സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി നിലപാട് എടുത്ത എന്‍എസ്‌എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് കോണ്‍ഗ്രസ്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
ചങ്ങനാശേരി എന്‍.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിജയദശമി നായര്‍ മഹാസമ്മേളനം ഒക്ടോബര്‍ രണ്ടിന് പെരുന്ന എന്‍.എസ്.എസ് ഹിന്ദു കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. ഈ സമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ രാഷ്ടീയ നിലപാടില്‍ വിശദീകരണം നടത്തുമെന്ന് സൂചനയുണ്ട്. അതിന് മുമ്ബ് തന്നെ എന്‍ എസ് എസ് നേതൃത്വത്തെ പരമാവധി അടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ഈ സാഹചര്യത്തിലാണ് തിരുവഞ്ചൂരും ചര്‍ച്ചയ്ക്ക് എത്തിയത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്നാണ് സുകുമാരന്‍ നായരെ കണ്ടതിന് ശേഷമുള്ള തിരുവഞ്ചൂരിന്റെ പ്രതികരണം. ശബരിമല വിഷയത്തില്‍ എന്‍എസ്‌എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാന്‍ എന്‍എസ്‌എസിന് അവകാശമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
വി ഡി സതീശനോട് എന്‍ എസ് എസിന് അതൃപ്തിയുണ്ട്. ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന തരത്തില്‍ ചില അഭിപ്രായ പ്രകടനം സതീശന്‍ നടത്തിയിരുന്നു. പ്രതിപക്ഷ നേതാവിന് എന്‍ എസ് എസിനെ വേണ്ടെങ്കില്‍ എന്തിനാണ് അനുനയം എന്ന ചോദ്യം ചില കോണ്‍ഗ്രസ് നേതാക്കളോട് സുകുമാരന്‍ നായര്‍ ഉയര്‍ത്തിയെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൂട്ടായ തീരുമാനം അതൊന്നുമല്ലെന്ന് സുകുമാരന്‍ നായരെ തിരുവഞ്ചൂര്‍ അറിയിച്ചെന്നാണ് സൂചന.

















