ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ഇന്ന് ആരംഭിച്ചതോടെ പുതിയ പോപ്പിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസ സമൂഹവും ലോകവും. 800 വര്‍ഷങ്ങള്‍ക്കധികം പഴക്കമുള്ള രീതിയാണ് പോപ്പിനെ തിരഞ്ഞെടുക്കാന്‍ ഇന്നും തുടരുന്നത്. അതീവ രഹസ്യമായി നടക്കുന്ന പോപ്പ് തിരഞ്ഞെടുപ്പ് രീതിയിലെ തീരുമാനങ്ങള്‍ പുറം ലോകത്തെ അറിയിക്കുന്നതിനും അതിന്റേതായ മാര്‍ഗമുണ്ട്.

പോപ്പ് തെരഞ്ഞെടുപ്പ് നടപടികളുടെ വേദിയായ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നിന്നുയരുന്ന പുകയുടെ നിറമാണ് തീരുമാനങ്ങളുടെ പുരോഗതി അറിയിക്കുന്നത്. ചാപ്പലില്‍ നിന്നും കറുത്ത പുക ഉയര്‍ന്നാല്‍ പോപ്പ് ആരെന്ന് തീരുമാനം ആയില്ലെന്ന് സാരം. അതിനാലാണ് സിസ്റ്റൈന്‍ ചാപ്പലില്‍ നിന്നുള്ള വെള്ള പുകയ്ക്കായി ലോകം കാത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നുയർന്നത് കറുത്ത പുക

തെരഞ്ഞെടുപ്പ് വേദിയായ സിസ്റ്റെയിൻ ചാപ്പലിലെ പുകക്കുഴലിലൂടെ ആദ്യഘട്ട വോട്ടിങ്ങിനു ശേഷം ഉയർന്നത് കറുത്ത പുകയാണ്. ഒരു കർദിനാളിനും മാർപ്പാപ തെരഞ്ഞെടുക്കപ്പെടാൻ വേണ്ടത്ര പിന്തുണ ആദ്യ വോട്ടിംഗിൽ ലഭിച്ചിട്ടില്ല എന്ന് അർത്ഥം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാള്‍ ആകും പുതിയ മാർപാപ്പയാവുക. ഇന്ന് പുതിയ പോപ്പിനെ കണ്ടെത്താൻ സാധ്യത കുറവാണെന്ന് നേരെത്തെ തന്നെ വിലയിരുത്തല്‍ ഉണ്ടായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള നാല് കർദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. സീറോ മലങ്കര സഭ മേജർ ആർച്ച്‌ ബിഷപ്പ് കർദിനാള്‍ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാള്‍ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാള്‍ ഫിലിപ്പ് നെറി ഫെറാറോ, കർദിനാള്‍ ആന്റണി പൂല എന്നിവർക്കാണ് ഇന്ത്യയില്‍ നിന്ന് പാപ്പല്‍ കോണ്‍ക്ലേവില്‍ വോട്ട് ചെയ്യാൻ അവകാശമുള്ളത്. നാളെയും മറ്റന്നാളും രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും. മലയാളി കർദിനാള്‍മാരായ ബസേലിയോസ്‌ ക്ലിമ്മീസ് കാതോലിക്കാ ബാവ 28ആമതും, ജോർജ് കൂവക്കാട് 133ആമതയും ആണ്‌ വോട്ട് ചെയുക. കഴിഞ്ഞ 2 കോണ്‍ക്ലെവിലും രണ്ടാം ദിവസം മാർപാപ്പയെ തെരഞ്ഞെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക