ആദ്യം സിപിഐഎമ്മില്‍ പിന്നീട് യുഡിഎഫില്‍ ശേഷം ബിജെപിയില്‍, പാർട്ടികള്‍ പലതവണമാറിയെങ്കിലും തെരഞ്ഞെടുപ്പിന്റെ വീര്യം ചോരാതെ പോരാട്ട വീര്യം തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്ബഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സലീം ബിജെപിക്കൊപ്പമാണ്.ഏതു വാർഡിലാണെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തോട്ടം മേഖലയിലെ ഏതെങ്കിലുമൊരു വാർഡില്‍ ബിജെപി സ്ഥാനാർഥിയായി സലീം മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. അത്രയും തിളക്കമാണ് സലീമിന്റെ ഓരോ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും.
നിലവില്‍ ബിജെപി സംസ്ഥാനസമിതി അംഗമാണ് സലീം. സിപിഐഎമ്മിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് സലീം കടന്നുവന്നത്. 1989ല്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക്. പിന്നീട് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ബ്ലോക്ക് അംഗം എന്നീ ചുമതലകളിലെത്തി. 2009ലാണ് അഭിപ്രായഭിന്നതകളെത്തുടർന്ന് സലീം സിപിഐഎമ്മില്‍നിന്നു രാജിവെച്ച് കോണ്‍ഗ്രസില്‍ ചേർന്നത്. 2010ല്‍ സലീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ആദ്യമായി യുഡിഎഫ് പിടിച്ചെടുത്തു. എന്നാല്‍ 2015ല്‍ ഇടപ്പാളയത്ത് മത്സരിച്ചെങ്കിലും തോറ്റു.
പിന്നീട് 2017ല്‍ ബിജെപിക്കൊപ്പം കൂടി. 2018ല്‍ ബിജെപി സംസ്ഥാനസമിതി അംഗമാകുകയും ചെയ്തു. എന്നാല്‍ 2020 ഡിസംബറില്‍ വീണ്ടും സിപിഐഎമ്മിലേക്ക് തിരികെപ്പോയി. ആ വർഷം സിപിഐഎം സ്ഥാനാത്ഥിയായി കഴുതുരുട്ടി വാർഡില്‍നിന്ന് വിജയിച്ചപ്പോള്‍ ഇനി മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സിപിഐഎം പുനലൂർ ഏരിയ സമ്മേളനവേദിയില്‍ ധനമന്ത്രി കെ എൻ ബാലഗോപാല്‍ പങ്കെടുത്ത ചടങ്ങിലാണ് സലീം പാർട്ടിയിലേക്ക് തിരിച്ചെത്തിയത്.
അവിടം കൊണ്ടും തീർന്നില്ല. 2022 ജൂലായില്‍ സിപിഐഎമ്മില്‍നിന്നും ബിജെപിയിലേക്ക് വീണ്ടും വന്നു. 2023 മാർച്ചില്‍ ഡിഎംകെയിലേക്ക് ചുവടുമാറ്റം. സലീമിന്‍റെ ചുവടുമാറ്റം അവിടെയും തീർന്നില്ല , മാസങ്ങള്‍ക്കുമുൻപ് ഡിഎംകെയില്‍നിന്ന് ബിജെപിയിലേക്ക് വീണ്ടുമെത്തി. ഇത്തവണ ബിജെപിക്ക് വേണ്ടി ശക്തമായ പേരാട്ടത്തിലാണ് സലീം. വാർഡില്‍ സജീവപ്രവർത്തനത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.

















