ഉപേക്ഷിച്ചെന്നു കരുതിയ കെപിസിസി പുനഃസംഘടന വീണ്ടും സജീവ ചർച്ചകളിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപു കെപിസിസി പുനഃസംഘടന പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി മുതിർന്ന നേതാക്കള്‍ തമ്മിലാണ് പ്രധാനമായും ചർച്ച നടക്കുന്നത്. വിവിധ നേതാക്കള്‍ നല്‍കിയ 170 പേരടങ്ങിയ കെപിസിസി സെക്രട്ടറിമാരുടെ ജംബോ പട്ടിക വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സെക്രട്ടറിമാരുടെ എണ്ണം 90 ആക്കി ചുരുക്കുന്നതിനാണ് ചർച്ചകള്‍.

കഴിഞ്ഞ ഒൻപതര വർഷമായി പ്രതിപക്ഷത്തു നില്‍ക്കുന്ന പാർട്ടിക്കു വേണ്ടി സമരങ്ങളും പ്രതിഷേധങ്ങളും നടത്തി, പോലീസിന്‍റെയും സിപിഎമ്മുകാരുടെയും അക്രമങ്ങള്‍ക്ക് ഇരയായവരും കേസുകളില്‍ പ്രതി ചേർക്കപ്പെട്ടവരുമായ നേതാക്കളില്‍ പലരും ഇന്നു പാർട്ടിയില്‍ ഒരു സ്ഥാനവുമില്ലാതെ അലയുകയാണ്. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു സംസ്ഥാന ഭാരവാഹിത്വം ഒഴിഞ്ഞവർക്കും നിലവില്‍ സ്ഥാനങ്ങളില്ല. ഇവരെക്കൂടി ഉള്‍പ്പെടുത്തി ഉടനടി കെപിസിസി പുനഃസംഘടന നടത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി വ്യാപകമാകുമെന്ന അഭിപ്രായത്തെ തുടർന്നാണ് പുനഃസംഘടനാ ചർച്ചകള്‍ക്കു വീണ്ടും ജീവൻ വച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഴു വൈസ് പ്രസിഡന്‍റുമാരും 40 ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. കെപിസിസി ട്രഷററായിരുന്ന വി. പ്രതാപചന്ദ്രൻ അന്തരിച്ച ശേഷം ഈ ഒഴിവു നികത്തിയിട്ടില്ല. നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള രാഷ്‌ട്രീയ കാര്യസമിതി അംഗമായിരുന്ന ശൂരനാട് രാജശേഖരന്‍റെ നിര്യാണത്തെത്തുടർന്നുള്ള ഒഴിവുമുണ്ട്.

ഡിസിസി പ്രസിഡന്‍റുമാരുടെ പുനഃസംഘടന ഉടൻ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും തർക്കം മൂലം നടന്നില്ല. ഈ പട്ടികയും ഇപ്പോള്‍ പുനഃപരിശോധനയിലുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇപ്പോള്‍ പ്രധാനമായും തർക്കം തുടരുന്നത്. മറ്റു ചില ജില്ലകളിലെ പേരുകളും അന്തിമമാക്കാനുണ്ട്.

ബിഹാറിലെ പാറ്റ്നയില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തിനുശേഷം പുനഃസംഘടനാ ചർച്ചകള്‍ കൂടുതല്‍ വേഗത്തിലാക്കാനാണു തീരുമാനം. ഇത്തവണ ചർച്ച വിജയിച്ചില്ലെങ്കില്‍ തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുൻപ് കെപിസിസി, ഡിസിസി പുനഃസംഘടന നടക്കില്ലെന്നാണ് വിവരം.എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, മുൻ കെപിസിസി പ്രസിഡന്‍റുമാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ തുടങ്ങിയവർ അടക്കമുള്ള മുതിർന്ന നേതാക്കളുമായാണ് കെപിസിസി പ്രസിഡന്‍റ് ചർച്ച നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക