കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ സ്ത്രീ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
തലയോലപ്പറമ്ബ് സ്വദേശി ബിന്ദുവാണ് മരിച്ചത്. സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്. മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെ ആരോപിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നോ അവിടേക്ക് പോകരുതെന്നോ അധികൃതര്‍ നിര്‍ദേശം തന്നിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും അറിയിച്ചു.
14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. കെട്ടിടം പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നും ഉപയോഗിക്കുന്നില്ല എന്നും എന്നുമുള്ള മന്ത്രി വാസവന്റെയും മന്ത്രി വീണാ ജോർജിന്റെയും വാദമാണ് ഇതോടെ പൊളിയുന്നത്. മന്ത്രിമാർ തന്നെ ബലക്ഷയം ഉണ്ട് എന്ന് സമ്മതിച്ച കെട്ടിടത്തിലാണ് രോഗികൾ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ എത്തിയിരുന്നത് എന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്.
മന്ത്രിമാരുടെ ക്യാപ്സ്യൂൾ
- വി എൻ വാസവൻ: ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകർന്ന് വീണത്. സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ് ഇത്. പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞു.
- വീണാ ജോർജ്: അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് വീണാ ജോർജ് പറഞ്ഞു. കിഫ്ബിയില്‍ നിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നു. പുതിയ കെട്ടിടത്തിലേയ്ക്ക് മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

















