യു.എന്‍. ഉപരോധമുള്ള അഫ്‌ഗാനിസ്‌ഥാന്റെ വിദേശകാര്യ മന്ത്രി ഒരാഴ്‌ചത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. യു.എന്‍ രക്ഷാസമിതി യാത്രാ ഇളവ്‌ അനുവദിച്ചതിനു പിന്നാലെയാണ്‌ അമീര്‍ ഖാന്‍ മുത്താഖിയുടെ ഇന്ത്യ സന്ദര്‍ശനം.2021-ല്‍ യു.എസ്‌ നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേന അഫ്‌ഗാനില്‍നിന്നു പിന്‍വാങ്ങുകയും താലിബാന്‍ അധികാരത്തിലെത്തുകയു ചെയ്‌തശേഷം ഒരു ഉന്നത താലിബാന്‍ നേതാവ്‌ ഇന്ത്യ സന്ദര്‍ശിക്കുന്നത്‌ ഇതാദ്യമാണ്‌.

യാത്രയ്‌ക്കിടെ അഫ്‌ഗാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ (എന്‍.എസ്‌.എ) അജിത്‌ ഡോവലുമായും കൂടിക്കാഴ്‌ച നടത്തിയേക്കും. കാബൂളിലെ താലിബാന്‍ സര്‍ക്കാരുമായുള്ള ഇടപഴകല്‍ ശക്‌തമാക്കാന്‍ ഇന്ത്യ താത്‌പര്യമെടുക്കുന്ന പശ്‌ചാത്തലത്തില്‍ നിര്‍ണായകമാണ്‌ മുത്താഖിയുടെ സന്ദര്‍ശനം. പാകിസ്‌താന്‍ ഉള്‍പ്പെടെ ഈ സന്ദര്‍ശനം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, സന്ദര്‍ശനം നയതന്ത്ര ഉദ്യോഗസ്‌ഥര്‍ക്ക്‌ തലവേദനയായി. സന്ദര്‍ശകനായ നേതാവിന്റെ രാജ്യത്തിന്റെ പതാകയ്‌ക്കൊപ്പം ഇന്ത്യന്‍ പതാകയും സ്‌ഥാപിക്കണമെന്നാണ്‌ നയതന്ത്ര പ്രോട്ടോക്കോള്‍ അനുശാസിക്കുന്നത്‌. അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ന്യൂഡല്‍ഹിയിലെ അഫ്‌ഗാന്‍ എംബസിയില്‍ താലിബാന്റെ പതാക ഉയര്‍ത്താന്‍ അനുവദിച്ചിട്ടില്ല. പുറത്താക്കപ്പെട്ട പ്രസിഡന്റ്‌ അഷ്‌റഫ്‌ ഘനിയുടെ കാലത്തെ ഇസ്ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ അഫ്‌ഗാനിസ്‌ഥാന്റെ പഴയ പതാകയാണ്‌ ഇപ്പോഴും എംബസിയില്‍.കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഉദ്യോഗസ്‌ഥരും മുത്താഖിയും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ താലിബാന്‍ പതാക പശ്‌ചാത്തലത്തില്‍ ഉപയോഗിച്ചിരുന്നു. ഈ വര്‍ഷമാദ്യം ദുബായില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, മുത്താഖിയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ഉദ്യോഗസ്‌ഥര്‍ നയത്തില്‍ പതാകകള്‍ ഒഴിവാക്കി. എന്നാല്‍, ഇത്തവണ ഡല്‍ഹിയിലാണ്‌ യോഗം. ഉദ്യോഗസ്‌ഥര്‍ക്ക്‌ നയതന്ത്ര വെല്ലുവിളി ഉയര്‍ത്തുന്നതാണ്‌ വിഷയം.

2021-ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ന്യൂഡല്‍ഹി കാബൂളിലെ എംബസി അടച്ചുപൂട്ടിയതാണ്‌.വ്യാപാരം, വൈദ്യസഹായം, മാനുഷിക സഹായം എന്നിവ മുന്‍നിര്‍ത്തി ഒരു വര്‍ഷത്തിനുശേഷം ഇന്ത്യ ചെറിയ ദൗത്യം ആരംഭിക്കുകയായിരുന്നു.മുത്താഖിയുടെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ മാനം നല്‍കുമെന്ന്‌ പ്രതീക്ഷിക്കുന്നു. തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം കൈമാറാന്‍ താലിബാന്‍ ഭരണകൂടത്തോട്‌ യു.എസ്‌ പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപ്‌ ആഹ്വാനം ചെയ്‌ത പശ്‌ചാത്തലത്തില്‍ പ്രത്യേകിച്ചും. അഫ്‌ഗാന്‍ മണ്ണില്‍ വിദേശ സൈനിക അടിസ്‌ഥാന സൗകര്യങ്ങള്‍ വിന്യസിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യയും റഷ്യയും ചൈനയും മറ്റ്‌ ഏഴ്‌ രാജ്യങ്ങളും എതിര്‍ത്തിട്ടുമുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക