യൂത്ത് കോണ്‍ഗ്രസ് പുനസംഘടന വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചില കല്ലുകടികളുണ്ടെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നില്‍ക്കണമെന്നത് അബിന്റെ താത്പര്യമാണ്. അബിന്റെ താത്പര്യം പരിഗണിക്കുമെന്ന് കരുതുന്നു.
കേരളത്തില്‍ നിർണായക രാഷ്ട്രീയ സാഹചര്യമാണുള്ളത്. പാർട്ടി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. വലിയൊരു രാഷ്ട്രീയ ലക്ഷ്യം പ്രവർത്തകർക്കുണ്ട്. അത് നടപ്പാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. വ്യത്യസ്ത അഭിപ്രായം എന്ന തോന്നലുണ്ടാക്കരുതെന്നും തിരുവഞ്ചൂർ പറഞ്ഞു.
അബിൻ വർക്കിക്ക് സംസ്ഥാന അധ്യക്ഷ പദവി നിഷേധിച്ചതിൽ കോൺഗ്രസിനുള്ളിലെ ഐ ഗ്രൂപ്പ് വലിയ അമർഷത്തിലാണ്. പാർട്ടി വേദികളിൽ തുറന്നടിക്കാൻ ആണ് ഗ്രൂപ്പിൻറെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല തന്റെ അടുപ്പക്കാരോട് ആശയവിനിമയം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാവരെയും ചേർത്തുകൊണ്ട് പോകുവാനുള്ള ശ്രമങ്ങളുമായി മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്. അച്ചടക്ക സമിതി അധ്യക്ഷന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം ഉണ്ടാകുന്നത് പാർട്ടിയിൽ ഒത്തൊരുമ ഉണ്ടാക്കുവാൻ സഹായകരമാകും എന്നും വിലയിരുത്തപ്പെടുന്നു.

















