പി. എം സ്വനിധിയിലൂടെ തൃശ്ശൂരിലെ വഴിയോര കച്ചവടക്കാർക്ക് സാമ്ബത്തിക വളർച്ചയുടെ പുതിയ ചുവടുവെപ്പ്. പദ്ധതിയുടെ ഭാഗമായി തൃശൂരില്‍ 8,919 വായ്പകളാണ് വിതരണം ചെയ്തത്. 11.79 കോടി രൂപയാണ് വായ്പകളുടെ ആകെ മൂല്യം. 29 ലക്ഷം രൂപ പലിശ സബ്സിഡിയും 20 ലക്ഷം രൂപ ഡിജിറ്റല്‍ ക്യാഷ്ബാക്കായും വ്യാപാരികള്‍ക്ക് ലഭിച്ചു. അടുത്ത ഘട്ടമായി 10,643 കച്ചവടക്കാരെ കൂടി വായ്പ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
രാജ്യത്ത് പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. 2020 ജൂണിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി 2030 വരെ നീട്ടിയിട്ടുണ്ട്. യാതൊരു ഈടും കൂടാതെയാണ് വായ്പകള്‍ നല്‍കുന്നത്. മിക്കപ്പോഴും ആവശ്യമായ ഈട് നല്‍കാൻ ഇല്ലാത്തതിനാല്‍ ഇത്തരം കച്ചവടക്കാർ പണത്തിനായി വട്ടിപ്പലിശക്കാരെയാണ് ആശ്രയിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിലാണ് പിഎം സ്വനിധിയുടെ പ്രാധാന്യം. തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാർഡ്, ആധാർ കാർഡ് എന്നിവയാണ് വായ്പയ്‌ക്ക് ആവശ്യമായ രേഖകള്‍.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 10,000 രൂപയുടെ ആദ്യഘട്ട വായ്പ 15,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. 20,000 രൂപയുടെ രണ്ടാംഘട്ട വായ്പ 25,000 രൂപയാക്കി വർധിപ്പിച്ചു. മൂന്നാം ഘട്ടത്തില്‍ അരലക്ഷമാണ് വായ്പ. കൂടാതെ ഉപയോക്തക്കള്‍ക്ക് 30,000 രൂപവരെ വരെ ക്രെഡിറ്റ് പരിധിയുള്ള യുപിഐ സൗകര്യമുള്ള ക്രെഡിറ്റ് കാർഡുകള്‍ ലഭിക്കും. റീട്ടെയില്‍ ഇടപാടുകള്‍ക്ക് പരമാവധി 1,200 രൂപ ക്യാഷ്ബാക്കും, ഹോള്‍സെയില്‍ കച്ചവടങ്ങള്‍ക്ക് 400 രൂപ ക്യാഷ്ബാക്കും കിട്ടും. സാമ്ബത്തിക, ഡിജിറ്റല്‍ സാക്ഷരത, ഇ-കൊമേഴ്‌സ്, പാക്കേജിംഗ്, ഭക്ഷ്യസുരക്ഷ, ശുചിത്വം തുടങ്ങിയ മേഖലകളില്‍ പരിശീലന പരിപാടികളും ലഭ്യമാക്കുന്നുണ്ട്.

















