കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന് കഴിഞ്ഞമാസം ലണ്ടനിൽ വെച്ച് ലഭിച്ച പുരസ്‌കാരം ഔദ്യോഗികമല്ലെന്ന് വിവരാവകാശ രേഖ. മേയർക്ക് ലഭിച്ച പുരസ്കാരത്തെച്ചൊല്ലി വിവാദം നേരത്തെ തന്നെ തുടങ്ങിയതാണ്. വേൾഡ് ബുക്ക് ഒഫ് റെക്കോഡ്‌സിന്റെ സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പുരസ്കാരം യു.കെ പാർലമെന്റിൽ നടന്ന ചടങ്ങിൽവെച്ച് ഏറ്റുവാങ്ങിയെന്ന് മേയർ തന്നെയാണ് ഫേസ്‌ബുക്കിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്.
ആര്യ രാജേന്ദ്രന് ലണ്ടനിൽ നിന്നും ലഭിച്ചത് ലണ്ടൻ പാർലമെന്റിന്റെ ഔദ്യോഗിക പുരസ്കാരം അല്ലെന്ന വിവരാവകാശ രേഖയാണ് വിവരാവകാശ പ്രവർത്തകനും തിരുവനന്തപുരം സ്വദേശിയുമായ പായ്ചിറ നവാസിന് തിരുവനന്തപുരം കോർപറേഷൻ നൽകിയ മറുപടിയിൽ വ്യക്തമാകുന്നത്. ഈ പുരസ്കാരത്തിന് ബ്രിട്ടീഷ് പാർലമെന്റുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് മലയാളി ഉൾപ്പെടുന്ന തട്ടിക്കൂട്ട് സംഘടന പണംവാങ്ങി നൽകുന്ന പുരസ്കാരമാണെന്നും വിമർശനം അന്നേ ഉയർന്നിരുന്നു. യു.കെ പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിലെ ഹാളിൽ നടന്ന ചടങ്ങിലാണ് സെപ്റ്റംബർ 13ന് പുരസ്കാര സമർപ്പണം നടന്നത്.
സംഘടനകൾക്കും വ്യക്തികൾക്കും വാടകക്ക് കൊടുക്കാറുള്ള ഹാളിൽ ആയിരുന്നു ചടങ്ങ്. അതുകൊണ്ട് തന്നെയാണ് പുരസ്‌കാരത്തെ ചൊല്ലി വിമർശനം ഉയർന്നതും. അവാർഡ് വാങ്ങാൻ ലണ്ടനിൽ പോകാൻ സംസ്ഥാന സർക്കാർ ആര്യക്ക് അനുമതി നൽകിയിരുന്നു. മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്ന് അന്നേ ആരോപണമുയർന്നിട്ടുണ്ട്. സന്തോഷ് ശുക്ല എന്ന വ്യക്തിയാണ് ഈ സംഘടനയുടെ സി.ഇ.ഒ. ഇന്ത്യയിലെ ഒരു സ്വകാര്യ സംഘടന യു.കെ.യിൽ നൽകിയ അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ, നഗരസഭയുടെ ചെലവിൽ യാത്ര നടത്തിയത് എന്തിനെന്നും സമൂഹമാധ്യമങ്ങളിൽ അന്ന് ചോദ്യം ഉയർന്നിരുന്നു.
ഏറ്റവും മോശം കോർപ്പറേഷൻ എന്ന ഓഡിറ്റ് റിപ്പോർട്ട്
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേരളത്തിലെ ഏറ്റവും മോശം തദ്ദേശ സ്ഥാപനമെന്ന് കഴിഞ്ഞ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഗുരുതര വീഴ്ചയെന്നും പദ്ധതി നിര്‍വഹണത്തില്‍ പിന്നിലെന്നും വിവിധ പദ്ധതികള്‍ യഥാസമയം നടപ്പാക്കാത്തതുമൂലം കോടികള്‍ കോര്‍പ്പറേഷനു നഷ്ടമായതായും ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ അനുവദിച്ച പദ്ധതികളില്‍ പകുതിയില്‍ താഴെ മാത്രമാണ് നടപ്പിലാക്കിയത്.
2023- 24 ല്‍ 1872 പദ്ധതികള്‍ക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കിയതില്‍ നടപ്പിലാക്കിയത് 801 എണ്ണം മാത്രമാണ്. 1071 പദ്ധതികള്‍ നടപ്പിലാക്കിയില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നഗരസഭയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതി നടത്തിപ്പുകളിലാണ് വീഴ്ച സംഭവിച്ചത്. 228.71 കോടി സര്‍ക്കാരില്‍ നിന്ന് അലോട്ട്മെന്റ് ലഭിച്ചിട്ടും 178.28 കോടി രൂപ മാത്രമാണ് കോര്‍പ്പറേഷന്‍ ചെലവഴിച്ചത്. 50.43 കോടി രൂപ പാഴാക്കി.

















