ലൈംഗിക പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പാർട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കേരളം വിട്ടുവെന്ന് സംശയിക്കുന്ന രാഹുല്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. അതിനിടെ പാർട്ടി നടപടിയെ പ്രകീർത്തിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാര്യർ അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍. എത്ര ഉന്നതനായ വ്യക്തി ആയാലും സ്ത്രീകള്‍ക്ക് എതിരെയുളള വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണെന്നാണ് സന്ദീപ് ജി വാര്യരുടെ പ്രതികരണം. അതേസമയം സ്വയം കുഴിച്ച കുഴിയിലാണ് രാഹുല്‍ വീണിരിക്കുന്നത് എന്നാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.

സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം: ” നീതിയാണ് വലുത്. ഇന്ന്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്.ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങള്‍ ഗുരുതരമാണെങ്കില്‍, പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്കെതിരായ വിഷയങ്ങളില്‍, ഒറ്റ വിട്ടുവീഴ്ചയുമില്ല എന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുന്നു. ഇവിടെ വ്യക്തി താല്‍പ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമ്മികതയും നീതിബോധവുമാണ് വിജയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് കോണ്‍ഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണ്. മറ്റ് പാർട്ടികളുടെ അവസ്ഥ എന്താണ്?സ്ത്രീകള്‍ക്കെതിരെ കേസുകളുള്ള സ്വന്തം നേതാക്കളെ സംരക്ഷിക്കാനായി അവർ ആവോളം വെള്ളപൂശും. പുറത്തുനിന്നുള്ളവർക്കെതിരെ വരുമ്ബോള്‍ വാളെടുത്ത് ചാടും.സ്ത്രീ സുരക്ഷയെക്കുറിച്ച്‌ വാചാലരാവുകയും സ്വന്തം പാളയത്തിലെ തെറ്റുകള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എത്രയോ തവണ നമ്മള്‍ കണ്ടതാണ്.

സമാനമായ ആരോപണങ്ങള്‍ വന്നപ്പോള്‍, ആരോപണവിധേയരെ സംരക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുകയും, തങ്ങളെ വിമർശിക്കുന്നവരെ വേട്ടയാടുകയും ചെയ്ത പല പാർട്ടികളും ഈ നടപടിയില്‍ നിന്ന് ഒരു പാഠം പഠിക്കണം. നീതിയുടെ ഈ വഴിയില്‍, കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. പീഡനത്തിനിരയായവർക്കു വേണ്ടി, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടി, പോരാട്ടം തുടരും”.ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം: ” കൊടുമുടിയില്‍ കയറേണ്ടിയിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം കുഴിച്ച കുഴിയില്‍ വീണു. രാഹുല്‍ നിയമവിരുദ്ധമായ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകയും പരാതിക്കാർക്ക് നീതി ലഭിക്കുകയും വേണം. വിചാരണ കോടതിയുടെ അന്തിമവിധി വരുന്നതുവരെ രാഹുല്‍ കുറ്റാരോപിതൻ മാത്രമാണ്. പാപം ചെയ്യാത്തവർ മാത്രം കല്ലെറിയട്ടെ”.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക