ലേബര്‍ റൂമില്‍ പ്രസവവേദനയാല്‍ അലറിക്കരഞ്ഞ് തളര്‍ന്ന മരുമകളെ പ്രസവമുറിയില്‍ കയറി ചീത്ത വിളിക്കുന്ന അമ്മായിയമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് നാസ് ആശുപത്രിയില്‍ നിന്നുള്ള വീഡിയോ ഡോ. നാസ് ഫാത്തിമയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പ്രസവമുറിയിലെ ബെഡില്‍ കിടക്കുന്ന ഗര്‍ഭിണിയ്ക്കു ചുറ്റും നില്‍ക്കുന്ന ബന്ധുക്കളെയാണ് വീഡിയോയില്‍ കാണുന്നത്.

അമ്മായിയമ്മ ബെഡ്ഡിന്റെ വലതുവശം നിന്ന് മരുമകളെ ചീത്തവിളിക്കുകയാണ് ദൃശ്യങ്ങളില്‍.ഇങ്ങനെ അലറി വിളിച്ചാല്‍ എങ്ങനെയാണ് പ്രസവിക്കാനാവുകയെന്ന് ചോദിച്ചുകൊണ്ട് കയ്യും മുഷ്ടിയും ചുരുട്ടിയാണ് ഇവര്‍ മരുമകളോട് ദേഷ്യപ്പെടുന്നത്. എന്നാല്‍ ഭര്‍ത്താവ് ഗര്‍ഭിണിയുടെ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്നതും അമ്മായിയമ്മയുടെ വാക്കുകള്‍ കേട്ട് മറ്റു ബന്ധുക്കള്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭാര്യയ്ക്ക് ധൈര്യം പകരാനായി അവരുടെ കൈ പിടിക്കുന്ന മകനോട് ആ കൈ വിടാനും വയോധിക പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇങ്ങനെ കരയരുതെന്നും അമ്മയാവണമെങ്കില്‍ അല്‍പ്പം ക്ഷമ വേണമെന്നും സിസേറിയനിലേക്ക് പോകാതെ സാധാരണ പ്രസവമാക്കണമെന്നുമാണ് അമ്മായിയമ്മയുടെ പറയുന്നത്. മരുമകള്‍ കരയുന്ന രീതിയെ പരിഹാസരൂപേണ മറ്റുള്ളവര്‍ക്ക് അഭിനയിച്ചു കാണിക്കുന്നുമുണ്ട് ഇവര്‍. മിണ്ടാതിരിക്കണമെന്നും ഇല്ലെങ്കില്‍ വാ അടിച്ചുപൊട്ടിക്കുമെന്നും ഇവര്‍ ഗര്‍ഭിണിയോട് പറയുന്നു.

ആദ്യപ്രസവം പോലെ സമ്മര്‍ദ്ദമേറെയുള്ള സാഹചര്യങ്ങളില്‍ അവര്‍ക്ക് ഒപ്പം നിന്ന് സമാശ്വസിപ്പിക്കുന്നതിനു പകരം ഈ രീതിയിലാണോ പെരുമാറേണ്ടത് എന്ന ചോദ്യമാണ് വീഡിയോ അപ്‌ലോഡ് ചെയ്ത ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ ചോദിക്കുന്നത്. അമ്മായിയമ്മയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് വിഡിയോയ്ക്ക് താഴെ ഉയരുന്നത്. പ്രസവസമയത്ത് ആശുപത്രിക്കിടക്കയില്‍ ഇതാണ് അവസ്ഥയെങ്കില്‍ വീട്ടിലെന്താകും എന്ന ചോദ്യവും ആളുകള്‍ ചോദിക്കുന്നുണ്ട്.

അതേസമയം, ഈ സാഹചര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ സാധിക്കാത്ത ഭര്‍ത്താവിനെതിരെയും വിമര്‍ശനം കടുക്കുന്നുണ്ട്. ഒരാള്‍ പോലും ആ ഗര്‍ഭിണിയോട് സ്നേഹത്തിലൊരു വാക്ക് പറയുന്നില്ലെന്നും പ്രായക്കൂടുതലോ വാര്‍ധക്യമോ മറ്റുള്ളവരെ ഭരിക്കാനും പരിഹസിക്കാനുമുള്ള അവകാശം ഒരാള്‍ക്കും നല്‍കുന്നില്ലെന്നും ഒരാള്‍ പറയുന്നു. ചില പുരുഷന്‍മാര്‍ ഈ വിഡിയോക്ക് ഹാര്‍ട്ട് ഇമോജി ഇടുന്നതും വിമര്‍ശനവിധേയമാകുകയാണ്. ആ പുരുഷന്‍മാരുടെ ഭാര്യമാരെ ഓര്‍ത്ത് സഹതാപം തോന്നുന്നുവെന്നാണ് ഉപയോക്താക്കളിലൊരാള്‍ കുറിക്കുന്നത്.

ആ പെണ്‍കുട്ടി വേദനക്കിടെയിലും ചീത്തവിളി കേള്‍ക്കുന്നതിനിടെയിലും അമ്മായിയമ്മയെ നോക്കി ചിരിക്കാനാണ് ശ്രമിക്കുന്നതെന്നും മകന്‍ ഭാര്യയുടെ കൈ പിടിച്ചിരിക്കുന്നതു പോലും അവരെ അസ്വസ്ഥയാക്കുന്നെന്നും കമന്റുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക