സംസ്‌കൃത ഭാഷ അറിയാത്ത എസ്‌എഫ്‌ഐ നേതാവിന് സംസ്‌കൃതത്തില്‍ പിഎച്ച്‌ഡി നല്‍കാന്‍ കേരള സര്‍വകലാശാലാ ശുപാര്‍ശ. നവംബര്‍ ഒന്നിന് ചേരുന്ന സിന്‍ഡിക്കറ്റ് യോഗം ശുപാര്‍ശ പരിഗണിക്കും. എന്നാല്‍ ഭാഷയറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്‌ഡി നല്‍കാനുള്ള ശുപാര്‍ശ തടയണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല ഓറിയന്റല്‍ ഭാഷ ഡീനും സംസ്‌കൃത വകുപ്പ് മേധാവിയുമായ ഡോ.സി.എന്‍.വിജയകുമാരി വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്ലിനു കത്ത് നല്‍കി.

കാര്യവട്ടം ക്യാമ്ബസിലെ എസ്‌എഫ്‌ഐ നേതാവ് വിപിന്‍ വിജയനെതിരെയാണ് പരാതി.പിഎച്ച്‌ഡി ബിരുദം നല്‍കുന്നതിന് മുന്നോടിയായി ഈ മാസം 15ന് നടന്ന ഓപ്പണ്‍ ഡിഫന്‍സിലാണ് പിഎച്ച്‌ഡി നല്‍കാന്‍ പ്രബന്ധം മൂല്യനിര്‍ണയം നടത്തിയവര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ പ്രബന്ധം സംബന്ധിച്ച്‌ വിദ്യാര്‍ഥിക്ക് ഒരു ചോദ്യത്തിനു പോലും ഇംഗ്ലിഷിലോ സംസ്‌കൃതത്തിലോ മലയാളത്തിലോ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഓണ്‍ലൈനായി ചോദ്യം ചോദിച്ചവരെ വിദ്യാര്‍ഥി ഫോണ്‍ വഴി പുറത്താക്കിയെന്നും വീണ്ടും ചോദ്യം ഉന്നയിക്കാനുള്ള അവസരം നിഷേധിച്ചെന്നും കത്തില്‍ പറയുന്നു. വിദ്യാര്‍ഥിക്ക് ഈ വിഷയത്തെ കുറിച്ച്‌ ഒന്നുമറിയില്ലെന്ന് ഓണ്‍ലൈനില്‍ പങ്കെടുത്തവര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃത്യമായി ഒരു ചോദ്യത്തിനു പോലും മറുപടി നല്‍കാത്ത വിദ്യാര്‍ഥി ഇംഗ്ലിഷില്‍ തെറ്റില്ലാതെ പ്രബന്ധം എഴുതിയതില്‍ ദുരൂഹതയുണ്ടെന്നും ഓപ്പണ്‍ ഡിഫന്‍സില്‍ ഡോക്ടറല്‍ കമ്മിറ്റി ചെയര്‍പഴ്‌സന്‍ എന്ന നിലയില്‍ ആദ്യാവസാനം പങ്കെടുത്ത ഡീനിന്റെ കത്തില്‍ പറയുന്നു. സദ്ഗുരു സര്‍വസ്വം, ഒരു പഠനം എന്ന പേരില്‍ ചട്ടമ്ബിസ്വാമികളെ കുറിച്ചുള്ളതാണ്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി വിസി അറിയിച്ചു. രജിസ്ട്രാര്‍, റിസര്‍ച്ച്‌ ഡയറക്ടര്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി വിപിന്‍ വിജയന്‍ രംഗത്തെത്തി. പരാതിക്ക് പിന്നില്‍ അധ്യാപികക്കുള്ള വ്യക്തിവിരോധമാണെന്ന് വിപിന്‍ വിജയന്‍ പറഞ്ഞു.കാര്യവട്ടം ക്യാമ്ബസിലെ റിസര്‍ചേര്‍സ് യൂണിയന്‍ ഭാരവാഹിയാണ് വിപിന്‍ വിജയന്‍.അതേസമയം വിപിന്‍ വിജയന്‍ ആറുവര്‍ഷം മുന്‍പാണ് റിസര്‍ച്ചേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നതെന്നും നിലവില്‍ എസ്‌എഫ്‌ഐയുമായി ബന്ധമില്ലെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക