സർക്കാർ സർവീസില്‍ പ്രവേശിക്കാൻ ഡോക്ടർമാരുള്‍പ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെ നിയമന പ്രായപരിധി അൻപതായി ഉയർത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം വച്ചാണെന്ന ആരോപണം ശരി വയ്‌ക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിൻ. സ്പീക്കർ എ. എം.ഷംസീറിന്റെ ഭാര്യയ്‌ക്ക് അസിസ്റ്റന്റ് പ്രൊഫസറായി തുടരുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിവാദത്തില്‍ കുടുങ്ങിയ കണ്ണൂർ സർവ്വകലാശാല തന്നെയാണ് ഇപ്പോള്‍ ഒരു ലക്ഷം രൂപ പിഴയടച്ചാല്‍ നിശ്ചിത ഗവേഷണ കാലാവധി കഴിഞ്ഞ ആർക്കും പി.എച്ച്‌.ഡി നല്‍കാമെന്ന പുതിയ ഒരു വിവാദത്തിനു കൂടി തുടക്കം കുറിച്ചിരിക്കുന്നത്. ഈ ആനുകൂല്യം താത്കാലികമാണെന്ന് മാത്രം.

2008 ല്‍, പി.എച്ച്‌.ഡി ബിരുദം നേടുന്നതിന് കണ്ണൂർ സർവ്വകലാശാലയില്‍ ഗവേഷണത്തിന് രജിസ്റ്റർ ചെയ്ത സിപിഎം നേതാവ് എം. സ്വരാജിന്റെ ഭാര്യ സരിത മേനോൻ, നിശ്ചിത പിഴ അടച്ച്‌ തിരക്കിട്ട് തയ്യാറാക്കിയ പ്രബന്ധം മൂല്യനിർണ്ണയം നടത്തിച്ച്‌ അഞ്ച് മാസത്തിനുള്ളില്‍ പി എച്ച്‌ ഡി ബിരുദവും നേടി.കോളേജ് അദ്ധ്യാപകനിയമനത്തിന് നെറ്റ് യോഗ്യതയോ പി എച്ച്‌ ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ സരിത മേനോൻ നെറ്റ് യോഗ്യത നേടിയിട്ടില്ല.2001 ല്‍ കേരള സർവ്വകലാശാല യില്‍ നിന്ന് നേടിയ MBA ബിരുദം മാത്രമാണുള്ളത്.അതുകൊണ്ട് അദ്ധ്യാപക നിയമനത്തിന് PhD അനിവാര്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിഎ, ബിടെക്, എല്‍.എല്‍.ബി പരീക്ഷകള്‍ വർഷങ്ങളായി പാസാകാത്തവർക്ക് വേണ്ടി സർവകലാശാലകള്‍ മെഴ്സി ചാൻസ് പരീക്ഷകള്‍ നടത്തുന്ന പതിവുണ്ട്. എന്നാല്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കി സർവ്വകലാശാലയുടെ ഏറ്റവും ഉന്നതമായ ഗവേഷണ ബിരുദം നേടുന്നതിന് ഒരു സർവ്വകലാശാല മെഴ്സി ചാൻസ് അനുവദിക്കുന്നത് ഇതാദ്യമായാണ്. വിദേശങ്ങളില്‍ ജോലിചെയ്യുന്ന ഉന്നത ബിരുദധാരികളായ പരിചയസമ്ബന്നരായ അദ്ധ്യാപകർക്കും ശാസ്ത്രജ്ഞർക്കും സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളില്‍ നിയമനത്തിന് അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് അദ്ധ്യാപകരുടെ നിയമന പ്രായപരിധി 50 വയസായി ഉയർത്തുന്നതെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. പ്രായപരിധി ഉയർത്തണമെന്ന നിർദ്ദേശം കണ്ണൂർ സർവ്വകലാശാല മുൻ വിസി ഡോ: ഗോപിനാഥ് രവീന്ദ്രനാണ് സർക്കാരിന് നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാർശയുടെ കൂടി അടിസ്ഥാനത്തില്‍ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു.

പ്രായപരിധി വർദ്ധിപ്പിച്ചുകൊണ്ട് 2023 ഏപ്രിലില്‍ സർക്കാർ ഉത്തരവ് വന്നതിന് തൊട്ട് പിന്നാലെ, ഗവേഷണം നിർത്തിവച്ചവർക്ക് ഒരു ലക്ഷംരൂപ ഫൈൻ അടച്ച്‌ പ്രബന്ധം സമർപ്പിക്കാൻ മേഴ്സി ചാൻസ് അനുവദിക്കുമെന്ന ഒരു പുതിയ വ്യവസ്ഥ ജൂലൈ മാസം ചേർന്ന കണ്ണൂർ സിൻഡിക്കേറ്റ് നടപ്പാക്കുകയായിരുന്നു. പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2008 ല്‍ കണ്ണൂർ സർവ്വകലാശാലയില്‍ പി എച്ച്‌.ഡി ക്ക് രജിസ്റ്റർ ചെയ്ത് ഗവേഷണം പാതിവഴിയില്‍ ഉപേക്ഷിച്ച സ്വരാജിന്റെ ഭാര്യയ്‌ക്ക് മേഴ്‌സി ചാൻസിന്റെ ആനുകൂല്യം നല്‍കി തീസിസ് സ്വീകരിച്ചാണ്പി എച്ച്‌ ഡി ബിരുദം അവാർഡ് ചെയ്തത്. പ്രബന്ധം സമർപ്പിച്ച്‌ രണ്ടുവർഷകാലം പിന്നിട്ടാലും മൂല്യനിർണയം പൂർത്തിയാക്കാത്ത യൂണിവേഴ്സിറ്റി, സരിത മേനോൻ 2024 ജൂണില്‍ സമർപ്പിച്ച പ്രബന്ധത്തിന്റെ മൂല്യ നിർണയം അഞ്ചു മാസത്തിനുള്ളില്‍ പൂർത്തിയാക്കുകയായിരുന്നു.

2008 ല്‍ കണ്ണൂർ എസ്. എൻ. കോളേജ് ഗവേഷണ കേന്ദ്രമാക്കിയാണ് സരിത ഗവേഷണത്തിന് രജിസ്റ്റർ ചെയ്തത്. സരിതയുടെ ഗൈഡ് ഡോ: മുകുന്ദദാസ് വർഷങ്ങള്‍ക്കു മുമ്ബ് തന്നെ കോളേജില്‍ നിന്നും വിരമിച്ചിരുന്നു. കണ്ണൂർ സർവ്വകലാശാല മാനേജ്മെൻറ് സ്റ്റഡീസ് വകുപ്പ് പ്രൊഫസറെ പുതുതായി ഗൈഡ് ആയി നിയമിച്ചാണ് തിരക്കിട്ട് തീസിസ് സമർപ്പിച്ചത്.സരിത നായർക്ക് ഇപ്പോള്‍ 48 വയസ്സ് പ്രായമുണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ പരിധിയില്‍ താമസിക്കുന്ന സരിത കണ്ണൂർ സർവ്വകലാശാലയിലായിരുന്നു പിഎച്ച്‌ഡി ക്ക് രജിസ്റ്റർ ചെയ്തത്. നിയമ വിരുദ്ധമായി സ്വരാജിന്റെ ഭാര്യ സരിത മേനോന് സർവ്വകലാശാല നല്‍കിയ പിഎച്ച്‌ഡി ബിരുദം റദ്ദാക്കണമെന്നും, കണ്ണൂർ സർവ്വകലാശാല കഴിഞ്ഞ 10 വർഷത്തിനുള്ളില്‍ നല്‍കിയ പിഎച്ച്‌ഡി ബിരുദങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിൻ കമ്മിറ്റി ഗവർണക്ക് നിവേദനം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക