സംസ്ഥാനത്ത് വാരിക്കോരി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകള്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നല്‍കുമെന്നും യുവാക്കള്‍ക്ക് സ്കോളർഷിപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതി വർഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവർക്കാണ് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നല്‍കുക.
ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 ആക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വാരിക്കോരിയുള്ള പ്രഖ്യാപനം.കുടുംബ എഡിഎസുകള്‍ക്കുള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡിഎ കൂട്ടി. പെൻഷൻകാർക്കും ആശ്വാസമുള്ളതാണ് പ്രഖ്യാപനം. നവംബർ മാസം തന്നെ ഇത് വിതരണം ചെയ്യും.
അംഗനവാടി വർക്കർ, ഹെല്പർ എന്നിവർക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി. സാക്ഷരതാ പ്രേരക് മാരുടെ ഓണറേറിയവും ആശമാർക്ക് 1000 രൂപ കൂട്ടി പ്രതി മാസ ഓണറേറിയം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആയമാരുടെ പ്രതിമാസ വേതനം ആയിരം രൂപ കൂട്ടിയതായും നെല്ലിന്റ സംഭരണ വില 30 രൂപ ആക്കി വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ലക്ഷ്യം വോട്ട് മാത്രം
തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ വോട്ട് ബാങ്കുകളെ ലക്ഷ്യം വെച്ചാണ്. ഖജനാവിൽ നിന്ന് പണം അറിഞ്ഞു വോട്ടു പിടിക്കാമെന്ന് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും തന്ത്രമാണ് ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. നക്കാപ്പിച്ച കാശുകൊടുത്ത് അഞ്ചുവർഷത്തിനിടയിൽ സർക്കാർ നടപ്പാക്കിയ നികുതി കൊള്ളയുടെ ക്ഷീണം തീർക്കാനുള്ള പിണറായിയുടെ തന്ത്രം വിജയിക്കുമോയെന്ന് അറിയാൻ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കണം. എന്നാൽ സമസ്ത മേഖലയിലും ജനങ്ങളെ ഞെക്കിപ്പിടിഞ്ഞ്, നികുതിഭാരം കൊണ്ട് നട്ടെല്ലൊടിയുന്ന സ്ഥിതിയിലാക്കിയ സർക്കാരിൻറെ നീക്കത്തോട് ജനങ്ങൾ ആവേശപൂർവ്വം പ്രതികരിക്കാനുള്ള സാധ്യതകൾ പൊതുവിൽ കുറവാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

















