കഴിഞ്ഞ ഒന്നര വർഷമായി വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഏകദേശം 860 രൂപ മുതല്‍ 880 രൂപ വരെയാണ് കേരളത്തില്‍ വിവിധ ജില്ലകളിലെ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില കുറച്ചത് 2024 മാർച്ച്‌ എട്ടിനായിരുന്നു. വനിതാദിനത്തില്‍ വീട്ടമ്മമാർക്കുള്ള സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്.

വാണിജ്യ സിലിണ്ടറിന് വില തുടർച്ചയായി കുറച്ചെങ്കിലും വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വില മാറ്റിയില്ല.എണ്ണക്കമ്ബനികളുടെ കണക്കുപ്രകാരം കേരളത്തിലുള്ളത് ഒരുകോടിയോളം എല്‍പിജി ഉപഭോക്താക്കള്‍.പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴില്‍ മാത്രം മൂന്നുലക്ഷത്തോളം പേരുണ്ട്. അതുകൊണ്ടുതന്നെ ഗാർഹിക സിലിണ്ടറിന് വില വർദ്ധിച്ചാല്‍ അത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും. എന്നാല്‍ വില വരും നാളുകളില്‍ കൂടുന്നതിന് പകരം കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതിന് കൃത്യമായ കാരണവുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടുതല്‍ ഇറക്കുമതി: അമേരിക്കയില്‍ നിന്ന് ദീർഘകാലത്തേക്ക് ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) ഇറക്കുമതി ചെയ്യാൻ ഇന്ത്യ ആലോചിക്കുന്നതായാണ് സൂചന. ബ്ലൂംബെർഗിന് ലഭിച്ച ടെൻഡർ രേഖ പ്രകാരം, 2026 ഓടെ അമേരിക്കയില്‍ നിന്ന് ഏറ്റവും വലിയ മൂന്ന് എല്‍പിജി കാരിയറുകളെ ഏറ്റെടുക്കാൻ പൊതുമേഖലാ എണ്ണക്കമ്ബനികളായ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎല്‍), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്‌പിസിഎല്‍) എന്നിവർ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.മൂന്ന് കമ്ബനികളും സംയുക്തമായി 331 ദശലക്ഷത്തിലധികം ഗാർഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ നിലവില്‍ 60% ത്തിലധികം വാതകവും ഇറക്കുമതി ചെയ്യുന്നതാണ്.

സൗദി അറേബ്യ പോലുള്ള മിഡില്‍ ഈസ്റ്റേണ്‍ വിതരണക്കാരുമായി ഇന്ത്യയ്ക്ക് ദീർഘകാല കരാറുകളുണ്ടെങ്കിലും യുഎസുമായുള്ള കരാർ സംഭവിച്ചാല്‍ അത് വലിയ നേട്ടമാണ്.യുഎസ്-ചൈന വ്യാപാര യുദ്ധം ആഗോളതലത്തില്‍ പാചക വാതകത്തിന്റെയും പെട്രോകെമിക്കല്‍ ഫീഡ്‌സ്റ്റോക്കുകളുടെയും വിതരണത്തെ തടസ്സപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കമ്ബനികളുടെ പുതിയ നീക്കം. യുഎസ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്ന ചൈന, മിഡില്‍ ഈസ്റ്റേണ്‍ വിതരണക്കാരിലേക്ക് തിരിഞ്ഞു. ഇത് ഇന്ത്യയ്ക്ക് യുഎസില്‍ നിന്ന് സ്ഥിരമായ കയറ്റുമതി നേടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നു.

മിഡിൽ ഈസ്റ്റ് ഉത്പാദകർ വില കുറയ്ക്കാൻ ആലോചിക്കുന്നു? മിഡില്‍ ഈസ്റ്റേണ്‍ ഉല്‍പ്പാദകർ പ്രത്യേകിച്ച്‌ സൗദി അറേബ്യ ഇന്ത്യൻ വിപണിയില്‍ തങ്ങളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനായി എല്‍പിജി വില കുറയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അനുകൂലമായ വിലനിർണ്ണയത്തിലേക്ക് നയിച്ചേക്കാമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.യുഎസില്‍ നിന്നുള്ള മതിയായ വിതരണവും തുടർച്ചയായ ഇറക്കുമതിയും ഉണ്ടെങ്കില്‍, ഇന്ത്യയിലെ എല്‍പിജി വില സ്ഥിരമായി തുടരുമെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. യുഎസില്‍ നിന്നുള്ള ഒരു ദീർഘകാല വിതരണ കരാർ ഉയർന്നതും തടസ്സമില്ലാത്തതുമായ ഇറക്കുമതി ഉറപ്പാക്കും, ഇത് ആഭ്യന്തര ഉപയോക്താക്കള്‍ക്ക് വില സ്ഥിരത നിലനിർത്താൻ സഹായിക്കും. അതേസമയം രൂപയുടെ ഏറ്റക്കുറച്ചിലുകള്‍, അന്താരാഷ്ട്ര താരിഫുകള്‍, വിശാലമായ വിപണി സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വിലകളെ സ്വാധീനിച്ചേക്കാം. എന്നിരുന്നാലും, ഉയർന്നുവരുന്ന യുഎസ്-എല്‍പിജി കരാർ വിലക്കയറ്റത്തെ പിടിച്ച്‌ നിർത്തും. അങ്ങനെ സംഭവിച്ചാല്‍ എല്ലാവരും ഡബിള്‍ ഹാപ്പി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക