഢാലോചന നടന്നു എന്ന് പറയുന്നത് 2013 ലാണ്. എന്നാല്‍, 2017 ലാണ് കുറ്റകൃത്യം നടന്നത്. രണ്ട് വർഷവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദിലീപ് അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗിച്ചു, അത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു. അതില്‍ തൃപ്തികരമായ വിശദീകരണം നല്‍കാൻ പൊലീസിന് കഴിഞ്ഞില്ല. ദിലീപിനെ പൂട്ടണം എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന്‍ കഴിഞ്ഞില്ല. 2013ല്‍ തന്നെ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്നിങ്ങനെ അന്വേഷണസംഘത്തിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് കോടതി വിധി.

2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ വിവിധ കേസുകളില്‍ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഈ കാലഘട്ടത്തില്‍ സുനി ഒളിവില്‍ പോയതായി പ്രോസിക്യൂഷൻ വാദിക്കുന്നു. എന്നാല്‍ ചില ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. ഇതിലൊരു കേസില്‍ വെറുതെ വിട്ടിട്ടുമുണ്ട്. ഗൂഢാലോചന ആരോപിക്കുമ്ബോള്‍ പ്രതി എവിടെ, എങ്ങനെ എന്ത് ചെയ്തു എന്ന് അന്വേഷണ സംഘം വിശദമായി അന്വേഷിക്കണമായിരുന്നുവെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക