വിവാഹ തട്ടിപ്പില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. ഒരു വർഷമായി ഗുരുഗ്രാമിലെ സരസ്വതി എൻക്ലേവില്‍ ഒളിവില്‍ കഴിയുകയായിരുന്ന കാജല്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഒന്നിലധികം പുരുഷന്മാരെ വിവാഹം കഴിച്ച് അവരുടെ ആഭരണങ്ങളും പണവുമായി ഒളിച്ചോടിയ കേസിലാണ് യുവതി അറസ്റ്റിലായത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതി തട്ടിപ്പ് നടത്തിയിരുന്നത്. യുവതിയുടെ കുടുംബാംഗങ്ങള്‍ നേരത്തേ പൊലീസിന്റെ പിടിയിലായിരുന്നു.
കാജലിന്റെ പിതാവ് ഭഗത് സിങ് സമ്ബന്നരായ കുടുംബത്തെ കണ്ടെത്തി തന്റെ പെണ്‍മക്കളായ കാജലിനും തമന്നയ്ക്കും വിവാഹം ആലോചിക്കും. ഇതോടെയാണ് തട്ടിപ്പിന് തുടക്കമാകുക. 2024 മേയില്‍ ഉത്തർപ്രദേശ് സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് ആണ്‍മക്കള്‍ക്ക് ഇയാള്‍ തന്റെ പെണ്‍മക്കളെ വിവാഹം ആലോചിച്ചു. വിവാഹ ആവശ്യങ്ങള്‍ക്കായി 11 ലക്ഷം രൂപ താരാചന്ദില്‍ നിന്നു വാങ്ങുകയും ചെയ്തു. മേയ് 21ന് കുടുംബാംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് വിവാഹവും നടന്നു. കാജലിന്റെയും തമന്നയുടെയും മാതാവ് സരോജ്, സഹോദരൻ സുരാജ് എന്നിവരും വിവാഹത്തിനുണ്ടായിരുന്നു.
വധുവിന്റെ കുടുംബം രണ്ടുനാള്‍ വരന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞു. എന്നാല്‍ മൂന്നാം നാള്‍ ഇവരെ കുടുംബത്തോടെ കാണാതായി. വിവാഹത്തിന് നല്‍കിയ ആഭരണങ്ങളും വസ്ത്രങ്ങളും പണവും ഇവർ കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് താരാചന്ദ് പൊലീസില്‍ പരാതി നല്‍കി. ആദ്യം ഭഗത് സിങ്ങിനെയും ഭാര്യയെയും അറസ്റ്റു ചെയ്തു. പിന്നീട് വധുമാരിലൊരാളായ തമന്നയെയും സഹോദരൻ സുരാജിനെയും അറസ്റ്റു ചെയ്തു.ചോദ്യംചെയ്യലിലാണ് ഇവർ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ സ്ഥിരമായി നടത്തുന്നവരാണെന്നു തെളിഞ്ഞത്. കാജലിനെ പിടികൂടാൻ സാധിച്ചിരുന്നില്ല.
ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിലാണ് കാജലിനെ അറസ്റ്റു ചെയ്തത്. തന്റെ പിതാവാണ് എല്ലാ തട്ടിപ്പും ആസൂത്രണം ചെയ്തതെന്നാണ് കാജല്‍ പൊലീസിനോടു പറഞ്ഞത്. കുടുംബത്തോടെ എല്ലാവരും പങ്കെടുക്കുന്നതിനാല്‍ വിവാഹം ആലോചിക്കുന്നവർക്ക് സംശയം തോന്നാറില്ല. സമ്ബന്ന വ്യക്തികളെ കണ്ടെത്തിയാണ് മക്കള്‍ക്ക് വിവാഹം ആലോചിക്കാറെന്നും തെളിഞ്ഞു. കൂടുതല്‍ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും സഹായികളായി വേറെ ആളുകളുണ്ടോയെന്നും അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു.
മാതാപിതാക്കളും സഹോദരിയും സഹോദരനും അറസ്റ്റിലായതിന് പിന്നാലെ കാജല്‍ ഒളിവില്‍ പോകുകയായിരുന്നു. ജയ്പൂരിലും മഥുരയിലും കുറച്ചുകാലം ചെലവഴിച്ച അവർ പിന്നീട് ഗുരുഗ്രാമിലേക്ക് താമസം മാറി. അവിടെ വാടകയ്ക്ക് താമസിച്ചു. ഗുരുഗ്രാം പൊലീസിന്റെ സഹായത്തോടെയാണ് സിക്കാർ പൊലീസും വ്യാഴാഴ്ച കാജലിനെ അറസ്റ്റ് ചെയ്തത്.

















