പി.എം. ശ്രീ പദ്ധതിയില്‍ അനുനയനീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങിയിട്ടും നിലപാട്‌ കടുപ്പിച്ച്‌ സി.പി.ഐ. മുന്നോട്ട്‌. നാളത്തെ മന്ത്രിസഭായോഗത്തില്‍ സി.പി.ഐയുടെ നാല്‌ മന്ത്രിമാരും പങ്കെടുക്കില്ല. പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന നിലപാടില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന്‌ സി.പി.ഐ. സംസ്‌ഥാന നിര്‍വാഹകസമിതിയും അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റും തീരുമാനിച്ചു.

സി.പി.ഐ. ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ഇന്നലെ രാവിലെ ആരംഭിച്ച സംസ്‌ഥാന കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കുമെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നു. അപമാനം സഹിച്ച്‌ മുന്നോട്ടുപോകേണ്ടതില്ലെന്നാണ്‌ മിക്ക നേതാക്കളും അഭിപ്രായപ്പെട്ടത്‌. രണ്ടുതവണ മന്ത്രിസഭ ചര്‍ച്ചചെയ്‌തിട്ടും അഭിപ്രായൈക്യമില്ലാതെ മാറ്റിവച്ച വിഷയത്തില്‍ സി.പി.എം. ഒറ്റയ്‌ക്കു തീരുമാനമെടുത്തത്‌ അംഗീകരിക്കാനാവില്ല. കേന്ദ്ര ഫണ്ടിന്റെ പേരില്‍ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതനിലപാടില്‍ സി.പി.എം. വെള്ളം ചേര്‍ത്തു. ഇത്‌ ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.ഉച്ചകഴിഞ്ഞ്‌ മൂന്നുവരെ നീണ്ട നിര്‍വാഹകസമിതി യോഗത്തിനുശേഷം പുറത്തിറങ്ങിയ സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്റെ മുഖത്ത്‌ പാര്‍ട്ടിയുടെ പൊതുവികാരം പ്രകടമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്‌, ”വഴിമാറൂ, പോകട്ടെ” എന്നു പറഞ്ഞ്‌ അദ്ദേഹം നടന്നുനീങ്ങി. തുടര്‍ന്ന്‌, മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനപ്രകാരം കൂടിക്കാഴ്‌ചയ്‌ക്കായി ആലപ്പുഴ ഗസ്‌റ്റ്‌ ഹൗസിലേക്ക്‌ പോയി. 3.30-ന്‌ ആരംഭിച്ച കൂടിക്കാഴ്‌ച ഒരു മണിക്കൂറിലേറെ നീണ്ടു. പാര്‍ട്ടിയുടെ പൊതുവികാരം ചൂണ്ടിക്കാട്ടിയുള്ള കര്‍ശന നിലപാട്‌ മുഖ്യമന്ത്രിയോടും ബിനോയ്‌ വിശ്വം ആവര്‍ത്തിച്ചു. പിന്നാലെ സി.പി.ഐ. മന്ത്രിമാരായ കെ. രാജന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ്‌, ജെ. ചിഞ്ചുറാണി എന്നിവരും മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയെങ്കിലും സമവായമുണ്ടായില്ല. ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടായില്ലെന്ന്‌ ബിനോയ്‌ വിശ്വം മാധ്യമങ്ങളോടു പറയുകയും ചെയ്‌തു.

സമവായനീക്കങ്ങളുടെ ഭാഗമായി സി.പി.എം. ഒരു രഹസ്യ ഫോര്‍മുല സി.പി.ഐ. നേതൃത്വത്തിനു മുന്നില്‍വച്ചിരുന്നു. പി.എം. ശ്രീയില്‍ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവച്ചതിനാല്‍ പിന്മാറാനാവില്ല. എന്നാല്‍, പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉദ്യോഗസ്‌ഥതലത്തില്‍ നീക്കുന്നത്‌ സാവധാനമാക്കാം. നടപ്പാക്കേണ്ട സ്‌കൂളുകളുടെ പട്ടിക ഉടന്‍ കൈമാറില്ല. സംസ്‌ഥാനത്തിനു ലഭിക്കേണ്ട പണം നഷ്‌ടമാകാത്ത രീതിയിലും ഇടതുമുന്നണിയുടെ ആശയം ബലികഴിപ്പിക്കാതെയും പി.എം. ശ്രീ പദ്ധതി എങ്ങനെ നടപ്പാക്കാമെന്നു ചര്‍ച്ചചെയ്യാം. പദ്ധതിയെക്കുറിച്ച്‌ പഠിക്കാന്‍ എല്‍.ഡി.എഫ്‌. ഉപസമിതി രൂപീകരിക്കാം. ഉപസമിതിയാകും തുടര്‍നടപടികള്‍ നിര്‍ദേശിക്കുക. എന്നാല്‍, ഈ സമവായനിര്‍ദേശങ്ങളില്‍ സി.പി.ഐ. തൃപ്‌തരായില്ല.

പദ്ധതിയില്‍നിന്ന്‌ പിന്നോട്ടില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ തുടരുന്നതാണ്‌ സി.പി.ഐയെ കടുത്ത നടപടികളിലേക്ക്‌ കടക്കാന്‍ പ്രേരിപ്പിച്ചത്‌. വിഷയം എല്‍.ഡി.എഫ്‌. ചര്‍ച്ചചെയ്യുമെന്ന സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ ഉറപ്പുപോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാപത്രം ഒപ്പിട്ടത്‌ അംഗീകരിക്കാനാവില്ലെന്നു സി.പി.ഐ. വ്യക്‌തമാക്കുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനമാണ്‌ നിര്‍വാഹകസമിതിയില്‍ ഉയര്‍ന്നത്‌.

മന്ത്രിസഭാ ബഹിഷ്കരണ തീരുമാനം കൊണ്ട് ഫലമില്ലെങ്കില്‍ സി.പി.ഐയുടെ നാല് മന്ത്രിമാർ രാജിവയ്ക്കുമെന്നാണ് നിലവിലെ തീരുമാനം. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ഒരു മണിക്കൂർ മുൻപ് സിപിഐ ഉന്നതതല യോഗം ചേരും. ഇതില്‍ തീരുമാനമായില്ലെങ്കില്‍ കൂടുതല്‍ കടുത്ത തീരുമാനങ്ങളുണ്ടാവും.മുൻകാലങ്ങളില്‍ ചില വിഷയങ്ങളില്‍ ഇടയുകയും പിന്നീട് സി.പി.എമ്മിന് വഴിപ്പെടുകയും ചെയ്ത പേരുദോഷം സി.പി.ഐയ്ക്ക് മാറ്റിയേ തീരൂ. പ്രത്യേകിച്ച്‌, കഴിഞ്ഞ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പി.എം ശ്രീ വിഷയത്തില്‍ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക