കാര്യവട്ടം ഗവ. കോളേജില്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ച മുൻ എസ്.എഫ്.ഐ. നേതാവ് ഒളിവില്‍ പോയി.കഴക്കൂട്ടം കുളത്തൂർ സ്വദേശി ആദർശാണ് പരീക്ഷ കോപ്പിയടി പിടിച്ചതോടെ മുങ്ങിയത്.ഇയാളുടെ കൂട്ടാളിയായ കഴക്കൂട്ടം കരിയില്‍ സ്വദേശി ആദർശിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഇയാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. വാട്സാപ്പ് വഴി ചോദ്യപേപ്പറും ഉത്തരങ്ങളും പരസ്പരം അയച്ചു കൊടുത്തതിന്റെ വിവരങ്ങള്‍ ഫോണില്‍നിന്നു പോലീസിന് ലഭിച്ചു.
സിറ്റി പോലീസ് കമ്മിഷണർ ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം. കഴക്കൂട്ടം പോലീസ് മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിന്തുടർന്നാണ് ഉത്തരങ്ങള്‍ അയച്ചുനല്‍കിയ ആദർശിനെ കണ്ടത്തി കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോളേജ് പ്രിൻസിപ്പലിനെ വിവരമറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്കുനടന്ന പരീക്ഷയിലാണ് കോപ്പിയടി നടന്നത്. കോളേജ് അധികൃതർ നടത്തിയ പരിശോധനയില്‍ പരീക്ഷ എഴുതിക്കൊണ്ടിരുന്ന ആദർശിന്റെ പക്കല്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തട്ടിപ്പ് കണ്ടെത്തിയതോടെ ഇയാള്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
പിടിച്ചെടുത്ത ഫോണുകള്‍ പോലീസിന് കൈമാറിയിട്ടില്ല. ഇത് ഇപ്പോഴും കോളേജ് അധികൃതരുടെ കൈവശമാണെന്നാണ് സൂചന. സംഭവം ഒതുക്കിത്തീർക്കാൻ വ്യാപകശ്രമം നടക്കുന്നതായും ആരോപണമുണ്ട്. കോപ്പിയടിയെക്കുറിച്ച് പ്രതികരിക്കാൻ കോളേജ് പ്രിൻസിപ്പല്‍ തയ്യാറായിട്ടില്ല.
രണ്ട് ദിവസമായിട്ടും കോളേജ് അധികൃതർ സർവകലാശാലയ്ക്ക് റിപ്പോർട്ട് നല്‍കിയിട്ടില്ല. കോളേജ് പ്രിൻസിപ്പല്‍ റിപ്പോർട്ട് നല്‍കിയില്ലെങ്കില്‍ അടിയന്തരമായി നോട്ടീസ് നല്‍കാനാണ് സർവകലാശാല തീരുമാനമെന്നും അധികൃതർ അറിയിച്ചു.
പോലീസിലും കോളേജ് അധികൃതർ പരാതി നല്‍കിയില്ല. വിവരങ്ങള്‍ കൈമാറണമെന്ന് പോലീസ്, കോളേജ് അധികൃതർക്ക് കത്ത് നല്‍കിയിട്ടുണ്ട്. കോളേജ്, കേരള സർവകലാശാല എന്നിവിടങ്ങളില്‍നിന്ന് പരീക്ഷാത്തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ടും പരാതിയും ലഭിച്ചാല്‍ മാത്രമേ തുടർനടപടികളുമായി പോലീസിന് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ.
മുൻപും കോപ്പിയടിച്ചു
ഇതിന് തൊട്ടുമുൻപ് എഴുതിയ പരീക്ഷയിലും ആദർശ് കോപ്പിയടിച്ചതായി ആരോപണമുണ്ട്. കോളേജില്‍ സ്ഥിരമായി നടക്കുന്ന കോപ്പിയടി സംബന്ധിച്ച് വിവരങ്ങളറിയാവുന്നവരാണ് പോലീസിനെ അറിയിച്ചതെന്നാണ് സൂചന.
പരീക്ഷാ ഹാളില്‍ സ്മാർട്ട് വാച്ച് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് ചില അധ്യാപകർ ചൂണ്ടിക്കാട്ടിയെങ്കിലും കോളേജിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ല. തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതിനാല്‍ അധ്യാപകരുടെ ഇടയില്‍ത്തന്നെ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ടായിരുന്നു. എസ്‌എഫ്‌ഐ മാത്രമാണ് കാര്യവട്ടം കോളേജില്‍ പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടന. മുൻ വിദ്യാർഥി നേതാവിന്റെ കോപ്പിയടി കോളേജ് അധികൃതർ ഒതുക്കിയതെന്നാണ് ആരോപണം.
നാലുവർഷം മുൻപ് കോളേജില്‍നിന്നു പഠിച്ചിറങ്ങിയ ആദർശ് സപ്ലിമെന്ററി പരീക്ഷ എഴുതാനാണ് വീണ്ടും എത്തിയത്. പഠിക്കുന്ന കാലത്ത് എസ്‌എഫ്‌ഐയുടെ പ്രധാന ഭാരവാഹിയായിരുന്ന ആദർശ് പോലീസിന്റെ റൗഡി പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.












