എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്നാല്‍, റെയില്‍വേയുടെയോ കേന്ദ്ര സർക്കാരിൻ്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.ട്രെയിൻ അനുവദിച്ച വിവരം നന്ദിയറിയിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. ‘എറണാകുളത്തുനിന്നും തൃശൂർ, പാലക്കാട് വഴി ബെംഗളൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി’ അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം:
നന്ദി മോദി!എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബെംഗലൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി. ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബെംഗലൂരു. അവിടേയ്ക്ക് കേരളത്തില്‍ നിന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ഒരു മാസം മുൻപ് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ജിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു. നവംബർ പകുതിയോടെ ഈ ട്രെയിൻ സർവ്വീസ് തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ ഉല്‍സവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല, മറ്റ് ഗതാഗത മാർഗങ്ങള്‍ തേടുന്നവർക്ക് അമിത യാത്രാക്കൂലിയും നല്‍കേണ്ടി വരുന്നുണ്ട്.പുതിയ വന്ദേഭാരത് സർവ്വീസ് ബെംഗലൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും. കേരളത്തിന്റെ സമഗ്ര വികസനം മുന്നില്‍ക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സർക്കാരിന് ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.













