നെയ്യാറ്റിൻകരയില്‍ അടുപ്പില്‍ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഫോറൻസിക് നടത്തിയ പരിശോധനയില്‍ സുനിത കുമാരിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ കൂടിയായ ജോസ് ഫ്രാങ്കിളിന് എതിരെ ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി സുനിതയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. രാവിലെ അടുക്കളയില്‍ പാചകത്തിനിടെ ഗ്യാസ് ലീക്ക് ആയാണ് മരണമെന്നായിരുന്നു സംശയം. എന്നാല്‍ സുനിതയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുകയാണ് പൊലീസും ഫോറൻസിക് സംഘവും.
ആത്മഹത്യയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്നും ഇയാള്‍ ലോണെടുത്ത് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നും കുറിപ്പില്‍ പറയുന്നുണ്ട്. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്‌ളിനെതിരെയാണ് ആരോപണം. ജോസ് ഫ്രാങ്ക്‌ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ലോണ്‍ എടുത്ത് നല്‍കാന്‍ സുനിതയെ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു എന്നും മകന്‍ വ്യക്തമാക്കി. ഏറെ നാളായി ജോസ് ഫ്രാങ്ക്‌ളിന്‍ സുനിതയെ ബുദ്ധിമുട്ടിച്ചിരുന്നതായും രാത്രി വൈകിയും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മകന്‍ കൂട്ടിച്ചേര്‍ത്തു.

















