സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മുസ്‌ലിം കുടിയേറ്റക്കാർ ആയുധവുമായി വന്ന് ആക്രമിച്ചെന്ന വ്യാജ പരാതിയുമായി കന്യാസ്ത്രീ. കന്യാസ്ത്രീയുടെ കള്ളി പൊളിച്ച്‌ പൊലീസ്. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ വലതുപക്ഷവാദിയായ 34കാരി മാരിജ തത്ജാന സെര്‍നോ എന്ന കന്യാസ്ത്രീ ആണ് മുസ്‌ലിം കുടിയേറ്റക്കാർക്കെതിരെ വ്യാജ പരാതി നല്‍കിയത്. ഡിസംബർ ഒന്നിനാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചത്. നവംബർ 28ന് ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ച്‌ ചില മുസ്‌ലിം കുടിയേറ്റക്കാർ മൂർച്ചയുള്ള ആയുധമുപയോഗിച്ച്‌ തന്നെ ആക്രമിച്ചെന്നായിരുന്നു ഇവരുടെ പരാതി.

പിറ്റേദിവസം ഇവർ സാഗ്രെബിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷമാണ്, പൊലീസില്‍ പരാതി നല്‍കുന്നത്. തന്നെ മുസ്‌ലിം തീവ്രവാദികള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ക്രൊയേഷ്യന്‍ ദേശീയപതാകയുടെ നിറത്തിലുള്ള വേഷത്തില്‍ അവര്‍ മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. എന്നാല്‍, ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല.കന്യാസ്ത്രീയെ മുസ്‌ലിം കുടിയേറ്റക്കാർ ആക്രമിച്ചെന്ന വ്യാജവാർത്ത ക്രൊയേഷ്യയില്‍ കത്തിപ്പടരുകയും മുസ്‌ലിം കുടിയേറ്റക്കാർ‌ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ ഉയരാന്‍ കാരണമാവുകയും ചെയ്തിരുന്നു. കന്യാസ്ത്രീ കുത്തേറ്റ് മരിച്ചെന്നായിരുന്നു കാത്തലിക് ഹെറാള്‍ഡ് കോളമിസ്റ്റ് സമന്ത സ്മിത്ത് അടക്കമുള്ളവരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ, യൂറോപ്പിലെ വലതുപക്ഷ ഗ്രൂപ്പുകളും വ്യാജ പ്രചാരണം ഏറ്റെടുത്തു.എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ്, ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും ആരോപണം തള്ളുകയും കന്യാസ്ത്രീ ജീവനോടെയെന്ന് വ്യക്തമാക്കുകയും ചെയ്തതായി ക്യൊയേഷ്യ വീക്ക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വ്യാജ പരാതി നല്‍കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അറിയാമായിരുന്നിട്ടും, സാഗ്രെബിലെ ഒരു കടയില്‍ നിന്ന് ഒരു കത്തി വാങ്ങി കന്യാസ്ത്രീ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയെന്ന് സാഗ്രെബ് പൊലീസ് വകുപ്പ് അറിയിച്ചു.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കന്യാസ്ത്രീ ചെയ്തത് ക്രിമിനല്‍ കുറ്റകൃത്യമാണെന്നും പൊലീസ് വ്യക്തമാക്കി. കന്യാസ്ത്രീക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പൊലീസ്. ഇവർക്കെതിരെ പൊലീസ് ബന്ധപ്പെട്ട മുനിസിപ്പല്‍ സ്റ്റേറ്റ് അറ്റോർണി ഓഫീസില്‍ ക്രിമിനല്‍ പരാതി ഫയല്‍ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ക്രൊയേഷ്യയില്‍ ഒന്നര ശതമാനം മാത്രമാണ് മുസ്‌ലിം ജനസംഖ്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക